ഓർക്കേണ്ടത് പാവപ്പെട്ടവനെ...
പ്രദീപ് പുറവങ്കര
കറൻസി പിൻവലിക്കലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകൾ നമ്മുടെ നാട്ടിൽ താൽക്കാലികമായി കെട്ടടങ്ങുന്പോഴേക്കും ഇന്ത്യൻ ബാങ്കിംഗ് രംഗത്ത് നിന്ന് ഇന്ന് വന്നിരിക്കുന്ന വാർത്ത അത്യധികം ആശങ്കയുണ്ടാക്കിയിരിക്കുന്നു എന്നത് യാത്ഥാർത്ഥ്യമാണ്. ഈ വാർത്ത പ്രകാരം ഇന്ത്യയിലെ പ്രധാനപ്പെട്ട ബാങ്കുകളിൽ ഒന്നായ േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂൺ ഒന്ന് മുതൽ സൗജന്യ എ.ടി.എം സേവനം നിർത്താനും ഓരോ ട്രാൻസാക്ഷനും 25 രൂപ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ശുദ്ധ തോന്ന്യവാസവും, തെമ്മാടിത്തരവുമാണ്. േസ്റ്ററ്റ് ബാങ്ക് എടുത്തുവെന്ന് പറയപ്പെടുന്ന തീരുമാന പ്രകാരം പണം എടുക്കുന്നതിന് മാത്രമല്ല, നിക്ഷേപിക്കുന്നതിനും മിനിമം രണ്ട് രൂപ മുതൽ മാക്സിമം എട്ട് രൂപ വരെ ഈടാക്കാനും, ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ വഴിയുള്ള പണം പിൻവലിക്കലിനും മിനിമം ആറ് രൂപ ഈടാക്കാനുമാണ് പദ്ധതി. ഇത് കൂടാതെ ചെക്ക് ബുക്ക് അനുവദിക്കുന്നിതിലും മുഷിഞ്ഞ നോട്ടുകൾ ഒരു പരിധിയിൽ അധികം മാറ്റിയെടുക്കാനും, കൂടുതൽ സേവന ഫീസ് ഈടാക്കാനായിരുന്നു തീരുമാനം. ഒപ്പം റുപ്പേ, ക്ലാസിക് എ.ടി.എം കാർഡുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമേ സൗജന്യസേവനം നൽകൂ എന്നും ഇന്ന് പുറത്ത് വന്ന സർക്കുലറിൽ വ്യക്തമാക്കുന്നു.
തങ്ങളെ ഇത്തരം തീരുമാനങ്ങളെടുക്കാൻ തിരഞ്ഞെടുത്ത ജനം ഒന്നും പ്രതികരിക്കില്ലെന്ന ചിന്തയിൽ നിന്നാണ് ഇത്തരം മണ്ടൻ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ അധികാരികൾക്ക് ധൈര്യമുണ്ടാകുന്നത്. ഇന്ത്യയിൽ നരേന്ദ്ര മോഡി സർക്കാർ കറൻസി പിൻവലിക്കൽ നടപടി ത്വരിതപ്പെടുത്തിയപ്പോൾ എത്രയോ കോടി ജനമാണ് എ.ടി.എം മുഖേന തങ്ങളുടെ സന്പത്ത് കൈക്കാര്യം ചെയ്യാൻ തുടങ്ങിയത്. ഈ ഒരു സംവിധാനം ഉപയോഗിക്കുന്പോൾ ബാങ്കുകൾക്ക് ചിലവ് കുറയുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ ഉപഭോക്താക്കളെ ഓൺലൈനിലേയ്ക്കും, എ.ടി.എം ഇടപാടുകളിലേയ്ക്കും കൊണ്ടുവരാനായിട്ടുള്ള പ്രോത്സാഹനമാണ് ബാങ്കുകൾ നടത്തേണ്ടത്. അതിന് പകരം സ്വന്തം അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുന്ന പണം നിക്ഷേപിക്കാനും, അതെടുക്കാനുമൊക്കെ ഫീസ് ഈടാക്കണമെന്നൊക്കെ പറയുന്നതിന് യാതൊരു ന്യായവുമില്ല.
എന്തായാലും ഈ കുറിപ്പെഴുതുന്പോൾ ജനരോക്ഷത്തെ തുടർന്ന് ഇത്തരമൊരു തീരുമാനം പിൻവലിക്കാനുള്ള നീക്കത്തിലാണ് േസ്റ്ററ്റ് ബാങ്ക് എന്നറിയുന്നതിൽ സന്തോഷമുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തിൽ അടിസ്ഥാനപരമായി ആ രാഷ്ട്രത്തിലെ ഏറ്റവും പാവപ്പെട്ടവനെ ഓർത്ത് വേണം അധികാരികൾ തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനുമെന്ന് പറയാറുണ്ട്. ഈ ഒരു കാര്യം നമ്മുടെ അധികാരവർഗ്ഗം തിരിച്ചറിയണമെന്ന ഓർമ്മപ്പെടുത്തലോടെ..