വീണ്ടുമൊരു അമ്മ ദിനം എത്തുന്പോൾ...
പ്രദീപ് പുറവങ്കര
ഇന്നത്തെ കാലത്ത് ഫേസ്ബുക്ക് സുഹൃത്തുക്കളുടെ പോസ്റ്റുകളാണ് പലപ്പോഴും ഉറക്കമെഴുന്നേൽക്കുന്പോൾ ഓരോ ദിനത്തിന്റെയും പ്രത്യേകത വിളിച്ച് പറയുന്നത്. ഇന്ന് കാലത്ത് മുതൽ അമ്മമാരുടെ ഘോഷയാത്രയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ലോക മാതൃദിനാഘോഷത്തിന്റെ പ്രചരണാർത്ഥം സ്വന്തം അമ്മയെ ചേർത്ത് പിടിച്ച് എനിക്കും ഉണ്ടെടാ ഒരമ്മ എന്ന് വിളിച്ചു പറയുന്ന മക്കളുടെ ഉത്സാഹം ഒരു തരത്തിൽ രസാവഹം തന്നെയാണ്. ഇത് കണ്ട് കൊണ്ടാണ് അമ്മയെ ഒന്ന് വിളിച്ച് ആശംസകളൊക്കെ നേരാമെന്ന് കരുതിയത്. ഹലോ പറഞ്ഞത് മുതൽ എന്റെ ശബ്ദത്തിൽ എന്ത് കൊണ്ടാണ് ക്ഷീണമെന്നായിരുന്നു അമ്മയ്ക്ക് അറിയേണ്ടത്. രാവിലെ ഉറക്കത്തിന്റെ മൂഡ് ആയത് കൊണ്ടായിരിക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചെങ്കിലും അതൊന്നും അമ്മയെ ആശ്വസിപ്പിച്ചില്ല. കുരുമുളക് ഇട്ട വെള്ളം കുടിക്കണമെന്നും, സമയത്തിന് ഭക്ഷണം കഴിക്കണമെന്നും പറഞ്ഞ് ഉപദേശങ്ങളുടെ വെള്ളചാട്ടമായിരുന്നു ബാക്കി. അതോടൊപ്പം പറന്പിൽ മാങ്ങയും, ചക്കയുമൊക്കെ ആരും കഴിക്കാതെ വെറുതെയായി പോകുന്നതിന്റെ വേവലാതിയും അമ്മ പങ്കിട്ടു. ഇത് എന്റെ മാത്രം അനുഭവമായിരിക്കില്ല, നിങ്ങളിൽ പലരും എന്നും അനുഭവിക്കുന്നത് സ്നേഹത്തിന്റെ ഇതേ രുചിയായിരിക്കുമെന്ന് ഉറപ്പ്.
അമ്മ എന്നത് ആർക്കും കേവലം ഒരു വ്യക്തി മാത്രമല്ല മറിച്ച് ഒരു മനുഷ്യന്റെ ഏറ്റവും വലിയ തണലാണ്. ജീവിതയാത്രയിൽ മുഴുവൻ സമയവും അമ്മ എന്നും കൂടെ ഉണ്ടാകണമെന്ന് പോലുമില്ല. നമ്മുടെ ഓരോ ശ്വാസകണികയിലും അമ്മയുണ്ട് എന്നതാണ് സത്യം. അതു കൊണ്ട് തന്നെ അമ്മയിൽ നിന്നും മാറി നിൽക്കാൻ ആർക്കും സാധ്യമല്ല. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന സഹിച്ച്, കണ്ണുനീരിന്റെ പെയ്ത് നടത്തിയാണ് ഓരോ അമ്മയും ഈ ഭൂമുഖത്ത് സൃഷ്ടിക്കപ്പെടുന്നത്. എത്ര വലുതായലും നമ്മളൊക്കെ ചെറുതാകുന്നത് ആ അമ്മയുടെ മുന്പിൽ തന്നെ. അഹങ്കാരത്തിന്റെ ജീവിതപാച്ചിലുകൾക്കൊടുവിൽ കാലിടറി ഒന്ന് വീണ് പോയാൽ ആ അമ്മയുടെ സ്നേഹത്തോടെയുള്ള ഒരു തലോടൽ മതി ഒരു പുനർജന്മം കിട്ടാൻ. മൂർദ്ധാവിൽ ഒരുമ്മ മതി പുതിയൊരു മനുഷ്യനാകാൻ. സങ്കടക്കടൽ നെഞ്ചിലൊതുക്കിയാണ് അച്ഛന്മാർ ജീവിക്കുന്നതെങ്കിൽ നെഞ്ചത്തടിച്ച് ഉള്ളുതുറന്ന് പൊട്ടികരയുന്ന അമ്മയെയാണ് നമ്മളിൽ മിക്കവർക്കും പരിചയം.
ഇങ്ങിനെയൊക്കയുള്ള അമ്മയെ ഓർക്കാൻ നമുക്കൊരു ദിനം വേണമോ എന്ന് ഓരോ മാതൃദിനത്തിലും നമ്മൾ പരസ്പരം ചോദിക്കുന്നു. അമ്മയെ വഴിയിൽ ഒരു പൂച്ചകുഞ്ഞിനെ ഉപേക്ഷിക്കുന്ന ലാഘവത്തോടെ ഉപേക്ഷിക്കാനും, അന്പലങ്ങളുടെ തിരുമുറ്റത്ത് ഈശ്വരന്റെ കൈയിലേയ്ക്ക് ഏൽപ്പിച്ച് നടന്നകലാനും, അഗതിമന്ദിരങ്ങളുടെ അറകളിലേയ്ക്ക് തള്ളിയിടാനും സാധിക്കുന്ന മക്കൾ ഏറി വരുന്ന ഒരു കാലത്ത് ഈ ദിനം അനിവാര്യമാണെന്ന് പറയുന്നവരും ഏറെ. അമ്മയെ പറ്റി പറഞ്ഞു തുടങ്ങിയാൽ അതിർ കാണാത്ത സമുദ്രത്തിൽ കപ്പലോടിക്കുന്ന കപ്പിത്താൻ തന്റെ മുന്പിലെ സമുദ്രം പോലെ അമ്മയുടെ ഓർമ്മകൾ വലുതായി വരും. അതു കൊണ്ട് തന്നെ ഖലീൽ ജിബ്രാൻ പറഞ്ഞ ആ വരികൾ മാത്രം ഇവിടെ കുറിക്കട്ടെ..
ഒരു കുഞ്ഞ് ജനിക്കുന്നതിലൂടെ അതിലും മഹിമയേറിയ ഒരാൾ ജനിക്കുകയാണ്’ അമ്മ.
എല്ലാവർക്കും മാതൃദിനാശംസകൾ..