ട്രംപുരുളുന്പോൾ...
പ്രദീപ് പുറവങ്കര
ഭയപ്പെടുത്തിയും, ആശങ്കപ്പെടുത്തിയും ആരിൽ നിന്നും എന്തും ചെയ്തെടുക്കാം എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ലോകപോലീസാണ് അമേരിക്ക എന്ന രാജ്യം. ആ രാജ്യത്തിന്റെ തലപ്പത്ത് ഇപ്പോൾ ഉള്ളത് ശതകോടീശ്വരനായ ഒരു ബിസിനസ്സുകാരനാണ്. ഡൊണാൾഡ് ട്രംപ് എന്ന അദ്ദേഹം തന്റെ തെരഞ്ഞെടുപ്പ് വേളയിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ടത് ഇസ്ലാം മതത്തെയും അതു പോലെ ലോക മുസ്ലീം രാജ്യങ്ങളോടും അദ്ദേഹം കാണിച്ചു വന്ന അസഹിഷ്ണുതയെ പറ്റിയായിരുന്നു. അമേരിക്കയുടെ രാഷ്ട്രപതിയായ ഉടനെ ഏഴ് മുസ്ലീം രാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിൽ സന്ദർശാനുമതി നിക്ഷേധിച്ച് ഈ ഒരു വിമർശനത്തെ അദ്ദേഹം സാധൂകരിക്കുകയും ചെയ്തു. തന്റെ ഭരണകാലം ലോക മുസ്ലീങ്ങൾക്ക് നല്ല കാലമാകില്ല എന്ന സൂചനയാണ് ആ ഒരു പ്രവർത്തിയിലൂടെ അദ്ദേഹം നൽകിയത്. ഈ ഒരു ധാരണയെ മാറ്റി മറിക്കാനാണ് അദ്ദേഹം തന്റെ പ്രഥമ വിദേശ പര്യടനത്തിന് ലോകമുസ്ലീം ജനതയുടെ പുണ്യ സ്ഥലങ്ങളായ മക്കയും മദീനയും ഉൾകൊള്ളുന്ന സൗദി അറേബ്യയെ തെരഞ്ഞെടുത്തതെന്ന് നിരീക്ഷകർ കണക്കാക്കുന്നു.
ലോകം ഒരു മഹായുദ്ധത്തെ പ്രതീക്ഷിക്കുന്ന നാളുകളാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അമേരിക്കൻ പ്രസിഡണ്ടിന്റെ ഈ സൗദി സന്ദർശനം ഏറെ നിർണായകവുമാണ്. തന്റെ ഈ യാത്രയിൽ സൗദിയിലെ മാത്രമല്ല, മറ്റ് ഗൾഫ് രാജ്യങ്ങളിലെ പ്രമുഖരെ കൂടി ഡൊണാൾഡ് ട്രംപ് കാണുന്നുണ്ട്. എണ്ണ വിലയിടവ് കാരണം പ്രതിസന്ധി തുടരുന്ന ഗൾഫ് നാടുകളിലേയ്ക്ക് കൂടുതൽ നിക്ഷേപസാധ്യതകൾ തുറന്ന് കൊടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇവിടെയുള്ളവർ. ഇതോടൊപ്പം പതിനായിരം കോടി ഡോളറിന്റെ ആയുധ ഇടപാടിന് സൗദി അറേബ്യ ഈ സന്ദർശനത്തിൽ ഡൊണാൾഡ് ട്രംപുമായി ഒപ്പിടും. സൗദിയിൽ തന്നെ ആയുധ നിർമ്മാണ ഫാക്ടറികൾ തുടങ്ങാനുള്ള പദ്ധതിയും ഇതോടൊപ്പം ആരംഭിക്കും. ഗൾഫ് പ്രദേശത്ത് പലയിടങ്ങളിലും തീവ്രവാദത്തിന്റെ വിത്ത് പാകുന്ന ഇറാനിൽ നിന്നുള്ള ഭീഷണിയെ ചെറുക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് അമേരിക്കൻ വാദം. അതോടൊപ്പം മധ്യപൂർവേഷ്യയിലെ ഭീകരവാദ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള നീക്കത്തിൽ നിന്ന് പ്രത്യക്ഷത്തിൽ മാറി നിന്നുകൊണ്ട് സൗദി അറേബ്യയെ മുന്പിൽ നിർത്താനും അമേരിക്കയ്ക്ക് ഈ ഒരു ധാരണയോടെ സാധിക്കും.
അമേരിക്ക നടത്തുന്ന ഇത്തരം ആയുധകച്ചവടങ്ങൾക്ക് വാർത്താപ്രാധാന്യം ലഭിക്കുന്നതിനെ ആശങ്കയോടെ നോക്കിക്കാണുന്ന വലിയൊരു ജനസമൂഹത്തെയും ഇതോടൊപ്പം ഓർക്കേണ്ടതാണ്. ആട്ടിൻകുട്ടിക്കളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ ശ്രമിക്കുന്ന ചെന്നായയാണോ അമേരിക്ക എന്ന സംശയവും ബലപ്പെടുന്നുണ്ട്. വരും കാലങ്ങൾ എല്ലാം തെളിയിക്കുമെന്ന വിശ്വാസത്തോടെ...