തങ്കമനസ്സുള്ള മർച്ചന്റ്...
ഒരാളുടെ ജീവിതകാലയളവിനുള്ളിൽ ജയിലിൽ കഴിയുക എന്നത് ഏതൊരു സാധാരണ മനുഷ്യനെ സംബന്ധിച്ച് ഏറെ ഭയപ്പെടുത്തുന്ന കാര്യമാണ്. അത്രയും കാലം സമൂഹത്തിന് മുന്പിൽ ഉണ്ടാക്കിയെടുത്ത മാനം കളഞ്ഞു പോകുന്ന ഭീകരമായ അവസ്ഥയാണ് അത്. സ്വന്തം കുടുംബം പോലും ഈയൊരു കാരണം മൂലം അവരെ തള്ളിപറയും. അതേസമയം എന്നും കുറ്റങ്ങൾ ചെയ്യുന്നവരും, അതിൽ പശ്ചാത്താപമൊന്നും തോന്നാത്തവരുമായ ക്രിമിനൽ മനസുള്ളവർക്ക് ജയിലിനിനുള്ളിലെ കിടപ്പ് അത്ര പ്രശ്നം സൃഷ്ടിക്കില്ല. കൊലപാതകം മുതൽ പോക്കറ്റടി വരെ ഇത്തരം കുറ്റകൃത്യങ്ങളുടെ ലിസ്റ്റിലുണ്ടാകാം. പ്രവാസ ലോകത്തും ഇത്തരം നിരവധി പേർ ഉണ്ട്. സ്വന്തം രാജ്യത്തെ ജയിലിൽ കിടക്കുന്നതിനേക്കാൾ വേദനിപ്പിക്കുന്ന കാര്യമാണ് അന്യരാജ്യത്ത് എന്തെങ്കിലും കുറ്റം ചെയ്തത് കാരണം ജയിൽ ശിക്ഷ അനുഭവിക്കുന്നത്. തെറ്റുകൾ ചെയ്തിട്ട് തന്നെയാണ് എല്ലാവരും ഇവിടെ ശിക്ഷ അനുഭവിക്കുന്നതെങ്കിലും ചിലരെങ്കിലും മനഃപൂർവമല്ലാതെ കുറ്റം ചെയ്ത് ശിക്ഷിക്കപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്. സാന്പത്തിക കുറ്റാരോപണങ്ങളെ തുടർന്ന് ജയിലിൽ കിടക്കുന്ന മിക്കവരും ഈ ഒരു അവസ്ഥയിലാണ് ജയിലിനുള്ളിൽ എത്തിപ്പെടുന്നത്. ഇവിടെ വന്ന് ഒരു ബിസിനസ് ചെയ്ത് പണമുണ്ടാക്കാൻ ശ്രമിക്കുന്നതിനടയിൽ ബിസിനസ് പൊളിയുകയും, സാന്പത്തിക ബാധ്യതയിൽ അകപ്പെടുകയും ചെയ്യുന്നവരാണിവർ.
ഒരിക്കൽ കുറ്റമാരോപിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച് തുടങ്ങുന്പോൾ പുറത്ത് നിന്ന് ഇവർക്ക് വേണ്ട നിയമസഹായം നൽകാൻ വരെ ആരെയും കിട്ടാതെ വരുന്ന സംഭവങ്ങൾ നിരവധിയാണ്. ചെറിയ പിഴ അടച്ചാൽ തന്നെ പുറത്തേക്ക് വരാൻ സാധിക്കുമെങ്കിൽ പോലും ജയിലിനുള്ളിൽ കിടക്കുന്നൊരാളെ പുറത്തേക്കെത്തിക്കാൻ അവരുടെ എത്ര വലിയ സുഹൃത്തുക്കൾ പോലും മെനക്കെടാറില്ല എന്നതാണ് യാഥാർത്ഥ്യം. എന്തിന് വെറുതെ പോയി ഇടപെട്ട് തങ്ങളുടെ കൈ പൊള്ളിക്കുന്നു എന്ന ചിന്ത തന്നെയാണ് മിക്കവർക്കും ഈ കാര്യത്തിലുണ്ടാകുന്നത്. സഹതാപത്തോടെയുള്ള ഈ ഒരു ചിന്ത മാത്രം പങ്കിട്ട് കൊണ്ട് മിക്കവരും തങ്ങളുടെ കൈ കഴുകുന്നു. ഇവിടെയാണ് ഫിറോസ് മർച്ചന്റ് എന്ന സ്വർണവ്യാപാരിയുടെ മനസ് വ്യത്യസ്തമാക്കുന്നത്.
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂവർ ഗോൾഡ് എന്ന അന്താരാഷ്ട്ര ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമയായ ശ്രീ ഫിറോസ് മർച്ചന്റ് യു.എ.ഇയിലും, ഇപ്പോൾ ബഹ്റൈനിലും സാന്പത്തിക കുറ്റാരോപണങ്ങൾ കാരണം ജയിലുകളിൽ കഴിയുന്നവരെ ദേശ, മത വ്യത്യാസമില്ലാതെ തിരികെ അവരുടെ നാട്ടിലേക്ക് എത്തിക്കാനുള്ള സഹായഹസ്തമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജയിൽ ശിക്ഷ കഴിഞ്ഞും ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാത്തവർക്ക് ടിക്കറ്റെടുത്ത് നൽകിയും, അതുപോലെ തന്നെ കടബാധ്യതയുമായി ജയിലിൽ കഴിയുന്നവർക്ക് തങ്ങളുടെ കടം അടച്ചുതീർക്കാനുള്ള സഹായപദ്ധതിയും ഇദ്ദേഹം നടപ്പിലാക്കുന്നു. അതാത് രാജ്യത്തെ ഗവൺമെന്റ് തലത്തിൽ നൽകുന്ന ലിസ്റ്റ് പ്രകാരമാണ് അദ്ദേഹം ഈ കാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്. ഇത് ഏറെ ശ്ലാഘിക്കപ്പെടേണ്ട ഒരു പുണ്യ പ്രവർത്തി തന്നെയാണെന്നതിൽ സംശയമില്ല. പുണ്യമാസം ആഗതമാകുന്പോൾ ശ്രീ. ഫിറോസ് മർച്ചന്റ്ന്റെ ഈ തീരുമാനത്തിന് ആശംസകളും ഒപ്പം ഇത്തരം നല്ല പ്രവർത്തികളുമായി മുന്പോട്ട് വരാൻ കൂടുതൽ പേർക്ക് മനസുണ്ടാകട്ടെ എന്നാഗ്രഹത്തോടെ...