ജീവിതത്തിന്റെ രാത്രി പകലുകൾ...


പ്രദീപ് പുറവങ്കര

മനുഷ്യന് യഥാർ‍ത്ഥത്തിൽ‍ രണ്ട് വികാരങ്ങൾ‍ മാത്രമേ ഉള്ളൂ എന്ന് വിചാരിക്കുന്നയാളാണ് ഞാൻ‍. അതിലൊന്ന് സന്തോഷവും, മറ്റൊന്ന് ദുഃഖവുമാണ്. ബാക്കിയുള്ള വികാരങ്ങളൊക്കെ ഇവ രണ്ടിന്റെയും ഭാഗമായിരിക്കും. കറുപ്പും വെളുപ്പും പോലെ, രാത്രിയും പകലും പോലെ സന്തോഷവും ദുഃഖവും  മാറി മാറി വരുന്ന അവസ്ഥയെയാണ് നമ്മൾ‍ ജീവിതമെന്ന്  വിളിക്കുന്നത്. എപ്പോഴാണ് നമുക്ക് സന്തോഷമുണ്ടാകുകയെന്നോ,  ദുഃഖമുണ്ടാകുകയെന്നോ തിരിച്ചറിയാൻ‍ പോലും പറ്റാത്ത തരത്തിലാണ് നമ്മളിൽ‍ മിക്കവരും ഇന്ന് ജീവിച്ച് തീർ‍ക്കുന്നത്. സന്തോഷത്തെയും ദുഃഖത്തെയും വേർ‍തിരിച്ചറിയാൻ‍ പറ്റാത്ത അവസ്ഥയുള്ളവരും ഏറെ. തോന്ന്യാക്ഷരത്തിൽ‍ എന്തേ ഇന്നിങ്ങിനെ എന്ന ചോദ്യം ഇപ്പോഴേ പ്രിയവായനക്കാർ‍ക്ക് ഉണ്ടായിരിക്കും. എന്നും ഗൗരപരമായ വിഷയങ്ങൾ‍ മാത്രം പോരല്ലോ സംസാരിക്കാൻ‍ എന്ന ഉത്തരം മാത്രമകട്ടെ അതിനുള്ള മറുപടി. 

ഒരാളോട് എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ‍ പലപ്പോഴും നമ്മളൊക്കെ ചോദിക്കാറുള്ള ചോദ്യമാണ്, നല്ല വാർ‍ത്ത വേണോ അതോ മോശം വാർ‍ത്ത വേണോ എന്നത്. മിക്കവരും നല്ലത് വേണമെന്നാണ് പറയാറുള്ളത്. കാരണം ഏതൊരു മനസും കൊതിക്കുന്നത് സന്തോഷം നൽ‍കുന്ന വിശേഷങ്ങളാണ്. ആ തരത്തിൽ‍ നിങ്ങളോട് ആദ്യം പറയാനുള്ളത് ഒരു സന്തോഷ വാർ‍ത്തയാണ്. കഴിഞ്ഞ ദിവസം ഫോർ‍ പിഎം പത്രം അതിന്റെ അഞ്ച് വർ‍ഷം പൂർ‍ത്തീകരിച്ചിരിക്കുന്നു. വലിയ പത്രമുത്തശ്ശിമാരുടെ ഇടയിൽ‍ ഈ കുഞ്ഞൻ‍ പത്രത്തിന് അഞ്ച് വർ‍ഷമായി പ്രവർ‍ത്തിക്കാൻ‍ സാധിച്ചുവെന്നത് തന്നെയാണ് ഏറ്റവുമധികം ചാരിതാർ‍ത്ഥ്യം നൽ‍കുന്ന കാര്യം. ഇന്ത്യയുടെ വെളിയിൽ‍ നമ്മുടെ അമ്മമലയാളത്തിൽ‍ അഞ്ചുവർ‍ഷവും മുടങ്ങാതെ ബഹ്റൈന്‍റെ മണ്ണിൽ‍ വസിക്കുന്ന മലയാളികളുടെ മുന്നിലേയ്ക്ക് നാല് മണി പൂവ് പോലെ വാർ‍ത്തകളുടെ സൗരഭ്യം പടർ‍ത്താൻ‍ ഞങ്ങൾ‍ക്ക് സാധിച്ചിട്ടുണ്ടെങ്കിൽ‍ അതിന് കാരണക്കാർ‍ നിങ്ങൾ‍ പ്രിയ വായനക്കാർ‍ മാത്രമാണ്. സത്യം മുഴുവൻ പറയാൻ‍ സാധിച്ചില്ലെങ്കിലും പറയുന്നത് സത്യമായിരിക്കണമെന്ന നിലപാടിൽ‍ ഒരു തുള്ളി പോലും മായം ചേർ‍ക്കാതെയാണ് ഞങ്ങൾ‍ ഈ പ്രസ്ഥാനത്തെ മുന്പോട്ട് കൊണ്ടുപോകുന്നത്. വർ‍ഷങ്ങൾ‍ കഴിയുന്പോൾ‍ പ്രിന്റ് എഡീഷന് പുറമേ ഞങ്ങളുടെ ഓൺ‍ലൈൻ‍ വിഭാഗവും പ്രവാസിവായനക്കാരുടെ ഇഷ്ട ന്യൂസ് പോർ‍ട്ടലായി മാറിയിരിക്കുന്നു. വരും കാലങ്ങളിൽ‍ കൂടുതൽ‍ ഇടങ്ങളിൽ‍ എത്താൻ‍ നിങ്ങളുടെ പ്രാർ‍ത്ഥനകളും അഭിപ്രായങ്ങളും ഞങ്ങൾ‍ക്കൊപ്പം എന്നും കൂട്ടായി ഉണ്ടാകണമെന്ന് വിനീതമായി അഭ്യർ‍ത്ഥിക്കുന്നു. 

സന്തോഷത്തിന്റെ വാർ‍ത്തയിൽ‍ നിന്ന് വരുന്നത് സന്താപത്തിന്റെ ചെറിയൊരു ഏടിലേയ്ക്കാണ്. അത് എന്റെ വ്യക്തിപരമായ നഷ്ടം. പകൽ‍ മാറി രാത്രി വരുന്നത് പോലെ കഴിഞ്ഞ ദിവസം രാത്രി ഭാര്യാ പിതാവ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഭൂമിയിലെ വേഷം അഴിച്ച് വെച്ചപ്പോൾ‍ മരണത്തിന് മാത്രമേ നമ്മുടെയുള്ളിൽ‍ ശൂന്യത സൃഷ്ടിക്കാൻ‍ സാധിക്കുകയുള്ളെന്ന് ഞാൻ‍ വീണ്ടും തിരിച്ചറിയുന്നു. സന്തോഷവും ദുഃഖവും ഇങ്ങിനെ മാറിമറയുന്പോൾ‍ ജീവിതമേ നിന്നോട് നന്ദി എന്ന് മാത്രമേ പറയാൻ‍ സാധിക്കുന്നുള്ളൂ. കാരണം ഓരോ അനുഭവങ്ങളും ഏറ്റവും മികച്ച പാഠങ്ങളാണ്. ക്ലാസ് മുറികളുടെ ചുമരുകൾ‍ക്കിടയിൽ‍‍ കിട്ടാത്ത പാഠങ്ങൾ‍. സന്തോഷത്തിലും ദുഃഖത്തിലും കൂടെ നിന്ന എല്ലാവർ‍ക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ‍ നിന്ന് നന്ദി...

You might also like

Most Viewed