മെട്രോ കൂവി വരുന്പോൾ...
പ്രദീപ് പുറവങ്കര
കേരളം ഏറെ കാത്തിരുന്ന ഒരു വാർത്ത യാത്ഥാർത്ഥ്യമായിരിക്കുന്നു. സംസ്ഥാനത്തിന്റെ സാന്പത്തിക തലസ്ഥാനമായ കൊച്ചിയിൽ മെട്രോ റെയിൽ സേവനം ആരംഭിക്കാൻ ഇനി വേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സമയം മാത്രം. അദ്ദേഹം ഉദ്ഘാടനം നിർവ്വഹിക്കുന്നതോടെ ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ ദൂരത്തിൽ കേരളത്തിലെ ആദ്യത്തെ മെട്രോ റെയിൽ സർവ്വീസ് ആരംഭിക്കും. പ്രവാസ ലോകത്ത് ദുബൈയിലുള്ള മെട്രോ റെയിൽ പലരും കണ്ടിരിക്കും. അതിൽ യാത്ര ചെയ്തവരും അനവധിയുണ്ടാകും. ഇന്ത്യയിലാണെങ്കിൽ മുംബൈ, കൊൽക്കത്ത, ഡൽഹി, ജയ്പൂർ, ബംഗളൂരു എന്നിവടങ്ങളിലാണ് ഇപ്പോൾ ഈ സർവ്വീസ് പ്രവർത്തിക്കുന്നത്. രാജ്യത്തെ ഏഴാമത്തെ മെട്രോ റെയിലാണ് കൊച്ചിയിൽ ഇപ്പോൾ വരാനിരിക്കുന്നത്. സംസ്ഥാനത്തിന്റെ വ്യാപാര വാണിജ്യ തല
സ്ഥാനമാണ് ഇന്ന് എറണാകുളം. ആയിരക്കണക്കിന് പേരാണ് ഓരോ ദിവസവും ഈ നഗരത്തിൽ വന്നുപോകുന്നതും, ജീവിതം മുന്പോട്ട് നയിക്കുന്നതും. ഏകദേശം എട്ട് ലക്ഷത്തിൽ പരം ആളുകളാണ് കൊച്ചി മഹാനഗരത്തിൽ ജീവിക്കുന്നതെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഇവിടെയുള്ള ഇൻഫോപാർക്കുകളിൽ മാത്രം അന്പതിനായിരത്തിലധികം പേർ ജോലി ചെയ്യുന്നു. മെട്രോ റെയിൽ സംവിധാനം കൂടി വരുന്പോൾ ഈ സംഖ്യ ഇനിയുമെത്രയോ വർദ്ധിക്കുമെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.
മൂന്ന് കോച്ചുള്ള ഒന്പത് ട്രെയിനാകും കൊച്ചിയിൽ തുടക്കത്തിൽ സർവ്വീസ് നടത്തുക. രാവിലെ അഞ്ച് മുതൽ രാത്രി പത്ത് വരെ പത്ത് മിനുട്ട് ഇടവിട്ട് സർവ്വീസ് നടത്തും. തിരക്ക് കുറവുള്ള സമയങ്ങളിൽ ഈ ഇടവേള ദീർഘിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ആലുവ മുതൽ പാലാരിവട്ടം വരെ പതിനൊന്ന് േസ്റ്റഷനുകളാണ് ഉള്ളത്. പത്ത് രൂപയായിരിക്കും മിനിമം നിരക്ക്. സ്ഥിരം യാത്രക്കാർക്ക് നിരക്കിൽ ഇളവുണ്ടാകും. കൊച്ചി വൺ കാർഡെന്ന സ്മാർട്ട് കാർഡ് വഴിയാണ് ഈ ഇളവ് നൽകാൻ പോകുന്നത്. പരമാവധി 20 ശതമാനം വരെ ഇളവുണ്ടാകുമെന്നാണ് അറിയുന്നത്. ആലുവയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ 20 മിനുട്ടുകൊണ്ട് പാലാരിവട്ടത്തെത്തും. പ്രവർത്തിദിനങ്ങളിൽ എറണാകുള ത്തെ തിരക്ക് പലപ്പോഴും ക്രമാതീതായി ഉയരാറുണ്ട്. ഇതിന് വലിയൊരളവ് വരെയെങ്കിലും പരിഹാരം കണ്ടെത്താൻ മെട്രോ സഹായിക്കുമെന്ന് തീർച്ച.
അതേസമയം വലിയൊരു വിഭാഗം സാധരണക്കാരായ മലയാളികൾക്ക് പരിചയമില്ലാത്ത ഒരു ഗതാഗത സംവിധാനമാണ് മെട്രോ റെയിൽ. അതുകൊണ്ട് തന്നെ പ്രാരംഭ ഘട്ടങ്ങളിൽ തീർച്ചയായും പലർക്കും ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. കൊച്ചിൻ മെട്രോയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ തീർച്ചായയും ഇവർക്കുള്ള നിർദ്ദേശങ്ങൾ നൽകുമെന്ന് തന്നെ കരുതാം. അതോടൊപ്പം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഈ സ്വപ്ന പദ്ധതി പൂർത്തിയിക്കാൻ അദ്ധ്വാനിച്ച നിരവധി പേരുണ്ട്. അവരെയൊക്കെ മനസാ ആദരിച്ച് വേണം കൊച്ചി മെട്രോ റെയിലിന്റെ കാഹളം മുഴങ്ങാൻ...