‘ഗോ’ സാമി


പ്രദീപ് പുറവങ്കര

ടെലിവിഷൻ‍ മാധ്യമങ്ങൾ‍ എന്നാൽ‍ എന്തിന്റെയും വിധി നിർ‍ണ്ണയിക്കുന്നവരാണെന്ന അബദ്ധ ധാരണയുടെ ഇന്നത്തെ കാലത്തെ പ്രതിനിധിയാണ് ഇന്ത്യയിലെ ടിവി അവതാരകൻ‍ അർ‍ണബ് ഗോസാമി. വാർ‍ത്താചാനലിലെ അവതാരകൻ വെറുതെ വാർ‍ത്ത വായിച്ച് പോകുന്നയാൾ‍ മാത്രമാകരുതെന്നും, പകരം സൂര്യന് താഴെയുള്ള എന്തിനെ പറ്റി ഏത് ഉറക്കത്തിലും വിളിച്ച് ചോദിച്ചാൽ‍ അപ്പോൾ‍ തന്നെ ഉത്തരം പറയാൻ‍ സാധിക്കുന്ന സർ‍വവിജ്ഞാനകോശമാകണമെന്നും ഇദ്ദേഹമടക്കമുള്ള അവതാരങ്ങൾ‍ സമൂഹത്തെ പറഞ്ഞ് മനസിലാക്കിയിരിക്കുന്നു. ഇങ്ങിനെ മൊത്തം സമൂഹത്തിന്റെ പ്രതിനിധികളായി തങ്ങളെയാണ് ആരെയും ചോദ്യം ചെയ്യാനുള്ള അവകാശം ഏൽ‍പ്പിച്ചിരിക്കുന്നതെന്ന രീതിയിൽ‍ മുന്പിൽ‍ ആര് വന്നിരുന്നാലും അവരെ വാക് ശരങ്ങൾ‍ കൊണ്ട് കീറി മുറിച്ച് തുണ്ടം തുണ്ടമാക്കി ഇടുക എന്ന ക്വട്ടേഷൻ‍ ജോലിയാണ് ഓരോ ദിവസവും ഇവർ‍ നിർ‍വ്വഹിച്ചു വരുന്നത്. 

കഴിഞ്ഞ ദിവസം പാലക്കാട് നിന്നുള്ള ജനപ്രതിനിധിയായ എംബി രാജേഷിനോട് അർ‍ണബ് ഗോസാമി നടത്തിയ പ്രതികരണം മാത്രമല്ല ഈ കുറിപ്പിന് ആധാരം. മറിച്ച് പ്രത്യേകിച്ച് റിപ്പബ്ലിക്ക് ചാനൽ‍ ആരംഭിച്ചത് മുതൽ‍ ഇൻ‍വെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ പേരിൽ‍ അദ്ദേഹം ഓരോദിവസവും കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ‍ തെറ്റായ സന്ദേശങ്ങളാണ് മാധ്യമപ്രവർ‍ത്തനത്തിലേയ്ക്ക് തിരിയാൻ‍‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് നൽ‍കുന്നതെന്ന് പറയാതെ വയ്യ. 

ഒരു സംഭവത്തിനെ ഏകപക്ഷീയമായി കണ്ട് വാദിയെ വരെ പ്രതിയാക്കി മാറ്റുന്നതല്ല മാധ്യമപ്രവർ‍ത്തനം എന്ന് ഇദ്ദേഹം തീരെ മറന്നുപോകുന്നു. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മാധ്യമസ്ഥാപനത്തിന് അജണ്ടകൾ‍ ഉണ്ടെങ്കിൽ‍ അത് തുറന്ന് പറഞ്ഞ് മുന്പോട്ട് പോകുകയാണെങ്കിൽ‍ തീർ‍ച്ചയായും അതിൽ‍ ഒരന്തസുണ്ട്. പകരം ആരോടൊക്കെയോ അച്ചാരം വാങ്ങി പക തീർ‍ക്കുന്നത് പോലെ ഒരു വശം മാത്രം ചേർ‍ന്ന് നിന്ന് കൊണ്ട് മറുവശം ഇരിക്കുന്നവന് സംസാരിക്കാൻ‍ പോലുമുള്ള അവകാശം നിക്ഷേധിച്ച് നടത്തുന്ന പ്രവർ‍ത്തനത്തെ ന്യായീകരിക്കാൻ‍ ആർ‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല. 

ശരിയാണ്, പറഞ്ഞ് വരുന്പോൾ‍ ടെലിവിഷനിൽ‍ വരുന്നതൊക്കെയും ഷോകളാണ്, കെട്ടുകാഴ്ച്ചകളാണ്. പരസ്യങ്ങൾ‍ക്കിടയിൽ‍ പ്രേക്ഷകനെ എന്റെർ‍ടെയിൻ ചെയ്യാനുള്ള അവസരങ്ങളാണ്. പ്രേക്ഷകന്റെ കൈയിലെ റിമോട്ട് കണ്ട്രോളിൽ‍ വിരലമർ‍ത്താൻ‍ സമ്മതിക്കാതെ അവനെ പിടിച്ചു നിർ‍ത്തുകയാണ് അവതാരകന്റെ മുഖ്യലക്ഷ്യവും. അതിന് വേണ്ടി ചിലന്തിവലയിൽ‍ വീണ് പോകുന്ന പ്രാണികളെ പോലെ പിടഞ്ഞ് വീഴുന്ന രാജേഷുമാർ‍ ഇനിയെങ്കിലും ഇത്തരം ചതികുഴികളെ ശ്രദ്ധിക്കുമെന്ന വിശ്വാസത്തോടെ...

You might also like

Most Viewed