ഇതാണ് കട്ട ഹീറോയിസം...
നമ്മുടെ നാട്ടിൽ പണ്ടൊക്കെ ജനപ്രതിനിധികൾ എന്നുപറഞ്ഞാൽ വളരുന്ന തലമുറയ്ക്ക് മാതൃകയാക്കാൻ പറ്റുന്നവരായിരുന്നു. അവരുടെ ആദർശങ്ങളും, ചിന്തകളും വലിയൊരു വിഭാഗം ജനതയെ ആകർഷിച്ചത് കൊണ്ടാണ് അവർ ജനനേതാക്കളായി മാറിയത്. പക്ഷെ സ്വാതന്ത്ര്യം ലഭിച്ച് കാലം കുറേ മുന്പോട്ട് പോയപ്പോൾ രാഷ്ട്രീയക്കാരെന്നാൽ കള്ളന്‍മാരും, വഞ്ചകൻമാരും, ആദർശം തൊട്ട് തെറിച്ചിട്ടില്ലാത്തവരുമായി മുദ്ര കുത്തപ്പെട്ടു. നൂറിൽ ഒരാൾ ഇതൊക്കെ ചെയ്യുന്പോൾ നിഷ്ങ്കളങ്കരായ ബാക്കിയുള്ളവരുടെ ദേഹത്തും അതിന്റെ അഴുക്ക് ഒരുപോലെ വാരിതേയ്ക്കപ്പെട്ടു എന്ന് സാരം. ഉദ്യോഗസ്ഥ വർഗ്ഗത്തിലും സമാനമായ സ്ഥിതിയുണ്ടായിട്ടുണ്ട്. പദവിയും, കസേരയും അവനവന്റെ ആത്മസുഖത്തിന് എന്ന തരത്തിൽ ഉപയോഗിക്കപ്പെട്ടപ്പോൾ രാഷ്ട്രീയക്കാരോടും, ഉദ്യോഗസ്ഥരോടും ഒരുപോലെ സമൂഹത്തിന് പുച്ഛം തോന്നിതുടങ്ങി.
എന്നാൽ നമ്മുടെ നാട്ടിൽ സമീപ കാലത്തുണ്ടായി വരുന്ന ചില ചലനങ്ങൾ ഏറെ പ്രസക്തവും ശ്രദ്ധേയവുമാണെന്ന് പറയാതിരിക്കാൻ വയ്യ. അതിലൊന്നായിരുന്നു പുതിയ വിദ്യാഭ്യാസ വർഷത്തിൽ തങ്ങളുടെ മക്കളെ സർക്കാർ സ്കൂളിൽ തന്നെ പഠിപ്പിക്കാൻ തീരുമാനമെടുത്ത എംബി രാജേഷ്, വിടി ബാൽറാം, ടിവി രാജേഷ് എന്നിവരുടെ പ്രവർത്തികൾ. സ്വന്തം മക്കളെ തന്നെ ആരും രാഷ്ട്രീയലാഭത്തിനോ പ്രശസ്തിക്കോ വേണ്ടി കുരുതി കൊടുക്കില്ലെന്ന് പൊതുവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് തന്നെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷ മന്ത്രിസഭയുടെ പ്രഖ്യാപിത നയങ്ങളിൽ ഒന്നായ പൊതുവിദ്യഭ്യാസ, വിദ്യാലയ സംരക്ഷണ ശ്രമങ്ങളുടെ ഭാഗമായി എംബി രാജേഷും, ടിവി രാജേഷും സ്വാഭാവികമായി ഈ ഒരു തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കാമായിരുന്നെങ്കിലും പ്രതിപക്ഷത്തുള്ള വിടി ബൽറാമും ഇത്തരമൊരു നിലപാട് എടുക്കുന്പോൾ അത് തികച്ചും ശ്ലാഖനീയമായ പ്രവർത്തിയായി മാറുന്നു. സോഷ്യൽ മീഡിയകളിലൂടെ നിറഞ്ഞു നിൽക്കുന്ന ഈ യുവ എംഎൽഎമാർക്ക് ഓൺലൈനിൽ മാത്രമല്ല, യത്ഥാർത്ഥ ജീവിതത്തിലും തങ്ങൾക്ക് കട്ടഹീറോയിസം കാണിക്കാന്‍ സാധിക്കുമെന്നും തെളിയിച്ചിരിക്കുന്നു.
ഇങ്ങിനെയൊക്കെ ആണെങ്കിൽ പോലും വിദ്യാഭ്യാസ വർഷം ആരംഭിക്കുന്പോൾ നാട്ടിലെ ദരിദ്രനാരായണന്‍മാരുടെ വീട്ടിലേയ്ക്ക് മാത്രം പിള്ളേരെ തപ്പി ഇറങ്ങുന്ന അദ്ധ്യാപകന്‍മാർ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. അടുപ്പിൽ പുകയില്ലാത്തവരുടെ മക്കൾക്ക് ഒരു നേരമെങ്കിലും ഭക്ഷണം കൊടുത്ത് തങ്ങളുടെ ജോലി കളയാതെ നോക്കാൻ അവർ ആവത് ശ്രമിക്കുന്നു. ഈ പെടാപ്പാടിന് പകരം കുറച്ച് നേരത്തേ തന്നെ തങ്ങൾ ജോലി ചെയ്യുന്ന വിദ്യാലയത്തെ നമ്മുടെ നാട്ടിലെ ജനം ആഗ്രഹിക്കുന്നത് പോലെയുള്ള പഠനകേന്ദ്രങ്ങളാക്കി മാറ്റുമെങ്കിൽ യുവ എംഎൽഎ മാരുടെ വഴിയെ ഈ സമൂഹത്തിലെ മിക്ക രക്ഷിതാക്കളും സഞ്ചരിക്കുമെന്നുറപ്പാണ്. എന്ത് കൊണ്ട് സ്വകാര്യ മേഖലയിലെ സ്കൂളുകളിലേയ്ക്ക് കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ പരക്കം പായുന്നു എന്ന ചിന്തയുണ്ടാകേണ്ടത് സർക്കാർ മേഖലയിൽ വിദ്യ പകർന്ന് നൽകുന്ന അദ്ധ്യാപകരും, അതുപോലെ തന്നെ പഠനമികവിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കാൻ ബാധ്യസ്ഥരായ വിദ്യാഭ്യാസ മന്ത്രാലയവുമാണ്. എന്തായാലും ഈ മേഖലയിൽ അൽപ്പാൽപ്പമായി നടക്കുന്ന പുരോഗതിയിൽ സന്തോഷം രേഖപ്പെടുത്തുന്നതിനോടൊപ്പം രാഷ്ട്രീയത്തിലെ ഈ നവ യുവത്വങ്ങൾക്ക് അഭിനന്ദനങ്ങളും അറിയിക്കട്ടെ...