വീണ്ടും ഒരു പഠനകാലം എത്തുമ്പോൾ
പ്രദീപ് പുറവങ്കര
അങ്ങിനെ ഒരു മെയ് മാസം കൂടി അവസാനിക്കുന്നു. കേരളത്തിൽ പുതിയ വിദ്യാലയവർഷം ആരംഭിക്കാൻ പോകുന്നു. നാട് മുഴുവൻ കുട്ടികൾക്കായുള്ള ബാഗും, പുസ്തകങ്ങളും, വാങ്ങാനുള്ള ഓട്ടപ്പാച്ചിലിലാണ്. സ്കൂളിന്റെ ചുവരുകൾക്ക് ചായമടിച്ചും, പരിസരം വൃത്തിയാക്കിയും, തോരണങ്ങൾ തൂക്കിവെച്ചും, കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സ്വകാര്യ ഗവണ്‍മെന്റ് മേഖലകളിലെ സ്കൂളുകൾ. പലയിടത്തും മഴ പതിവ് പോലെ ചാറി തുടങ്ങിയിരിക്കുന്നു. ആദ്യ ദിവസത്തെ കാലാവസ്ഥ മഴയിൽ കുതിരുമെന്ന് തന്നെയാണ് ഇത്തവണയും പ്രവചനം.
മനസിൽ കുട്ടിത്തത്തെ തിരികെ കൊണ്ടുവരാൻ ഈ വിദ്യാലയ പ്രവേശന ഉത്സവ ഒരുക്കങ്ങൾ സഹായിക്കുന്നുണ്ടെങ്കിലും, കുട്ടികളുടെ നേർക്കുള്ള അക്രമങ്ങളുടെ വാർത്തകൾ ഏറുന്ന സാഹചര്യങ്ങൾ ആരെയും ആശങ്കപ്പെടുത്തുന്നവയാണ്. കഴിഞ്ഞ അദ്ധ്യയന വർഷം ആരിലും ഭീതി ജനിപ്പിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളായിരുന്നു കുട്ടികളുടെ നേരെ ഉണ്ടായിരുന്നത്. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെ പോലും സംശയിക്കാൻ ഇടവരുത്തുന്ന തരത്തിലായിരുന്നു ഈ വാർത്തകൾ നമ്മുടെ മുന്പിൽ എത്തിയിരുന്നത്. ചെറിയ കുഞ്ഞുങ്ങളെ പീഢിപ്പിച്ച സംഭവങ്ങളിലും സ്വന്തം വീട്ടിലെ ബന്ധുക്കൾ തന്നെ പ്രതികളായി മാറുന്ന അവസ്ഥയും ഉണ്ടായി. സംഭവിക്കുന്ന ഇത്തരം ലജ്ജാകരമായ പ്രവർത്തികളിൽ വളരെ കുറച്ചെണ്ണം മാത്രമാണ് നമ്മുടെ മുന്പിൽ എത്തുന്നത്. ബാക്കിയുള്ളവ തേച്ചു മായ്ച്ചു കളയപ്പെടുന്നു.
പലതരം കാരണങ്ങൾ ഇത്തരം വേദനിപ്പിക്കുന്ന വാർത്തകളുടെ പിന്നിലുണ്ടെന്ന് എല്ലായ്പ്പോഴും നമ്മൾ പരസ്പരം പറയുന്നു. രക്ഷിതാക്കളുടെ സമയമില്ലായ്മ, അണുകുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധികൾ, സാങ്കേതിക വിദ്യകളുടെ ധാരാളിത്തം, തുടങ്ങിയവയൊക്കെ ഇതിൽ പെടുന്നു. തൊട്ടപ്പുറത്തെ വീട്ടിൽ നടക്കുന്ന പീഢനങ്ങളെ സ്വാഭാവികമായി കാണുന്ന നമ്മൾ സ്വന്തം വീട്ടിൽ ഇതൊന്നും നടക്കില്ലെന്ന ധാരണയും വെച്ചു പുലർത്തുന്നു.
എന്തായാലും ഈ അദ്ധ്യയന വർഷം ഇത്തരം വാർത്തകളുടെ എണ്ണത്തിൽ വലിയൊരു കുറവുണ്ടാകണമെന്ന ആഗ്രഹത്തോടെ, പ്രവേശനതോത്സവത്തിന് തയ്യാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും, അദ്ധ്യാപകർക്കും സ്നേഹം നിറഞ്ഞ ആശംസകൾ അറിയിക്കട്ടെ...