തീ പടരാതെ നോക്കണം...
പ്രദീപ് പുറവങ്കര
കാലം മാറുന്പോൾ കാലാവസ്ഥയും മാറുന്നു. തിമിർത്ത് മഴ പെയ്യേണ്ട നേരത്ത് കൊടും വരൾച്ചയും, ചൂട് കൊണ്ട് തളരേണ്ട കാലത്ത് കനത്ത മഴയും പെയ്യുന്ന കാഴ്ച്ചയാണ് ലോകത്തിന്റെ പലയിടങ്ങളിലും നമ്മൾ കാണുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ പലപ്പോഴും മനുഷ്യന്റെ ജീവിതത്തെ തന്നെ ആടിയുലയ്ക്കാറുമുണ്ട്. മണലരാണ്യങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ പതിവിന് വിരുദ്ധമായി ധാരാളം മഴ പെയ്തിരുന്നു. ഡ്രെയിനേജ് സൗകര്യങ്ങളുടെ അപര്യാപ്തത കാരണം പലയിടങ്ങളും ഈ മഴക്കാലത്ത് മുങ്ങിപ്പോയത് വാർത്തകളിൽ നിറ ഞ്ഞത് നിങ്ങളും ഓർക്കുന്നുണ്ടാകും. ഇപ്പോൾ ഇവിടെ മഴ ഇല്ല. ചൂട് നന്നായി തന്നെ അക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. മഴക്കാലത്തേക്കാൾ മരുഭൂമിയിൽ താമസിക്കുന്നവർ ഭയക്കേണ്ടത് ഈ ചൂടിനെ തന്നെയാണ്. ഓരോ വേനൽകാലത്തും ഇവിടെ കനത്ത ചൂട് കാരണം പല തരത്തിലുള്ള അപകടങ്ങളും സംഭവിക്കുന്നു. എത്രയോ ജീവനുകൾ പൊലിയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബഹ്റൈനിൽ ഉണ്ടായ അഗ്നിബാധകൾ ഈ ഒരു അപകടത്തിലേയ്ക്ക് വിരൽ ചൂണ്ടുന്ന സംഭവങ്ങളാണ്. ഒരാളുടെ ജീവനടക്കം ഈ അപകടങ്ങളിൽ നഷ്ടമായിട്ടുണ്ട്.
കനത്ത ചൂട് കൊണ്ടാണ് ഇത്തരം അഗ്നിബാധകൾ ഉണ്ടാകുന്നതെന്ന് പൂർണമായും പറയാൻ സാധിക്കില്ലെങ്കിലും, തീരെ സുരക്ഷിതത്വം കുറഞ്ഞ കെട്ടിടങ്ങളിൽ അഗ്നി പടരാൻ ഇത് സഹായിക്കുന്നുണ്ടെന്ന് തന്നെയാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അലസമായി മുറിയിൽ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റി മുതൽ സുരക്ഷാ സംവിധാനങ്ങൾ ഒന്നുമൊരുക്കാതെയുള്ള വൈദ്യുതീകരണവും അഗ്നിബാധയ്ക്ക് കാരണമാകുന്നു. ലേബർ അക്കമൊഡേഷനിലാണ് ഇത്തരം അപകടങ്ങൾ കൂടുന്നത്. കഴിഞ്ഞ ദിവസം ബഹ്റൈറിനിലെ ഗഫൂളിൽ തീപ്പിടുത്തം ഉണ്ടായ കെട്ടിടത്തിൽ 34 പേരാണ് താമസിച്ചിരുന്നത്. ഇന്ത്യക്കാരനായ ഒരാൾ ഒരു സ്വദേശിയുടെ കെട്ടിടം വാടകയ്ക്കെടുത്ത് അത് സബ് ലീസ് ചെയ്താണ് പലർക്കായി വീതിച്ച് കൊടുത്തിരുന്നത്. കേവലം 20 മിനിറ്റ് കൊണ്ടാണ് അഗ്നിബാധയുണ്ടായതും, ഇവിടെ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടതും. ഇവിടെ താമസിച്ചിരുന്ന പലരും വിസയോ, ഔദ്യോഗിക രേഖകളോ ഇല്ലാത്തവരായിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ച മനാമയുടെ അകത്തുണ്ടായ അഗ്നിബാധയും ഏറെ ഗുരുതരമായിരുന്നെങ്കിലും ആർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നില്ല. ആ കെട്ടിടത്തിൽ താമസിച്ചിരുന്നത് 160ഓളം പേരായിരുന്നു.
കെട്ടിടത്തിലുണ്ടാകുന്ന അഗ്നിബാധയെ പോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊന്ന് വാഹനങ്ങളുടെ ടയറാണ്. പലപ്പോഴും അമിതമായ ചൂട് കാരണം ഈ കാലാവസ്ഥയിൽ ടയറുകൾ പൊട്ടിത്തെറിച്ച് അപകടങ്ങളുണ്ടാകുന്ന വാർത്തകൾ ഈ സീസണിൽ സംഭവിക്കാറുണ്ട്. ഓടിക്കൊണ്ടിരിക്കുന്പോൾ ഇത്തരമൊരു അത്യാഹിതം സംഭവിച്ചു പോയാൽ പലപ്പോഴും വാഹനങ്ങളുടെ നിയന്ത്രണം തന്നെ നഷ്ടപ്പെട്ട് വലിയ അപകടം സംഭവിച്ചേക്കാം. മരുഭൂമിയിൽ ഭാഗ്യവും, ജീവിതവും തേടി വന്നവരാണ് നമ്മളിൽ മിക്കവരും. അശ്രദ്ധ കാരണം അത് രണ്ടും ഇല്ലാതാക്കരുത്. നിങ്ങളുടേത് മാത്രമല്ല, മറിച്ച് മറ്റുള്ളവരുടെയും ജീവിതം അമൂല്യമാണ്. നിങ്ങളെ കാത്ത് വലിയൊരും കുടുംബം നാട്ടിലുണ്ട്. മറക്കരുതെന്ന ഓർമ്മപ്പെടുത്തലോടെ...