സമരം ആഭാസമായി മാറുന്പോൾ...
പ്രദീപ് പുറവങ്കര
നമ്മുടെ നാട്ടിൽ ഓരോ തവണയും പല കാര്യങ്ങൾക്കുമായി നിരോധനം ഏർപ്പെടുത്തുന്പോൾ അതിൽ മിക്കതും ജനാധിപത്യത്തിന്റെ ധ്വംസനമായിട്ട് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ വസിക്കുന്ന ഒരാളെന്ന നിലയിൽ എനിക്കും തോന്നാറുള്ളത്. അതേസമയം ഓരോ തവണയും ഇത്തരം നിരോധന ഉത്തരുവകൾ നടപ്പിലാക്കുന്പോൾ അതിനെതിരെ ഉണ്ടാക്കുന്ന ജനരോക്ഷവും, സമര രീതികളും പലപ്പോഴും തെറ്റായി പോകുന്നുണ്ടോ എന്ന സംശയവും ഇല്ലാതില്ല.
സദാചാര ഗുണ്ടായിസത്തിനെതിരെ നടുറോഡിൽ ചുംബനസമരം നടത്തി പ്രതിക്ഷേധിച്ചതും, ഗോ വധ നിരോധനത്തിനെതിരെ ബീഫ് ഫെസറ്റിവൽ നടത്തി പ്രതിക്ഷേധിച്ചതും, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പൊതുഇടങ്ങളിലെ കശാപ്പിനെതിരെ കാളകൂറ്റന്മാരെ നടുറോഡിൽ വെട്ടിക്കൊന്ന് എതിർപ്പ് പ്രകടിപ്പിച്ചതുമൊക്കെ ഒരു തരം സമരാഭാസമായിട്ടാണ് നിരോധനങ്ങളെ മനസ് കൊണ്ട് എതിർക്കുന്ന വലിയൊരുശതമാനം പേരും നോക്കികാണുന്നത്. എങ്ങിനെ സമരം ചെയ്യണമെന്ന് പോലും മറന്നുപോകുന്ന ജനതയായി പലപ്പോഴും നമ്മൾ മാറുന്നു എന്നതാണ് ഇത്തരം സമരങ്ങൾ നമ്മോട് വിളിച്ച് പറയുന്നത്.
ഓരോ സമരവും നിരോധനങ്ങളെ വെല്ലുവിളിക്കുന്നത് മാത്രമല്ല, മറിച്ച് നേരത്തേ എന്ത് ചെയ്തുവോ അതിന്റെ എത്രയോ ഇരട്ടി ചെയ്തു കാണിക്കുക എന്നത് കൂടിയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം കശാപ്പിനെതിരെ നിയമം വന്നത് മുതൽ നമ്മുടെ നാട്ടിലെ കന്നുകാലികളുടയൊക്കെ ജീവൻ അപകടത്തിലായിരിക്കുകയാണ്. സമരത്തിന് വേണ്ടി കാണിക്കാനെങ്കിലും, മൂരിക്കുട്ടന്മാരെ നേതാക്കൾ തന്നെ കത്തിയ്ക്കിരിയാക്കുന്നു. ഇങ്ങിനെ എന്തെങ്കിലും ഒരു പ്രത്യേക സംഭവം വികസിക്കണമെങ്കിൽ അതിനെ നിരോധിച്ചാൽ മതിയെന്ന് ഓരോ സമരങ്ങളും നമ്മളോട് വിളിച്ച് പറയുന്നു. ഇറച്ചി കഴിക്കാത്തവർ കൂടി ഇറച്ചി കഴിക്കാൻ തയ്യാറെടുക്കുന്നതും ഇതേ കാരണം കൊണ്ട് തന്നെ. ഇത് കാണുന്പോൾ തോന്നുന്ന ഒരു കാര്യം മറ്റ് ചിലത് കൂടി സർക്കാർ നിരോധിച്ചാൽ നന്നായിരിക്കുമെന്നാണ്. അതിൽ ചിലത് താഴെ പറയുന്നതാണ്.
പൗരമാർ സ്കൂളിലോ, കോളേജിലോ പോകുന്നത് നിരോധിക്കുക. ഈ നിരോധനത്തിനെതിരെ പ്രതിക്ഷേധിച്ച് എല്ലാവരും വിദ്യാഭ്യാസം നേടാൻ ശ്രമിക്കും. മരം നടീൽ കർമ്മങ്ങളെ രാജ്യദ്രോഹമാണെന്ന് പ്രഖ്യാപ്പിക്കുക. എല്ലാവരും കൂടി മരങ്ങൾ നട്ട് വലിയ കാടുകൾ വരെ നമുക്ക് ഉണ്ടാക്കാൻ സാധിച്ചേക്കും. മതകാര്യാലയങ്ങളിൽ പാവപ്പെട്ടവർക്ക് ഭക്ഷണം നൽക്കുന്നത് നിരോധിക്കുക. എല്ലാവരും കൂടി മത്സരിച്ച് ഭക്ഷണം കൊടുത്തു പാവപ്പെട്ടവരുടെ വയറ് നിറച്ചോളും. നോ പാർക്കിങ്ങ് സോണിൽ കാർ പാർക്ക് ചെയ്തും, ഇവിട തുപ്പരുത് എന്ന് ബോർഡുള്ള സ്ഥലത്ത് തന്നെ വീട്ടിലെ എല്ലാ മാലിന്യങ്ങളും കൊണ്ടിടാൻ പരിശീലിച്ചിട്ടുള്ള നമുക്ക് നിരോധനം എന്ന് പറഞ്ഞാൽ പുല്ലുവിലയാണെന്ന് ഇനിയും ബഹുമാനപ്പെട്ട കേന്ദ്രം മനസിലാക്കാനിരിക്കുന്നതേയുള്ളൂ...