പ്രതീക്ഷിക്കുന്ന ബാക്കിപത്രങ്ങൾ...
പ്രദീപ് പുറവങ്കര
വാരാന്ത്യമെത്തുന്പോൾ പ്രവാസികൾക്ക് ഉത്സവകാലമാണ്. പതിവ് ജോലികൾ മാറ്റിവെച്ച് ആലസ്യത്തിന്റെ മൂടുപടമണിയുന്ന ദിവസമാണ് ഇവിടെ വെള്ളിയാഴ്ച്ചകൾ. വ്യാഴാഴ്ച്ച രാവിലെ തന്നെ ഈ ഒരു അലസത പ്രകടമായി തുടങ്ങും. മലയാളികളായ പ്രവാസികൾ ഏറ്റവുമധികം തിങ്ങി പാർക്കുന്ന ഇടമെന്ന നിലയിൽ ഗൾഫ് രാജ്യങ്ങളിലൊക്കെ തന്നെ വെള്ളിയാഴ്ച്ചയും, വ്യാഴാഴ്ച്ചയും വിവിധ പരിപാടികൾ കൊണ്ട് സന്പന്നമാകും. നാട്ടിൽ തന്നെ നിൽക്കുകയാണെങ്കിൽ ജീവിതത്തിൽ ഒരിക്കൽ പോലും നേരിട്ട് കാണാൻ സാധിക്കാത്ത പല മഹദ് വ്യക്തികളെയും നേരിട്ട് കാണാനും, അവരോട് സംസാരിക്കാനും, ചിലപ്പോൾ നമ്മുടെ ആൽബത്തിലേയ്ക്ക് ഒരു ചിത്രമെടുത്ത് വെയ്ക്കാനും സാധിക്കുന്ന ദിവസങ്ങളാണ് ഗൾഫിലെ വാരാന്ത്യങ്ങൾ.
ഈ ആഴ്ച്ച ബഹ്റൈനിലെ കാര്യമെടുത്താലും ഇത് വ്യക്തമാകും. ഇന്നലെ ബഹ്റൈൻ കേരളീയ സമാജത്തിൽ ആരംഭിച്ച പുസ്തകോത്സവത്തിൽ പങ്കെടുക്കാനെത്തിയത് ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന തിരുവനന്തപുരം പാർലിമെന്റംഗവും, അതുപോലെ മുൻ യുഎൻ ഉദ്യോഗസ്ഥനുമായ ശശി തരൂരായിരുന്നു. അദ്ദേഹത്തിന്റെ പുസ്തക പ്രകാശനത്തിനും അതുപോലെ പ്രസംഗം കേൾക്കുവാനുമായി നിരവധി പേരാണ് കേരളീയ സമാജത്തിൽ എത്തി ചേർന്നത്. ഇന്ന് വൈകീട്ട് സമാജത്തിൽ വെച്ച് തന്നെ പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും ഇരുപതിലധികം ഗ്രന്ഥങ്ങളുടെ കർത്താവുമായ ഡോ. വന്ദന ശിവ സംസാരിക്കുന്നുണ്ട്. രണ്ട് സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇവിടെ എത്തുന്നത് ബോളിവുഡിലെ പ്രശസ്തയായ അഭിനേത്രി പ്രീതിസിന്റയും, അതുപോലെ മലയാള സിനിമകളിലൂടെ ശ്രദ്ധേയായ നടി ഗായത്രി സുരേഷുമാണ്. നാളെ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിനായി ഇവിടെ ഇതിനകം തന്നെ കേരളത്തിൽ നിന്നും ഇന്ത്യൻ ടീമിന് വേണ്ടി വർഷങ്ങളോളം കളിച്ച ശ്രീശാന്തുൾപ്പടെയുള്ളവർ എത്തിക്കഴിഞ്ഞു. ഇതോടൊപ്പം നാളെ വൈകുന്നേരം ഇസാടൗണിലെ ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കുന്ന ‘നിങ്ങളോടൊപ്പം’ എന്ന താരസംഗീത നിശയിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ അടക്കം വലിയൊരു താരനിരയും എത്തുന്നു. കോഴിക്കോടിന്റെ എംപി, എംകെ രാഘവനും ഇന്ന് ബഹ്റൈനിലെത്തുന്നുണ്ട്.
മധ്യവേനലവധിക്ക് വേണ്ടി നാട്ടിലേയ്ക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതിന് മുന്പ് ഇവിടെയെത്തുന്ന എല്ലാവർക്കും സ്നേഹോഷ്മളമായ സ്വീകരണം നൽകാൻ അവർക്കൊപ്പം സഞ്ചരിക്കുന്ന ഓരോ പ്രവാസിയും മത്സരിക്കാറുണ്ട്. കേവല ആതിഥ്യ മര്യാദയുടെ പേരിൽ മാത്രമല്ല ഇത്. മറിച്ച് നാടിന്റെ മണം അത്രമേൽ ഇഷ്ടമായത് കൊണ്ടാണ് അവർ ഇതിന് മുന്നിട്ടിറങ്ങുന്നത്. അതുകൊണ്ട് തന്നെ അവർ ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹിച്ചാൽ പറ്റുമെങ്കിൽ ഒന്ന് നിന്ന് കൊടുക്കണം. മറ്റൊന്നിനുമല്ല, അത് മാത്രമാണ് പലപ്പോഴും മിക്ക പ്രവാസികൾക്കും ബാക്കിയാകുന്ന ബാക്കിപത്രങ്ങൾ...