ഈ നാ­ടിന് ഇതെ­ന്ത് പറ്റി­


പ്രദീപ് പുറവങ്കര 

കേരളത്തിന്റെ മാപ്പിലേയ്ക്ക് തിരിച്ച് വെച്ച ഡിഷ് ആന്റിനകളാണ് കേരളത്തിന് പുറത്ത് താമസിക്കുന്ന ഓരോരുത്തരും. ഉറ്റവരുടെ ജീവിതം പ്രകാശമാനക്കാൻ വേണ്ടി പ്രവാസത്തിന്റെ ഭൂമിക തിര‍ഞ്ഞെടുത്തവരാണ് ഇവർ‍. പച്ചപ്പ് വിരിച്ചിട്ട നാടിന്റെ ഒരു ചിത്രം കാണുന്പോൾ‍ തന്നെ ഇടംനെഞ്ച് തുടിക്കുന്ന എത്രയോ പേർ‍ ഈ ലോകത്തുണ്ട്. ഒരു മഴ ചാറ്റൽ‍ മതി ഇവർ‍ക്ക് അവരുടെ നാട്ടിൻ‍പുറത്ത് എത്താൻ. അതുകൊണ്ട് തന്നെ  പിറന്ന നാട്ടിൽ‍ നിന്നും വരുന്ന ഓരോ വാർ‍ത്തയും ഇവരുടെ ഹൃദയമിടിപ്പുകൾ‍ കൂട്ടുന്നവയാണ്. അതിൽ‍ തന്നെ അസ്വസ്ഥപ്പെടുത്തുന്ന വാർ‍ത്തകൾ‍ ഉണ്ടെങ്കിൽ‍ ലക്ഷകണക്കിന് മനസ്സുകളെയാണ് അത് വേദനിപ്പിക്കുന്നത്. രാഷ്ട്രീയത്തിന്റെയും, മതത്തിന്റെയും പേരിൽ‍ എവിടെയെങ്കിലും ഉരുൾ‍പ്പൊട്ടലുകൾ‍ ഉണ്ടായാൽ‍ ഇതേ കാരണം കൊണ്ട് തന്നെ പ്രവാസലോകത്തിന്റെയും നെഞ്ച് പിടയുന്നു. ഇവിടെയുള്ളവർ‍ക്ക് രാഷ്ട്രീയ, മത ചിന്തകൾ‍ ഉണ്ടെങ്കിൽ‍ പോലും ആ വ്യത്യാസങ്ങൾ‍  കയ്യേറ്റത്തിന്റെ വക്കിലെത്താറില്ല. ഒരേ കട്ടിലിന്റെ താഴെയും മേലെയും കിടന്ന് അവർ‍ അവരുടെ ആശയങ്ങൾ‍ പങ്കിടുന്നു. നാട്ടിലേയ്ക്ക് അവധിക്ക് പോകാനായി പെട്ടി കെട്ടുന്പോൾ‍ ആദ്യം പ്രവാസി എടുത്തുവെക്കുന്നത്  വ്യത്യസ്ത ആശയക്കാരനായ തന്റെ സഹമുറിയന്റെ വീട്ടിലേയ്ക്കുള്ള സാധാനങ്ങളായിരിക്കും. ഇതൊന്നും നമ്മുടെ നാട്ടിലെ വ്യത്യസ്ത ആശയക്കാർ‍ ഇടയ്ക്കൊക്കെ മാധ്യമങ്ങളുടെ മുന്പിൽ‍ അഭിനയിച്ച് തീർ‍ക്കാറുള്ള നാടകങ്ങൾ‍ പോലെയല്ല. മറിച്ച് ഈ ലോകത്തിലുണ്ടായിരിക്കുന്ന എല്ലാ ആശയങ്ങളും മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്ന ലളിതമായ തിരിച്ചറിവ് മിക്ക പ്രവാസികൾ‍ക്കും ഉള്ളത് കൊണ്ടാണ്. 

കഴിഞ്ഞ ദിവസം നമ്മളൊക്കെ നാട്ടിൽ‍ നിന്നുള്ള മരണമാസ് സീൻ കണ്ടു. മഹത്തായ പാരന്പര്യം പേറുന്ന ഒരു കോളേജിന്റെ പ്രിൻസിപ്പലിനെ വിപ്ലവവീര്യം തുടിച്ചു നിൽ‍ക്കുന്ന കുറച്ച് ചെറുപ്പക്കാർ‍ ചേർ‍ന്ന് ഞെട്ടിക്കുന്ന സീൻ.  വിദ്യാർ‍ത്ഥികൾ‍ താമസിക്കുന്ന മുറിയിൽ‍ വെച്ച് വാക്കത്തിയും, ഇരുന്പ് കന്പികളും ഉൾ‍പ്പടെയുള്ള മാരകായുധങ്ങൾ‍ കണ്ടത്തിയതിനെ തുടർ‍ന്നാണ് ഈ ബഹളമൊക്കെ ഉണ്ടായത്. ബഹുമാന്യനായ മുഖ്യമന്ത്രിയുടെ അറിവിൽ‍ അതൊക്കെ പണിയായുധുങ്ങൾ‍ മാത്രമാണ്. പഠിക്കുന്നതിനോടൊപ്പം അതിന്റെ ചിലവിന് വേണ്ടി പണിയെടുക്കുന്ന വിദ്യാർ‍ത്ഥി സഖാകളുടെ പണിയാധുങ്ങൾ‍. ഇവിടെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം അയച്ച് മക്കളെ വലിയ കോളേജുകളിൽ‍ പഠിപ്പിക്കാൻ ശ്രമിക്കുന്നതിനടയിൽ‍  ഇത്തരം വാർ‍ത്തകൾ‍ കേൾ‍ക്കുന്പോൾ‍ സാധാരണക്കാരായ പ്രവാസികളുടെ വേവലാതി കൂടുന്നുണ്ട്. അപ്പോഴാണ് അവർ‍ ചോദിച്ച് പോകുന്നത്, ഈ നാടിന് ഇതെന്ത് പറ്റി എന്ന്.. 

വാക്കുകളും, അക്ഷരങ്ങളും പൂക്കേണ്ട ക്യാന്പസ്സുകളിൽ‍ നിന്ന് മാരാകായുധങ്ങൾ‍ കണ്ടെത്തുന്പോൾ‍, പ്രതിക്ഷേധ പ്രകടനങ്ങളിൽ‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ചെറുപ്പക്കാരുടെ മുഖത്ത് ഇരയുടെ ചോരയ്ക്ക് വേണ്ടി ദാഹിക്കുന്ന വേട്ടമൃഗങ്ങളുടെ ക്രൗര്യം കാണുന്പോൾ‍, അൽ‍പ്പമൊക്കെ ഭയം തോന്നുന്നുണ്ട്, തിരികെ ആ നാട്ടിലെത്താൻ‍. സന്പദ് വ്യവസ്ഥയെ താങ്ങിനിർ‍ത്തുന്ന നട്ടെല്ല് എന്നൊക്കെ ഇടയ്ക്ക് വിളിച്ച് സുഖിപ്പിക്കുമെങ്കിലും, ഇതൊന്നുമല്ല രാഷ്ട്രീയം എന്ന് വിളിച്ച് പറയാൻ പോലും അവകാശമില്ലാത്തവരാണ് ഇന്നും കേരളത്തിലെ പൊതുസമൂഹത്തിന് പ്രവാസികൾ‍. എങ്കിലും പണ്ടൊരു ചിത്രത്തിൽ‍ ഒരു നായകൻ ചോദിച്ചത് പോലെ ഇതൊന്ന് നിർ‍ത്താൻ വല്ല മാർഗ്‍ഗവുമുണ്ടോ സാർ‍ .. ഇല്ലാല്ലേ... 

You might also like

Most Viewed