മോഡി സർക്കാർ മുന്നോട്ടോ ?
പ്രദീപ് പുറവങ്കര
കേരളത്തിൽ ഇടതു സർക്കാർ അധികാരത്തിലെത്തി ഇന്നലെ ഒരു വർഷം പിന്നിടുന്പോൾ ഇന്ന് രാജ്യത്ത് ബിജെപി ഭരണത്തിലേറിയിട്ട് മൂന്ന് വർഷം പിന്നിടുകയാണ്. രാജ്യഭരണവും സംസ്ഥാന ഭരണവും രണ്ടും രണ്ട് തട്ടിലാണെന്നിരിക്കെ ഒരു രാഷ്ട്രീയ പാർട്ടിക്ക് അതത് സ്ഥലങ്ങളിൽ ലഭിക്കുന്ന സ്വീകാര്യതയാണ് ആയിടങ്ങളിൽ ഭരണം ലഭിക്കാൻ ഉതകുന്ന സാഹചര്യം. രാജ്യത്ത് നിലവിൽ കേരളത്തിലും ത്രിപുരയിലുമാണ് സിപിഎം നേതൃത്വം നൽകുന്ന മന്ത്രിസഭ ഭരിച്ചു പോരുന്നത്. അഞ്ച് വർഷത്തെ കാലാവധിയാണ് രാജ്യത്തായാലും സംസ്ഥാനത്തായാലും ഒരു പാർട്ടിക്ക് ഭരിക്കാനുള്ള സമയം. ഇതിൽ മികച്ച ഭരണം കാഴ്ചവെച്ചാൽ ജനം തുടരാൻ അനുവധിക്കും, ഇല്ലെങ്കിൽ തള്ളി താഴെയിടും. വിമർശനങ്ങൾ ഒട്ടനവധി നേരിടുന്നുണ്ടെങ്കിലും ഉത്തർ പ്രദേശിലും, ഉത്തരാഖണ്ധിലും ഭരണം പിടിച്ചെടുത്ത് ബിജെപി ശക്തി തെളിയിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് തന്നെയായിരുന്നു മുൻതൂക്കം.
ഇന്ത്യ ഭരിച്ച് മൂന്നു വർഷം പിന്നിടുന്ന മോഡി സർക്കാരിന് മുന്നോട്ട് ഇനി അധിക ദൂരമില്ല അഞ്ച് വർഷം തികയ്ക്കാൻ. പിന്നിട്ട അത്ര ദൂരം വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിന് ഇല്ലെന്നിരിക്കെ മോഡിക്ക് ഭരണം തുടരാൻ കടന്പകളേറെ കടക്കേണ്ടിയിരിക്കുന്നു. അതേസമയം ശക്തി ക്ഷയിച്ച കോൺഗ്രസാണ് പ്രതിപക്ഷത്തെന്നത് ബിജെപിക്ക് ആശ്വസിക്കാവുന്ന കാര്യവുമാണ്. അധികാരത്തിലേറിയാൽ നടപ്പാക്കാം എന്ന് വാഗ്ദാനം ചെയ്ത പല പദ്ധതികളും പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നിരിക്കെ, 2019 ലെ ലോകസഭ തിരഞ്ഞെടുപ്പിലേയ്ക്ക് എത്തുന്പോഴേക്കും സർക്കാർ പലതും ചെയ്ത് തീർത്തേ മതിയാകു, ഇല്ലെങ്കിൽ ഒരുപക്ഷെ വിധി മറ്റൊന്നായേക്കാം.
മുൻകരുതലില്ലാതെ നോട്ട് നിരോധിച്ചതാണ് ഈ മൂന്നു വർഷത്തെ ഭരണത്തിനിടയിൽ മോഡി സർക്കാറിനെ ഏറെ പിടിച്ചു കുലുക്കിയത്. ബിജെപിയുടെ അധികാര പദവി ഉപയോഗിച്ച് പാർട്ടിയുടെ സഹസംഘടനകൾ നടത്തി വരുന്ന വർഗ്ഗീയ പരാമർശങ്ങളും പ്രവർത്തനങ്ങളും സർക്കാരിനെതിരെ വാളോങ്ങാൻ കാരണമാകുന്നുണ്ട്. ഇക്കഴിഞ്ഞ മൂന്നു വർഷത്തെ ഭരണത്തിൽ സന്പാദിച്ച ചീത്തപ്പേരിൽ വളരെ വലുതായിരുന്നു നോട്ട് നിരോധനം. പണമില്ലാതെ നെട്ടോട്ടമോടിയും പലർക്കും സാന്പത്തിക ബുദ്ധിമുട്ടുകളും ആത്മഹത്യകളും മറ്റും നടന്ന ആ രണ്ട് മാസങ്ങൾ ഒരു അടിയന്തരാവസ്ഥയുടെ പ്രതീതി സൃഷ്ടിച്ചു. സാന്പത്തിക രംഗം മെച്ചപ്പെടാൻ നോട്ട് നിരോധനം കാരണമായെന്നത് വെറും പൊയ്്വാക്കുകളാണെന്ന് വിദഗ്ദ്ധർ ചൂണ്ടികാട്ടിയപ്പോൾ ചിലർ അത് സത്യമാണെന്നും മറ്റു ചിലർ അതിൽ ന്യായമുണ്ടെന്നും വിശ്വസിച്ചു.
രണ്ട് കോടിയിലധികം തൊഴിൽ സാധ്യത വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോഡിക്ക് അത് പാലിക്കാൻ കഴിഞ്ഞിട്ടില്ല. മറിച്ച് ആധാർ കാർഡിലും ആഭ്യന്തര വിഷയങ്ങളായ പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായുള്ള ശത്രുതയിലും, യുദ്ധസമാനമായ കാര്യങ്ങളിലേയ്ക്കുള്ള നീക്കങ്ങളിലും അദ്ദേഹം ശ്രദ്ധപതിപ്പിക്കുന്നു എന്ന് ആരോപണങ്ങളുണ്ട്. കാശ്മീർ വിഷയം മറ്റൊരു തലവേദനയായും സർക്കാരിനെ വലം വെയ്ക്കുന്നു.
വിദേശനയത്തിൽ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള നേട്ടങ്ങൾ നോക്കിയാൽ ഭരണത്തിൽ പുരോഗതി തന്നെയാണ്. ഇന്ത്യയിൽ വിദേശ നിക്ഷേപങ്ങൾ വർദ്ധിക്കുന്നു, തൊഴിലവരങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നു, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം സുദൃ−ഡമാകുന്നു അങ്ങനെ രാജ്യത്തിന്റെ വളർച്ചയ്ക്ക് കാരണമായേക്കാവുന്ന കാര്യങ്ങളും സർക്കാരിന്റെ ഭരണത്തിൽ ഉണ്ട്. മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ ഇതെല്ലാം ഭരണത്തിന്റെ ഭാഗമായി ഉണ്ടായ മാറ്റങ്ങളാണ്. ഇന്ത്യ കുതിപ്പിന്റെ പാതയിലാണെന്ന് മറ്റ് രാജ്യങ്ങൾ വിലയിരുത്തുന്പോൾ മോഡി ഭരണത്തിന് അതൊരു പൊൻതൂവലാണ്. നേട്ടങ്ങളും കോട്ടങ്ങളും തുല്യ അളവിൽ കാണുന്ന ഭരണമെന്ന് മൂന്ന് വർഷം പിന്നിട്ട മോഡിസർക്കാർ ഭരണത്തെ വിലയിരുത്താം. അന്പത് ശതമാനം ശരിയായി പോകുന്നുണ്ടെന്ന അഭിപ്രായം തന്നെ ആശ്വാസകരമാണ്. പക്ഷെ രാജ്യം ഒരു യുദ്ധത്തിലേയ്ക്കോ, വർഗ്ഗീയപരമായ മാറ്റങ്ങളിലേയ്ക്കോ നടന്നു നീങ്ങിയാൽ നാലാം വർഷത്തിലേയ്ക്ക് ചുവടുവെയ്ക്കുന്ന സർക്കാർ ഒറ്റപ്പെടും. ഉണ്ടായ കുറവുകളെല്ലാം നികത്തി സാധാരണക്കാരനൊപ്പം വേർതിരുവുകളില്ലാതെ ഭരിക്കാൻ വരും വർഷങ്ങളിൽ സർക്കാരിന് കഴിയട്ടെ...