കരയിപ്പിക്കുന്ന വൈറസുകൾ...
പ്രദീപ് പുറവങ്കര
വാണാ ക്രൈ... നിങ്ങൾക്ക് കരയണമോ എന്നാണ് ഈ ചോദ്യത്തിന്റെ അർത്ഥം. കന്പ്യൂട്ടറുകളുടെ ഉപയോഗമില്ലെങ്കിൽ ശ്വാസം പോലും നിലച്ച് പോകുന്ന ഇന്നത്തെ ലോകം മുഴുവൻ ഈ ഒരു ചോദ്യത്തിന്റെ ഭീതിയിലാണ് ഇപ്പോൾ കഴിയുന്നത്. ഒരു കന്പ്യൂട്ടറിലോ ടാബ്ലറ്റിലോ സ്മാർട്ട്ഫോണിലോ കടന്നുകൂടി ഉപകരണം ലോക്ക് ആക്കാനും ഫയലുകൾ നശിപ്പിക്കാനും സാധിക്കുന്ന വൈറസുകൾ ആണ് റാൻസംവേറുകൾ. അത്തരമൊരു കന്പ്യൂട്ടർ വേം വാണാ ക്രൈ. ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ റാൻസംവേർ ആക്രമണത്തിനാണ് ഇതിലൂടെ ഇപ്പോൾ നാം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയിലും നമ്മുടെ കേരളത്തിൽ പോലും ഈ വൈറസുകളുടെ ആക്രമണം ആരംഭിച്ചിട്ടുണ്ട്. വിൻഡോസ് ഉപയോഗിക്കുന്ന ഉപകരണങ്ങളെയാണ് വാണാ ക്രൈ ആക്രമിക്കുന്നത്. വാണാ ക്രിപ്റ്റ്, വാണാക്രൈ, വാണാക്രിപ്റ്റ്0ആർ, ഡബ്യൂക്രിപ്റ്റ്, ഡബ്യൂസിആർവൈ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.
വിൻഡോസ് തങ്ങളുടെ സുരക്ഷ സോഫ്റ്റ്വെയറായ എംഎസ്17−010 ഉപയോഗിക്കാത്ത എല്ലാ യന്ത്രങ്ങളെയും ഇത് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഏതെങ്കിലും ഒരു ഉപകരണത്തെ ഇത് ബാധിച്ചാൽ അതിലെ ഫയലുകൾ തട്ടിയെടുക്കപ്പെടുകയും നിശ്ചിത സമയം പ്രഖ്യാപിച്ച് അതിനുള്ളിൽ 300 ഡോളർ ഓൺലൈൻ പണവിനിമയ സംവിധാനമായ ബിറ്റ്കോയിൻ വഴി അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യും. മൂന്ന് ദിവസത്തിനുള്ളിൽ ഈ പണം അടച്ചില്ലെങ്കിൽ മോചനദ്രവ്യത്തിന്റെ തുക 600 ഡോളർ ആയി ഉയർത്തും. ഡിജിറ്റൽ കറൻസി ആയതിനാൽ ബിറ്റ് കോയിൻ നേടിയ കുറ്റവാളികളെ കണ്ടെത്താനും ബുദ്ധിമുട്ടാണ്. കന്പ്യൂട്ടറിലെ എല്ലാ രേഖകളും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മോചനദ്രവ്യം ആവശ്യപ്പെടുന്നത്. കൂടാതെ ഡബിൾപൾസർ എന്ന സോഫ്റ്റ്വെയറും ഈ വൈറസ് കന്പ്യൂട്ടറുകളിൽ സ്ഥാപിക്കും. ഇന്റർനെറ്റ് വഴിയോ ഇമെയിൽ വഴിയോ അയയ്ക്കുന്ന ലിങ്കുകളിലൂടെയാണ് ഈ വൈറസ് പരക്കുന്നത്.
ബ്രിട്ടൻ, യു എസ്, റഷ്യ, ചൈന തുടങ്ങിയ വന്പൻ രാജ്യങ്ങൾ ഉൾപ്പടെ ലോകത്തിലെ നൂറോളം രാജ്യങ്ങളിലെ കന്പ്യൂട്ടർ ശൃംഖലയെയാണ് ഈ അക്രമണം ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനകം തന്നെ 75,000 ത്തോളം കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടനിലെ പൊതു ആശുപത്രി ശൃംഖലയായ എൻഎച്ച്എസ് ആണ് സൈബർ ആക്രമണം ബാധിച്ച പ്രധാന സ്ഥാപനങ്ങളിൽ ഒന്ന്. ഇവിടെയുള്ള ആശുപത്രികളുടെയൊക്കെ പ്രവർത്തനം ഇതുമൂലം താറുമാറായി. അന്താരാഷ്ട്ര ഷിപ്പിങ്ങ് കന്പനിയായ ഫെഡെക്സ് ഉൾപ്പടെയുള്ളവരെയും ഈ അക്രമണം ബാധിച്ചിരുന്നു. ഇന്ത്യയിൽ ആന്ധ്രപ്രദേശ് പോലീസിന്റെ 102ഓളം കന്പ്യൂട്ടറുകളിലും ഈ ആക്രമണമുണ്ടായി. എന്തായാലും ഇതിനെ പ്രതിരോധിക്കാനുള്ള വഴികൾ ഇതിനകം തന്നെ മിക്ക രാജ്യങ്ങളും കണ്ടെത്തി എന്നതാണ് ആശ്വാസകരം.
മനുഷ്യൻ എന്ന പദം തന്നെ മാറി മെഷീൻ എന്നാക്കുന്ന ഒരു കാലത്താണ് നാം ഇപ്പോൾ ഉള്ളത്. ഇത്തരം ഒരു വെർച്വൽ ലോകത്ത് ഒരു ചെറിയ വൈറസ് ആക്രമണം ഉണ്ടാകുന്പോഴേയ്ക്കും ഞെട്ടിവിറക്കുകയാണ് ഇന്ന് ലോകം. ഭസ്മാസുരന് വരം കൊടുത്തത് പോലെ റോബോട്ടുകളെ ഉണ്ടാക്കി മനുഷ്യന്റെ തലച്ചോറ് വരെ അവയ്ക്ക് നൽകാൻ ശ്രമിക്കുന്പോൾ ഇത്തരം അപകടങ്ങളെ പറ്റി കൂടി ചിന്തിച്ചാൽ നല്ലതെന്ന ഓർമ്മപ്പെടുത്തലോടെ...