മതിയാക്കികൂടെ ഈ മനുഷ്യവേട്ടകൾ
പ്രദീപ് പുറവങ്കര
കൊലപാതക രാഷ്ട്രീയം കേരളത്തിന്റെ നല്ല പേരിന് കളങ്കമുണ്ടാക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പ്രത്യേകിച്ച് വടക്കൻ മലബാറിൽ ഓരോ തവണയും രാഷ്ട്രീയത്തിന്റെ പേരിൽ അറുംകൊലകൾ നടക്കുന്പോൾ അതിന്റെ പേരിൽ പരസ്പരം പഴിചാരുവാനും, പ്രതികാരം ചെയ്യാൻ ആഹ്വാനം ചെയ്യുന്നതുമൊക്കെ സാധാരണ കാഴ്ച്ചകളായി മാറിയിരിക്കുന്നു. പല തവണ ഇതേ വിഷയത്തെ പറ്റി തോന്ന്യാക്ഷാരത്തിൽ എഴുതാനുള്ള നിർഭാഗ്യം ഉണ്ടായിട്ടുണ്ട്. ഓരോ തവണയും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്പോൾ മനസ്സിലാക്കുന്ന ഒരു കാര്യം സമീപകാലത്ത് മരണപ്പെടുന്നവരൊന്നും തന്നെ വലിയ നേതാക്കളോ, അവരുടെ ബന്ധുക്കളോ അല്ലെന്നതാണ്. നിത്യവൃത്തിക്ക് വേണ്ടി അത്യദ്ധ്വാനം ചെയ്യുന്ന പാവപ്പെട്ടവരും സാധാരണക്കാരുമാണ് ഓരോ തവണയും അതിദാരുണമായി കൊല്ലപ്പെടുന്നത്. ചാവേർകോഴികളെ പോലെ പ്രസ്ഥാനങ്ങൾക്ക് ഊടും പാവും നെയ്യാൻ സ്വന്തം ജീവൻ തന്നെ ബലി കൊടുക്കേണ്ടി വരുന്ന ഇവരുടെ കുടുംബങ്ങളുടെ ശാപത്തിൽ നിന്ന് ഏത് കാലത്താണ് ഈ രാഷ്ട്രീയ മേലാളന്മാർക്ക് മോചനം ലഭിക്കുക എന്ന ചോദ്യമാണ് എന്റെ മനസ്സിലും ഇന്ന് തോന്നുന്നത്.
ജനങ്ങളുടെ അഭിലാഷങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ സഹായിക്കുവാൻ വേണ്ടിയാണ് നമ്മുടെ നാട് സ്വേച്ഛാധിപത്യത്തെ പരാജയപ്പെടുത്തി കൊണ്ട് ജനാധിപത്യത്തിന്റെ രാഷ്ട്രീയം സ്വീകരിച്ചത്. രാഷ്ട്ര താത്പര്യങ്ങളെ കണ്ടറിഞ്ഞ് കൊണ്ടാണ് രാഷ്ട്രീയ കക്ഷികൾ പ്രവർത്തിച്ചിരുന്നതെങ്കിൽ ഇന്ന് അത് കക്ഷിതാത്പര്യങ്ങളുടെ സംരക്ഷണം മാത്രമായി അധപതിച്ചിരിക്കുന്നു. ജനസേവകരായ രാഷ്ട്രീയക്കാരെ ജനങ്ങൾ സേവിക്കേണ്ട ഈ മലിനമായ അവസ്ഥയാണ് കൊലപാത രാഷ്ട്രീയങ്ങളടക്കമുള്ള നിർഭാഗ്യകരമായ സംഭവങ്ങളുടെ മൂല കാരണം. ആശയങ്ങൾ കൊണ്ട് പോരാടേണ്ട പ്രസ്ഥാനങ്ങളും നേതാക്കളും തങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി ആശയത്തിന് പകരം ആയുധമെടുത്തതോടെ മനുഷ്യത്വത്തിന്റെ വിലയും നഷ്ടമായി. ഇരുളിന്റെ മറവിലും, പട്ടാപകലിന്റെ വെളിച്ചത്തിലും ആയുധം കൊണ്ട് പരസ്പരം വെട്ടികീറാൻ രാഷ്ട്രീയ കക്ഷികൾ മാറ്റുരയ്ക്കുന്പോൾ ഇയാംപാറ്റകളെ പോലെ പൊലിഞ്ഞു പോകുന്നത് നിരവധി ജീവനുകൾ. ഇതോടൊപ്പം അകാലവൈധവ്യം ചുമക്കേണ്ടി വരുന്ന എത്രയോ സ്ത്രീ ജന്മങ്ങൾ. അനാഥരാകുന്ന എത്രയോ കുഞ്ഞുങ്ങൾ. ആര് മറുപടി പറയും ഈ നരാധമരാഷ്ട്രീയത്തിന്. കഴുത്തും, നെഞ്ചും വെട്ടിനുറുക്കപ്പെട്ടവർക്ക്, ഈ പാർട്ടികൾ ഓരോ ഓമനപ്പേര് നൽകുന്നു. ബലിദാനിയും, രക്തസാക്ഷിയുമാക്കുന്നു. നാല് വോട്ട് കിട്ടാൻ മനുഷ്യനെ പച്ചയ്ക്ക് തിന്നുന്ന നീചജന്മങ്ങളായി മാത്രമേ ഇത്തരം നേതാക്കളെയും കാണാൻ സാധിക്കൂ. ഓരോ രക്തസാക്ഷിയും പൊട്ടികരയിക്കുന്നത് അവന്റെ കുടുംബത്തെയും, പൊട്ടിചിരിപ്പിക്കുന്നത് അവന്റെ നേതാക്കളെയുമാണെന്ന തിരിച്ചറിവ് ഉണ്ടാകാൻ ഇനിയും എത്ര കാലം കാത്തിരിക്കണമെന്നും, ഇങ്ങിനെ പരസ്പരം കൊന്നും, തല്ലിയും ഇനിയുമെത്ര കാലം മുന്പോട്ട് പോകുമെന്നും ഓരോ മനുഷ്യസ്നേഹിയെയും ചിന്തിപ്പിക്കുന്ന വിഷയങ്ങളാണ്.
ഈ അക്രമം ഉണ്ടാക്കുന്നത് അരാഷ്ട്രീയ വാദികളെയാണ്. അത്തരം ആളുകളുടെ മനസുകളെ ചൂഷണം ചെയ്ത് ഇവിടെ വളരുന്നത് തീവ്രവാദവും, വർഗീയതയുമാണ്. നാടിനാവശ്യം കാട്ടാളത്തമല്ല, മറിച്ച് മാനവ മൈത്രിയും ജനക്ഷേമവും, ജനാധിപത്യവുമാണെന്ന് ഓർമ്മിപ്പിച്ച് കൊണ്ട്...