മനീഷ കൊയിരാള തിരിച്ചെത്തുന്പോൾ...
പ്രദീപ് പുറവങ്കര
മണിരത്നത്തിന്റെ ബോംബെ എന്ന സിനിമയുടെ ചിത്രീകരണം കാസർഗോഡ് വെച്ച് നടന്നപ്പോഴാണ് ജീവിതത്തിൽ ആദ്യമായി ഒരു ഹിന്ദി സിനിമാതാരത്തെ കണ്ടത്. നേപ്പാളിന്റെ പ്രക്ഷുബ്ധമായ രാഷ്ട്രീയ ചർച്ചകളിൽ എന്നും നിറഞ്ഞു നിന്നിരുന്ന കൊയിരാള കുടുംബത്തിൽ നിന്ന് ബോളിവുഡിന്റെ മനസ്സിലേയ്ക്ക് ചേക്കേറിയ മനീഷ കൊയിരാള എന്ന ആ സുന്ദരി ഏറെക്കാലം താരപ്രഭയോടെ നമ്മുടെ മുന്പിൽ തിളങ്ങി നിന്നയാളാണ്. പക്ഷെ കുറച്ച് കാലമായി ക്യാൻസർ എന്ന അസുഖം ബാധിച്ചതോടെ ജീവിതത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്ന് അവർ മരണവുമായുള്ള പോരാട്ടത്തിലേയ്ക്ക് വലിച്ചെറിയപ്പെട്ടു. കഴിഞ്ഞ ദിവസം ഈ ഒരു ഇരുണ്ട കാലത്തെ പറ്റി അവർ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖം വായിക്കുകയുണ്ടായി. ഹൃദയത്തെ വല്ലാതെ തൊട്ടുലയ്ക്കുന്ന വാക്കുകളായിരുന്നു ആ അഭിമുഖത്തിലൂടനീളം ഉണ്ടായിരുന്നത്.
തനിക്ക് അസുഖമാണെന്നറിഞ്ഞപ്പോൾ തന്റെ ചുറ്റും അതുവരേക്കും എന്നും കത്തിക്കൊണ്ടിരുന്ന സ്റ്റുഡിയോ ലൈറ്റുകൾ അണഞ്ഞു പോയെന്നും, തന്റെ ഒരു കൈവീശലിന് വേണ്ടി ആർത്തുവിളിച്ചിരുന്ന ആരാധാകർ പെട്ടന്ന് അപ്രത്യക്ഷരായെന്നും, തന്റെ ഒരു ദിവസത്തെ ഡേറ്റി ന് വേണ്ടി ക്യൂ നിന്ന നിർമ്മാതാക്കളൊക്കെ മാറിപ്പോയെന്നും അവർ ഓ ർത്തെടുക്കുന്പോൾ ആ വാക്കുകളിൽ വേദനയല്ല മറിച്ച് ജീവിതത്തിൽ ഏതൊരാളും കടന്നുപോകേണ്ട യാത്ഥാർത്ഥ്യങ്ങളെയാണ് കാണാൻ സാധിച്ചത്. നിലനിൽപ്പ് എന്നത് ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന കാര്യമാണ്. പലപ്പോഴും നില മറന്ന് കൊണ്ട് എണ്ണ തേക്കുന്പോഴാണ് നിൽക്കുന്നയിടത്തിൽ തന്നെ വഴുതലുണ്ടാകുന്നത്. വീണ്ടും ആ വഴുത ലിനെ വകവെക്കാതെ എഴുന്നേറ്റ് നിൽക്കാനുള്ള ത്രാണിയുണ്ടാകുന്പോഴാണ് ഒരാൾക്ക് ജീവിതത്തിൽ വിജയം നേടി എന്ന് പറയാൻ സാധിക്കുന്നത്. ഇങ്ങിനെ വീഴ്ചയുടെ ഒരു കാലത്തിലൂടെ കടന്നുപോവുകയും പിന്നീട് അതിനെ തരണം ചെയുകയും ചെയ്ത ഒരു വ്യക്തിയാണ് ഇന്ന് മനീഷ കൊയിരാള. അഭിനയത്തിലേക്ക് മടങ്ങിയെത്തിയ അവർ ഇപ്പോൾ സഞ്ജയ് ദത്തിന്റെ ആത്മകഥാപരമായ ചിത്രത്തിൽ നർഗ്ഗീസ് ദത്തിന്റെ വേഷം ചെയ്തുകൊണ്ടിരിക്കുകയാണ്.
ജീവൻ നഷ്ടപ്പെടും എന്ന അവസ്ഥയുമായി താരതമ്യം ചെയ്യാവുന്ന മറ്റൊരു അനുഭവവുമില്ലെന്നും മരണം നിങ്ങളുടെ മുന്നിലുണ്ടെന്ന തിരിച്ചറിവ് വല്ലാത്ത ഒരു വികാരമാണെന്നും അവർ പറയുന്നു. അതേ സമയം മോശം കാലങ്ങൾ നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുമെന്നും ഈ പാഠങ്ങൾ പഠിക്കുന്നതിന് വേണ്ടി ചിലപ്പോൾ അതുവരേക്കും പ്രിയപ്പെട്ടതെന്ന് തോന്നിയ ചിലതെങ്കിലും നഷ്ടപ്പെടുത്തേണ്ടി വരുമെന്നും അഭിമുഖത്തിലൂടെ മനീഷ കൊയിരാള ഓർമ്മിപ്പിക്കുന്നു. യത്ഥാർത്ഥമായ സുഹൃത്തുക്കളെ തിരിച്ചറിയാനും മോശം കാലം സഹായിക്കുന്നു. കേവലമൊരു ഇൻസ്പിരേഷണൽ അഭിമുഖം മാത്രമായി മനീഷ കൊയിരാളയുടെ ഈ വാക്കുകളെ ഒതുക്കണമെന്നില്ല. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ഇത്തരം വാക്കുകൾ വായിച്ചെടുക്കുവാനോ, ഓർത്തെടുക്കുവാനോ സാധിച്ചാൽ ആർക്കും തന്നെ ഈ ലോകം കൂടുതൽ മനോഹരമായി അനുഭവപ്പെടുമെന്നത് തീർച്ചയാണ്.