സർ­ക്കാർ ഒരു­ വർ­ഷം പി­ന്നി­ടു­ന്പോ­ൾ


പ്രദീപ് പുറവങ്കര 

രാവിലെ കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ പതിവ് ശീലം മറക്കാതെ മലയാളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം കൈക്കലാക്കി. എല്ലാ മുൻനിര പത്രങ്ങളുടേയും ആദ്യ പേജിൽ തന്നെ ഇടതുപക്ഷ സർക്കാരിന്റെ ഒന്നാം വാർഷിക മഹത്വം പരസ്യരൂപേണ നിറഞ്ഞു കിടക്കുന്നു. അകപേജുകളിൽ സർക്കാരിന്റെ പ്രവർത്തന നേട്ടങ്ങളേയും കോട്ടങ്ങളേയും കീറിമുറിച്ച് രാഷ്ട്രീ വിശാരദൻമാർ കൊന്പുകോർക്കുന്നു. ചാനലുകളിലും മറിച്ചായിരിക്കില്ല ഇന്നത്തെ വിേശഷം.

ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തന പരിചയമുള്ള ഇപ്പോഴും കേരളത്തിൽ നല്ല ജനപിന്തുണയുള്ള നേതാവായ പിണറായി വിജയനേയും അദ്ദേഹം നയിക്കുന്ന സർക്കാരിന്റെ പ്രഗത്ഭരായ മന്ത്രിമാരെയും സ്കൂൾ കുട്ടികളായി സങ്കൽപ്പിച്ചുകൊണ്ട് ഒരു പ്രോഗ്രസ് കാർഡ് തയ്യാറാക്കാൻ സാധിക്കില്ലെങ്കിലും ഒരു സാധാരണക്കാരൻ എന്ന നിലയിലുള്ള വിലയിരുത്തലുകൾ മാത്രം ഇവിടെ നടത്തിക്കോട്ടെ.

എല്ലാം ശരിയാക്കാൻ ഒരുവർഷം ഒട്ടും മതിയാകില്ലെന്നത് യാഥാർത്ഥ്യമാണ്. പക്ഷെ തെറ്റുകൾ നടക്കാതെ നോക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വവും. എൽഡിഎഫ് സർക്കാർ അധികാരത്തിലേറി ഒരു വർഷം പിന്നിടുന്പോൾ എല്ലാം ശരിയായോ എന്ന ചോദ്യം വിവേകപരമല്ല. കാരണം തെറ്റികിടക്കുന്നത് ശരിയാക്കിയെടുക്കാൻ വർഷങ്ങൾ വേണം. പക്ഷെ ശ്രമങ്ങൾ, അത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ സർക്കാരിന് വിമർശനങ്ങൾ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട്. ടിപി സെൻകുമാർ, ജിഷ്ണു പ്രണോയ് സംഭവം, കണ്ണൂരിൽ നിലയ്ക്കാത്ത രക്തച്ചൊരിച്ചിൽ, അങ്ങനെ കുറച്ചധികം. അധികാരത്തിലേറി മാസങ്ങൾ പിന്നിടുന്പോഴേയ്ക്കും രണ്ട് മന്ത്രിമാരുടെ രാജി സർക്കാരിനുണ്ടാക്കിയ ചീത്തപേര് കുറച്ചൊന്നുമായിരുന്നില്ല. തെറ്റ് മനസ്സിലാക്കി രാജിവെച്ചെന്ന് പറയാമെങ്കിലും തെറ്റ് തെറ്റ് തന്നെയാണല്ലോ. അത് ഒരിക്കലും ശരിയാകില്ലതാനും.

സാധാരണക്കാരന്റെ കൂടെ നിൽക്കാൻ സർക്കാർ ശ്രമിക്കുന്നു എന്നത് ആശ്വാസകരമായ ഒരു കാര്യമാണ്. അതിൽ പ്രധാനമായി ചൂണ്ടികാണിക്കേണ്ടത് സർക്കാർ അധികാരത്തിൽ എത്തിയശേഷം ക്ഷേമ പെൻഷനുകൾ വീടുകളിൽ എത്തിച്ചു നൽകുന്നു എന്നതാണ്. പെൻഷൻ തന്നെ കെട്ടികിടക്കുന്ന ഒരു സാഹചര്യത്തിൽ നിന്ന് അത് അർഹതപ്പെട്ടവരുടെ വീടുകളിൽ എത്തിക്കാൻ സർക്കാർ കാണിച്ച സൻമനസ്സിനെ നന്ദിയോടെയല്ലാതെ സാധാരണക്കാരന് ഓർക്കാതിരിക്കാൻ കഴിയില്ല. ഈയടുത്ത ദിവസം നടന്ന പട്ടയവിതരണവും വർഷമവസാനിക്കുന്പോൾ സർക്കാർ ചെയ്തൊരു നല്ല കാര്യം കൂടിയാണ്.

കുഴഞ്ഞു മറിഞ്ഞ വിദ്യാഭ്യാസ രീതിയിലെ പ്രധാന മാറ്റമാണ് മറ്റൊന്ന്. അദ്ധ്യയന വർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടു പോലും പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കാത്ത ഒരു സാഹചര്യം പോയ വർഷങ്ങളിൽ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിയിരിക്കെ മിക്ക സ്കൂളുകളിലും പാഠപുസ്തകങ്ങൾ ലഭ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതൊരു വലിയ നേട്ടമാണ്. വിദ്യാഭ്യാസ രംഗത്ത് സർക്കാർ കാണിക്കുന്ന കണിശത അഭിനന്ദനാർഹമാണെന്ന് കൂടെ പറയേണ്ടിയിരിക്കുന്നു.

ആരോഗ്യ രംഗവും ഈ സർക്കാർ പോയ വർഷകൊണ്ട് മെച്ചപ്പെട്ട രീതിയിലാക്കിയിട്ടുണ്ട്. മാതൃ-ശിശുമന്ദിരത്തിന്റെ വിപുലീകരണത്തിനായി ബജറ്റിൽ നീക്കിവെച്ച അഞ്ച് കോടി രൂപ ഉപയോഗപ്പെടുത്തിതുടങ്ങുന്നതായി ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രതിദിനം ആയിരത്തോളം രോഗികൾ ചികിത്സ തേടുന്ന തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന ഒരു രോഗിക്കുപോലും പ്രയാസപ്പെടേണ്ട സാഹചര്യം ഇനി ഉണ്ടാവില്ലെന്ന് മന്ത്രി ഉറപ്പു പറയുന്പോൾ ആരോഗ്യരംഗത്ത് ഈ സർക്കാർ കാണിക്കുന്ന കരുതലിനും കൈകൊടുക്കേണ്ടതുണ്ട്. ആർദ്രം പദ്ധതിയാണ് ഇതിന് മുതൽകൂട്ടാകുന്നത്.

ഒറ്റവാക്കിൽ എല്ലാം ശരിയായെന്ന് ഒരിക്കലും പറയാൻ കഴിയില്ല. ശരിയാകുമായിരിക്കും എന്ന പ്രതീക്ഷയാണ് സർക്കാരിന് മേൽ ജനം വെച്ചുപുലർത്തുന്ന വിശ്വാസം. വരാനിരിക്കുന്ന പുതിയ പദ്ധതികളെല്ലാം നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞാൽ ഇനിയൊരു വർഷം കൂടെ പിന്നിടുന്പോൾ കുറച്ചുകൂടെ ശരിയായി എന്ന് പറയാൻ പലരും തയ്യാറായേക്കും, കൂടെ ജനങ്ങളുടെ പ്രതീക്ഷകൾ കൈവെടിയാതെ സമാധാനത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന ഒരു സർക്കാരാകാൻ വരുംവർഷങ്ങളിൽ ഈ സർക്കാരിന് കഴിയട്ടെ...

You might also like

Most Viewed