വേണ്ടത് ആരോഗ്യമുള്ള സമൂഹം..
പ്രദീപ് പുറവങ്കര
അങ്ങിനെ ഇന്ത്യാ മഹാരാജ്യത്ത് ഒരു നിരോധനത്തിന് കൂടി പച്ചക്കൊടി ലഭിച്ചിരിക്കുന്നു. വൃത്തിഹീനമായ വഴിവക്കുകളിൽ നടക്കുന്ന മാംസക്കച്ചടവും വളർത്തു മൃഗങ്ങളെ അറക്കാനായി ചന്തകളിൽ വിൽപ്പന നടത്തുന്നതിനുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മൃഗസ്നേഹികൾ സുപ്രീകോടതിയിൽ കൊടുത്ത കേസുമായി ബന്ധപ്പെട്ട് കോടതി തന്നെ സർക്കാരിന് നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്തു കൊണ്ടുള്ള ഓർഡിനൻസാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ മിക്കതും അബദ്ധജടിലമാണെന്ന് പറയാതെ വയ്യ. മിക്കവരും ഉദ്ദേശിക്കുന്നത് പോലെ ഈ ഓർഡിനൻസിലൂടെ ഗോവധമോ ബീഫ് വിൽപ്പനയോ നിരോധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
പലപ്പോഴും നമ്മുടെ നാട്ടിൽ കൃഷിയാവശ്യത്തിനും മറ്റുമായി വളർത്തുന്ന കന്നുകാലികളെ അവയുടെ ആരോഗ്യം ക്ഷയിച്ച് രോഗാതുരമായ അവസ്ഥയിലാണ് മിക്ക കർഷക കുടുംബങ്ങളും ചന്തകളിലേക്കോ ഇടനിലക്കാർക്കോ ഇതിനെ വിൽക്കുന്നത്. ഇവയിൽ വലിയൊരു ഭാഗം മൃഗങ്ങളും എത്തിപ്പെടുന്നത് അനധികൃതമായി പ്രവർത്തിക്കുന്ന അറവ് ശാലകളിലാണ്. വളരെ വൃത്തിഹീനമായി കിടക്കാറുള്ള ഇവിടങ്ങളിൽ വെച്ച് കന്നുകാലികളുടെ അറവ് നടക്കുന്പോൾ രോഗാണുക്കൾ നിറഞ്ഞ മാംസഭക്ഷണം തീൻമേശകളിലെത്തുന്നു. ഇത്തരത്തിലുള്ള മാംസം കഴിക്കുന്നതിലൂടെ അത് മാരകമായ രോഗങ്ങൾക്കും ഇതിടവരുത്തുന്നു. അനധികൃതമായ കാലിചിന്തകളിലും അറവുശാലകളിലുമാണ് ഈ ഒരു ഓർഡിനസിലൂടെ യഥാർത്ഥത്തിൽ നിരോധിക്കപ്പെടുന്നത്. അല്ലാതെ മാംസഭക്ഷണമല്ല. ഈ ഒരു രീതിയിൽ ഇതിനെ കാണുകയാണെങ്കിൽ സത്യത്തിൽ മാംസഭുക്കുകൾ വലിയ ആശ്വാസത്തോടെ ഏറ്റെടുക്കേണ്ട ഒരു ഓർഡിനൻസ് ആണിത്. തങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യത്തിന് വേണ്ടി സുരക്ഷിതമായ മാംസഭക്ഷണം ലഭിക്കാൻ ഈ ഒരു ഓർഡിനൻസ് മുഖേന അവസരം ലഭിക്കും. അതേസമയം ഇത്തരമൊരു നിയമം പ്രാബല്യത്തിൽ വരുന്പോൾ, കന്നുകാലികളെ വളർത്തുന്ന കർഷകർക്ക് അവയെ വിൽക്കാനായി അംഗീകൃതമായ അറവ് ശാലകൾ, സർക്കാർ ഉണ്ടാക്കിയതായി വരും. കശുവണ്ടിയും കുരുമുളകും റബ്ബറുമൊക്കെ സംഭരിക്കുന്നതു പോലെ കശാപ്പിനായി കന്നുകാലി സംഭരണകേന്ദ്രങ്ങൾ ഉണ്ടാകണം. ആ കേന്ദ്രങ്ങളിലൂടെ വിപണനം നടത്തുവാൻ. ഇതിന് ഒരു സംവിധാനം വരുന്പോൾ അത് വൻകിട കോർപ്പറേറ്റുകളുടെ കയ്യിൽ മാത്രമായി ഒതുങ്ങുമോ എന്ന ഭയമാണ് ജനസമൂഹത്തിനുള്ളത്. ആ ഒരു ഭയം നിലനിർത്തി കൊണ്ട് തന്നെ ആരോഗ്യം നിറഞ്ഞ സമൂഹം ഉണ്ടാകാൻ ഈ ഓർഡിനൻസിന് കഴിയട്ടെ എന്നാശംസിക്കുന്നു.