ആഡംബരത്തോടൊപ്പം വേണ്ടത് സുരക്ഷിതത്വവും...
പ്രദീപ് പുറവങ്കര
പണ്ട് കാലങ്ങളിൽ സാധനങ്ങൾ വാങ്ങിക്കാൻ ആഴ്ച്ചചന്തകളെയായിരുന്നു മിക്കവരും സമീപിച്ചിരുന്നത്. സാധനങ്ങൾ വാങ്ങുന്നതിനോടൊപ്പം തന്നെ പരിചയങ്ങൾ പുതുക്കാനും, പരസ്പരം വിശേഷങ്ങൾ പങ്കിടാനും ഇത്തരം ഇടങ്ങളെ മനുഷ്യർ ഉപയോഗപ്പെടുത്തി. കാലം മാറി വന്നപ്പോൾ ഇന്ന് അത്തരം ഇടങ്ങൾ മാളുകളായി മാറി. ശീതീകരിച്ച ഇത്തരം മാളുകളുടെ ഉള്ളിൽ ലോകപ്രശസ്തമായ ബ്രാൻഡുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സാധനങ്ങൾ വാങ്ങുന്നതിനോടൊപ്പം വിനോദവ്യവസായങ്ങളും ഇത്തരം ഇടങ്ങളിൽ വരുന്നവരെ ആകർഷിക്കുന്നു. വൻ നഗരങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന ഈ മാൾ സംസ്കാരം ഇന്ന് ഗ്രാമങ്ങളിലേയ്ക്ക് വരെ വ്യാപിച്ച് തുടങ്ങിയിരിക്കുന്നു. ജനങ്ങൾ ഒത്തുകൂടാനൊരു സ്ഥലം എന്ന നിലയിൽ മാളുകൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്പോൾ തന്നെ പലയിടങ്ങളിലും മതിയായ സുരക്ഷാ സൗകര്യങ്ങൾ ഇല്ല എന്നതാണ് വാസ്തവം.
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു മാളിൽ ഉണ്ടായ തീപ്പിടുത്തം ഇത്തരം ആശങ്കകളെ വർദ്ധിപ്പിക്കുന്ന സംഭവമാണ്. റിപ്പോർട്ട് ചെയ്യപ്പെടാതെയും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നുണ്ട്. മാളുകളിലെ പ്രധാനപ്പെട്ട ഒരാകർഷണമാണ് എസ്കലേറ്റർ. ഇതുപയോഗിക്കാൻ അറിയാത്തവരും ഏറെയാണ്. വലിയ ഉയരങ്ങളിലേയ്ക്ക് ആളുകളെ എത്തിക്കാൻ വേണ്ടി ഉപയോഗിക്കപ്പെടുന്ന എസ്കലേറ്ററുകളുടെ വശങ്ങളിൽ മതിയായ സുരക്ഷസംവിധാനം ഉണ്ടാകാറില്ല. ഇതുകാരണം പലപ്പോഴും അപകടങ്ങൾ ഉണ്ടായിട്ടുള്ള സംഭവങ്ങളും ഏറെ. മറ്റൊരു പ്രശ്നം കെട്ടിടത്തിനുള്ളിൽ ചെറിയൊരു തീപിടുത്തമോ അത്യാഹിതമോ, അവിടെ വരുന്ന ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായാൽ പെട്ടന്ന് അതിൽ നിന്ന് രക്ഷപ്പെടാൻ മാർഗ്ഗങ്ങളോ സംവിധാനങ്ങളോ മിക്ക മാളുകളിലും ഇല്ല എന്നതാണ്. തൊണ്ടയിൽ ഭക്ഷണം കുടങ്ങി മാളിലെ ഫുഡ് കോർട്ടിൽ വെച്ച് ഒരു ഡോക്ടർ തന്നെ മരണപ്പെട്ട സംഭവം ഓർക്കട്ടെ. അവിടെ ഒരു ആംബുലൻസ് സൗകര്യമോ, പ്രാഥമിക സുരക്ഷാ സംവിധാനമോ ഉണ്ടായിരുന്നുവെങ്കിൽ ആ ജീവൻ രക്ഷിക്കാമായിരുന്നു. കോടികൾ മുടക്കി ഇത്തരം വലിയ കെട്ടിടങ്ങൾ ഉണ്ടാക്കുന്പോൾ സുരക്ഷയ്ക്ക് യാതൊരു പരിഗണനയും നൽകാതിരിക്കുന്പോഴാണ് ഇത്തരം അത്യാഹിതങ്ങൾ സംഭവിക്കുന്നത്.
ഇന്നലെ തീപിടിത്തമുണ്ടായപ്പോഴും ഇതേ സുരക്ഷ പ്രശ്നം തന്നെയാണ് ഉണ്ടായിട്ടുള്ളത്. ഈ മാളിൽ ഫുട്കോർട്ടുകൾ പ്രവർത്തിക്കുന്ന നാലാം നിലയിലുണ്ടായ തീപിടിത്തത്തെ ആദ്യഘട്ടത്തിൽ തന്നെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഇല്ല എന്നാണ് മനസ്സിലാക്കേണ്ടത്. രാവിലെയായിരുന്നതിനാൽ മാളിൽ ആൾ കുറവായിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. ആളുകളുടെ എണ്ണം കൂടുതലായിരുന്നെങ്കിൽ ഇവരെ എത്രയും വേഗം ഒഴിപ്പിക്കാൻ സാധിക്കുമായിരുന്നില്ല. നമ്മുടെ നാട്ടിൽ കെട്ടിട സുരക്ഷയ്ക്ക് കർശനമായ നിയമങ്ങളുണ്ടായിട്ടും ഇത്തരം അപകടങ്ങൾ തുടർക്കഥയാവുന്നത് ആശാസ്യമായൊരു കാര്യമല്ലെന്ന ഓർമ്മപ്പെടുത്തലോടെ...