വട്ടം കറക്കി വീണ്ടുമൊരു പന്പരം...
പ്രദീപ് പുറവങ്കര
ഓരോ കാലത്തും കുട്ടികളെ ആകർഷിക്കാനുള്ള ട്രെൻഡിങ്ങ് കളിപാട്ടങ്ങൾ നമ്മുടെ ഇടയിൽ കടന്നെത്താറുണ്ട്. രാമായണം സീരിയൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തപ്പോൾ പ്ലാസ്റ്റിക്കിന്റെ അന്പും വില്ലും ഒരു കാലത്തെ കുട്ടികളുടെ ഇഷ്ടകളിപ്പാട്ടമായിരുന്നത് ഓർക്കാം. ശ്രീരാമൻ ബാണം തൊടുക്കുന്നത് പോലെ ഈർക്കിൽ കൊണ്ടുണ്ടാക്കിയ ബാണം കൊണ്ട് കുട്ടികൾക്കിടയിൽ അപകടമുണ്ടാക്കുന്ന വാർത്തകളും അന്ന് പത്രതാളുകളിൽ സജീവമായിരുന്നു. ഇതുപോലെ തന്നെ കുട്ടികളുടെ ഇടയിൽ എന്നും താരമാണ് പന്പരങ്ങൾ. മണ്ണിൽ കിടന്ന് കറങ്ങുന്നത് മുതൽ ആകാശത്തേയ്ക്ക് പറന്നു പോകുന്നതടക്കമുള്ള പന്പരങ്ങളെ എന്നും കൊതിയോടെ പരിലാളിച്ചവരാണ് കുട്ടിത്തം മനസിലുള്ളവരും, കുട്ടികളും. ഇപ്പോൾ ഇവരുടെ കൈയിൽ ഫിജിറ്റ് സ്പിന്നർ എന്ന പേരിൽ പുതിയൊരു പന്പരം കറങ്ങി കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്.
വെപ്രാളം കാണിച്ച് ചുമ്മാ ഓടിനടക്കുന്നതിനെയായണ് ഫിജിറ്റ് എന്ന് വിശേഷിപ്പിക്കുന്നത്. പ്രൊപ്പല്ലറിന്റെ ആകൃതിയിലുള്ള ഈ കളിപ്പാട്ടത്തിന്റെ നടുവിൽ ഒരു വട്ടമാണുള്ളത്. ഈ വട്ടത്തിലെ ഭാഗം രണ്ട് വിരലുകൾക്കിടയിൽ വെച്ച് ചുറ്റുമുള്ള ചിറകുകളിൽ ഒന്ന് തട്ടിയാൽ പിന്നെ ഈ പന്പരം ഒരുഗ്രൻ കറക്കം നടത്തും. അത്ര പെട്ടന്നൊന്നും ഈ കറക്കം നിൽക്കുകയുമില്ല. 1993ൽ അമേരിക്കയിലെ ഒരു യുവതി തന്റെ മകൾക്ക് വേണ്ടിയാണത്രെ ഈ പന്പരം ആദ്യമായി നിർമ്മിച്ചു കൊടുത്തത്. അന്ന് വ്യാവസായിക അടിസ്ഥാനത്തിൽ വിൽപ്പന നടത്താൻ അവർ ശ്രമിച്ചുവെങ്കിലും വിജയിച്ചിരുന്നില്ല. വർഷങ്ങൾ ഏറെ കഴിഞ്ഞ് ഇപ്പോഴാണ് ഫിജിറ്റ് തരംഗമായി മാറിയത്. ഇന്നത്തെ കാലത്ത് മഹാഭൂരിഭാഗം മനുഷ്യരും ഏറ്റവും അധികം തവണ പരാതി പറയുന്ന ബോറഡി എന്ന സംഗതിയെ മാറ്റാൻ ഏറ്റവും നല്ല പരിപാടിയാണിതെന്നാണ് ഫിജിറ്റ് സ്പിന്നർ ഉപയോഗിക്കുന്നവരുടെ പ്രധാന വിശദീകരണം.
അതേസമയം ഫിജിറ്റ് സ്പിന്നർ കളിക്കോപ്പുകൾക്കെതിരെ ശക്തമായ എതിർപ്പുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയിലും, ഇംഗ്ലണ്ടിലും, പല ഗൾഫ് രാജ്യങ്ങളിലും നിരവധി സ്കൂളുകളിൽ ഈ പന്പരം നിരോധിച്ച് കഴിഞ്ഞു. മുഴുവൻ സമയവും കുട്ടികൾ ഫിജിറ്റ് സ്പിന്നർ കറക്കി കൊണ്ടിരിക്കുന്നതിനാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നതാണ് അധ്യാപകരുടെ പരാതി. ഇത്തരം കളിപ്പാട്ടങ്ങളുമായാണ് ക്ലാസുകളിൽ എത്തുന്ന കുട്ടികളുടെ ഇടയിൽ ആരുടെ സ്പിന്നറാണ് ഏറ്റവുമധികം നേരം കറങ്ങുക എന്ന മത്സരം പോലും നിലനിൽക്കുന്നുണ്ടത്രെ. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ഈ പന്പരം ഏറെ ഉപകാര പ്രദമാണെന്നും ചിലർ പറയുന്നു. ശാസ്ത്രീയമായി യാതൊരു തെളിവും പക്ഷെ ഇതേപറ്റി പുറത്ത് വന്നിട്ടില്ല. ഈ ഒരു അവകാശവാദത്തെ പറ്റി അറിയുന്പോൾ മിന്നലിനെ നേരിടാൻ ഒരു സ്റ്റീൽ വള വിപണിയിലെത്തിയ ഒരു കഥയാണ് ഓർമ്മവരുന്നത്. വളയിട്ടാൽ മിന്നലടിക്കില്ല എന്നതായിരുന്നു ഉത്പന്നത്തിന്റെ പരസ്യവാചകം. അഥവാ അടിച്ചു പോയാൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമെന്നും വാഗ്ദാനമുണ്ടായി. പരസ്യം വിശ്വസിച്ചത് കൊണ്ട് ഉത്പന്നം വിറ്റ് പോയത് കോടികണക്കിന് രൂപയ്ക്ക്.
അങ്ങിനെയാണെങ്കിൽ തന്നെ ഇലക്ട്രോണിക്ക് മാധ്യമമായ മൊബൈൽ ഫോണിനോടുള്ള ലഹരിയിൽ നിന്നും ഒരു സാധാരണ പന്പരത്തിലേയ്ക്ക് തങ്ങളുടെ ശ്രദ്ധ തിരിയുന്നത് മനുഷ്യന്റെ മനസിലെ കുട്ടിത്തങ്ങളെ തിരിച്ച് കൊണ്ടുവരാൻ സഹായിക്കുമെന്ന വിശ്വാസത്തോടെ...