പലരും ചെയ്യാനാഗ്രഹിച്ചത്...
പ്രദീപ് പുറവങ്കര
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരു സ്ത്രീയെ പീഢിപ്പിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി ഒരു പുരുഷന് അവന്റെ ജനനേന്ദ്രിയം നഷ്ടമായ വാർത്തയാണ് ഇന്ന് എല്ലായിടത്തും ചർച്ച ചെയ്യപ്പെടുന്നത്. ഇതിൽ പുരുഷന്‍റെ ജോലിയെന്തെന്നോ, കർമ്മമെന്തെന്നോ എന്നതിലുപരി ഈ സംഭവം നൽകുന്ന സന്ദേശം ഏറെ പ്രസക്തമാണെന്ന് പറയാതെ വയ്യ. ഭരണകൂടങ്ങളും, നിയമവ്യവസ്ഥകളും നോക്കുക്കുത്തിയായി മാറുന്പോൾ സമൂഹം തന്നെ നിയമം കൈയിലെടുക്കുമെന്നും, ശിക്ഷ നടപ്പാക്കുമെന്നും ഇത് വിളിച്ചുപറയുന്നു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയടക്കമുള്ളവർ പെൺകുട്ടി ചെയ്ത നടപടി ധീരമാണെന്നും പറഞ്ഞിരിക്കുന്നു. സ്ത്രീകൾ ക്രൂരമായ ലൈംഗിക പീഢനങ്ങൾക്ക് വിധേയരകേണ്ടി വരുന്ന ഈ കാലത്ത് ഇത്തരമൊരു വാർത്ത ആശ്വാസകരം തന്നെയെന്ന് പറയാതെ വയ്യ.
അഞ്ച് വർഷത്തോളമായി ഈ പെൺകുട്ടിക്ക് പീഢനം സഹിക്കേണ്ടി വന്നു എന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. അത്തരമൊരു അവസ്ഥയെ ഇത്രയും നീണ്ടൊരു കാലം അവൾ അതിജീവിച്ചത് തന്നെ ഏറെ അതിശയകരം. പെൺകുട്ടിയുടെ അമ്മ അറിഞ്ഞുകൊണ്ടായിരുന്നു ഈ പീഢനം എന്നത് അതിലേറെ സങ്കടകരവും. ഈ കാലത്ത് ആ കുട്ടി അനുഭവിച്ച മാനസിക വ്യഥയും വേദനയും ഭീകരമായിരിക്കും എന്നതിന് സംശയമില്ല. തന്റെ ചുറ്റും നിറയുന്ന പീഢനവാർത്തകളിലൊന്നും തന്നെ യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്ന തിരിച്ചറിവായിരിക്കാം പരാതി കൊടുക്കാനോ പ്രതികരിക്കാനോ ഈ പെൺകുട്ടി തയ്യാറാകാത്തതിന്റെ കാരണം. ന്യായവും നീതിയും ലഭിക്കുമെന്ന വിശ്വാസം ഇന്ന് നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് എന്ന പോലെ അവൾക്കും നഷ്ടപ്പെട്ടിരിക്കാം. ഓടുന്ന ട്രെയിനിൽ നിന്ന് ഒരു പാവം പെൺകുട്ടിയെ തള്ളിയിട്ടപ്പോൾ ചങ്ങല വലിക്കാൻ പോലും തയ്യാറാകാതിരുന്ന ഷണ്ഠന്‍മാർ ഏറെയുള്ള മലയാളനാട്ടിൽ ഇത്തരം പ്രവർത്തികൾ മാത്രമാണ് കൃത്യമായ സന്ദേശം നൽകാൻ പോകുന്നത്.
അതുകൊണ്ട് തന്നെ തങ്ങളുടെ നേർക്ക് വരുന്ന അതിക്രമങ്ങളെ ചെറുക്കാൻ ഈ ഒരു പ്രതിരോധം തീർച്ചയായും നമ്മുടെ അമ്മപെങ്ങന്‍മാർക്ക് മാതൃകയാണ്. തന്റെ സമ്മതത്തോടെയല്ലാതെ തന്നെ തൊടുന്നവരുടെ അവസ്ഥ ഇതേ പോലെയാകുമെന്ന് നമ്മുടെ സ്ത്രീകൾ തീരുമാനിച്ചാൽ തന്നെ കേരളമെങ്കിലും പീഢന വിമുക്തസംസ്ഥാനമായി മാറുമെന്നുറപ്പ്.