ഇത് കേരളത്തിന് ലഭിച്ച നീറ്റൽ...
പ്രദീപ് പുറവങ്കര
ഓരോ വിമാനത്താവളങ്ങളിലും ആരെയും വിഷമിപ്പിക്കുന്ന ഒരു കേന്ദ്രമാണ് സുരക്ഷാ പരിശോധനകൾ നടക്കുന്ന ഇടങ്ങൾ. ബെൽട്ടും, ഷൂസും ഒക്കെ അഴിച്ച് ഒരു വല്ലാത്ത കോലത്തിൽ ഇവിടെ നിൽക്കുന്പോൾ എത്ര വലിയ ഉന്നതനും ഒന്ന് വെപ്രാളപ്പെടും. ആകാശത്ത് ഉയർന്ന് പറക്കുന്ന വിമാനങ്ങളിലേയ്ക്ക് കയറുന്നതിന് മുന്പ് അപായങ്ങളൊന്നും ഉണ്ടാകല്ലെ എന്നാഗ്രഹിച്ച് കൊണ്ട് തന്നെയാണ് എല്ലാവരും ഇത്തരം പരിശോധനകൾക്ക് ത യ്യാറാകുന്നത്. നമ്മുടെ മുൻ രാഷ്ട്രപതി മുതൽ വലിയ സിനിമാ താരങ്ങൾ വരെ ഇത്തരം പരിശോധനകളുടെ കയ്പ്പ്നീര് ഏറെ കുടിച്ചവരാണ്. ഇത്തരം വാർത്തകൾ എന്നും നമ്മുടെ പത്രത്താളുകളിൽ ഇടംപിടിക്കാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞത് വിമാനത്താവളത്തിലെ പരി ശോധനകളായിരുന്നില്ല, മറിച്ച് ഉന്നത വിദ്യാഭ്യാസം തേടുവാനുള്ള ആഗ്രഹത്തിന്റെ ഭാഗമായി ഒരുപരീക്ഷയെഴുതാൻ വന്ന പാവം വിദ്യാ ർത്ഥിനികൾക്ക് അനുഭവിക്കേണ്ടി വന്ന പരിശോധനാ നീറ്റലിനെ പറ്റിയായിരുന്നു.
സുരക്ഷയുടെപേരും പറഞ്ഞ് ഒരു വ്യക്തിക്ക് മനോവേദനയും, സമ്മർദ്ദവും സൃഷ്ടിക്കുന്ന തരത്തിൽ രാജ്യവ്യാപകമായി നടന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന നീറ്റ് എന്ന യോഗ്യതാപരീക്ഷയിൽ അടിവസ്ത്രം വരെ ഊരിപ്പിച്ച നടപടിയാണ് ഏറെ പ്രതിക്ഷേധത്തിന് ഇട യാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം തന്നെ ശിരോവസ്ത്രം അണിഞ്ഞെത്തിയ മുസ്്ലിം പെൺകുട്ടികളുടെ തട്ടമഴിപ്പിച്ച് നീറ്റ് പരീക്ഷ പലരെയും നീറ്റാൻ തുടങ്ങിയിരുന്നു. അതിന്റെ തുടർച്ചയാണ് ഇത്തവണയും ഉണ്ടായിരിക്കുന്നത്. പരീക്ഷയെഴുതാൻ വരുന്പോൾ വിലക്കപ്പെട്ട സാധനങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ കണടച്ചുള്ള പരിശോധനയാണ് വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് നാണക്കേടും വേദനയും നൽകിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ ചില സ്വ കാര്യ വിദ്യാലയങ്ങളിൽ നടന്ന ഈ പരിശോധനയെ മനുഷ്യ ത്വരഹിതമെന്ന് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കൂ. തങ്ങളുടെ ഭാവിയിലേയ്ക്ക് കണ്ണുംനട്ട് ഒരു പരീക്ഷയെഴുതാൻ ക്ലാസ് മുറിയിൽ വന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ അടിവസ്ത്രമുൾപ്പെടെ അഴിച്ച് മാറ്റി മാതാപിതാക്കളെ ഏൽപ്പിക്കേണ്ടി വന്ന സംഭവം കുറേ കാലമെങ്കിലും കേരളത്തിന്റെ നാണം കെട്ട ദൃശ്യങ്ങളിൽ ഒന്നായി തുടരുമെന്നും ഉറപ്പ്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇതേ പരീക്ഷ അരങ്ങേറിയിട്ടുണ്ടെങ്കിലും, കണ്ണൂരിൽ നടന്നത്ര മോശമായ കാര്യ ങ്ങൾ എവിടെയും നടന്നിട്ടില്ല. ഇവിടെയുള്ള പരിശോധകരുടെ മനോവൈകൃതമാണോ ഇത്തരമൊരു സംഭവം അരങ്ങേറാൻ കാരണമെന്ന് ചിന്തിച്ചാൽ പോലും കുറ്റം പറയാൻ സാധിക്കില്ല. വളരെ ശാന്തമായ മനസ്സോടെയും, ആത്മവിശ്വാസത്തോടെയും പരീക്ഷ ഹാളിലേയ്ക്ക് പ്രവേശിക്കാൻ ആഗ്രഹിച്ച ആ വിദ്യാർത്ഥികൾക്ക് മാനസികമായി നൽകപ്പെട്ട ഈ പീഢനത്തിന് പരിശോധകർ മാതൃകാപരമായി ശിക്ഷിക്കപ്പെടുക തന്നെ വേണം. അതെങ്കിലും ഈ സാംസ്കാരിക കേരളത്തിലെ പൗരന്മാർ ആഗ്രഹിക്കുന്നുണ്ടെന്ന ഓർമ്മപ്പെടുത്തലോടെ...