ശ്...ശബ്ദമുണ്ടാക്കല്ലെ...
ബഹ്റൈനിൽ വന്ന ആദ്യകാലത്ത് ഏറ്റവുമധികം ചിന്തിപ്പിച്ച ഒരു കാര്യം ഇവിടെ വാഹനങ്ങളുടെ ഹോൺ ആരും അടിക്കാറില്ല എന്നതായിരുന്നു. ശബ്ദമലിനീകരണം ഉണ്ടാക്കേണ്ട എന്ന ചിന്ത മാത്രമായിരുന്നില്ല അതിന്റെ കാരണം. പകരം റോഡിലൂടെ സഞ്ചരിക്കുന്ന മറ്റുള്ളവരെ കൂടി ബഹുമാനിക്കണമെന്ന വിചാരമാണ് സ്വദേശികളെയും വിദേശികളെയും ഹോണടിക്കാതെ മുന്പോട്ട് പോകാൻ പ്രേരിപ്പിച്ചത്. ഈ വിഷയത്തെ പറ്റി ഓർക്കാൻ കാരണമായത് കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിൽ ഹോൺഹരിത ദിനം എന്ന പേരിൽ ഒരു ദിവസത്തെ ആചരിക്കാൻ ശ്രമിച്ച വാർത്ത വായിച്ചതാണ്. നാട്ടിലെ എഫ്എം റേഡിയോ േസ്റ്റഷനുകളിലൊക്കെ അന്ന് ഹോണടിക്കേണ്ടുന്ന സന്ദർഭങ്ങൾ വിശദീകരിച്ചുകൊണ്ട് റേഡിയോ ജോക്കികൾ ഈ ദിനത്തെ ആഘോഷിച്ചുവെങ്കിലും ഈ ഉപദേശങ്ങൾ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ മാറ്റി വെച്ച് ഹോൺ അടിച്ച് തന്നെ മലയാളി ഹോൺരഹിത ദിനം ആചരിച്ചു. നാട്ടിലെങ്ങും നിറഞ്ഞിരിക്കുന്ന ഉച്ചഭാഷണികളുടെ കഠോരശബ്ദത്തിനിടയിൽ ഈ ഹോൺരഹിത ദിനം പൂരത്തിനിടയിലെ പൊട്ടാസ് പൊട്ടിക്കൽ മാത്രമായി ഒതുങ്ങി പോയി.
മലിനീകരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശബ്ദമലിനീകരണമെന്ന് നമ്മുടെ നാട്ടുക്കാർ ഇനിയും മനസിലാക്കിയിട്ടില്ല. വാഹനമോടിക്കുന്നുണ്ടെങ്കിൽ ഹോണടിച്ച് പിടിക്കണമെന്നാണ് ഡ്രൈവർമാരിൽ മിക്കവരുടെയും ധാരണ. ആശുപത്രി പോലെയുള്ള സ്ഥലങ്ങളിൽ ഹോണടിക്കാൻ പാടില്ലെന്ന് വലിയ നോട്ടീസ് അടിച്ചിട്ടുണ്ടെങ്കിലും, അവിടെയൊക്കെയാണ് മലയാളി ഭ്രാന്തമായ രീതിയിൽ ഹോണടിച്ച് ബഹളമുണ്ടാക്കാറുള്ളത്. ചെവി മാത്രമല്ല, ശരീരമാകെ തുളച്ച് കയറുന്ന തരത്തിലുള്ള എയർ ഹോണുകൾ ഉൾപ്പെടെ ഇരുചക്ര വാഹനങ്ങളടക്കം പുറത്തേയ്ക്ക് വിടുന്നു. ആംബുലൻസുകളുടെ സൈറണുകൾ പോലും ഇവയുടെ മുന്പിൽ അപ്രസക്തമായി പോകുന്നു. ഒരു നിശ്ചിത ഡെസിബലിനപ്പുറമുള്ള ശബ്ദം ആരോഗ്യത്തിന് ഹാനികരമാണ് എന്ന പഠിക്കാത്തവരല്ല ഇത്തരം ശബ്ദമലിനീകരണം ഉണ്ടാക്കുന്നവർ. എന്നാൽ നിയമങ്ങളുടെ പാലനം നടത്തേണ്ടവരുടെ അംലഭാവം കാരണം കർണകഠോരമായ ശബ്ദങ്ങളെ നിയന്ത്രിക്കാൻ ആർക്കും സാധിക്കുന്നില്ല.
ശബ്ദമലിനീകരണം നിയന്ത്രിക്കുവാൻ നമ്മുടെ പാർലിമെന്റ് തന്നെ പാസാക്കിയ നിയമപ്രകാരം ഘോര ശബ്ദമുണ്ടാക്കുന്ന നീളൻ കോളാന്പികൾ ഉപയോഗിക്കുവാൻ പാടില്ല. ഈ നിയമത്തെ വെല്ലുവിളിച്ചു കൊണ്ടാണ് ഒരു ബോക്സിനുള്ളിൽ തന്നെ ഒന്നിലധികം സ്പീക്കറുകൾ ഘടിപ്പിച്ച് കോളാന്പിയെ പോലും പിന്നിലാക്കുന്ന സൗണ്ട് ബോക്സുകൾ രംഗത്ത് വന്നത്. ഉത്സവങ്ങളോ, ആഘോഷങ്ങളോ, മതപ്രസംഗങ്ങളോ, ആദ്ധ്യാത്മിക പ്രഭാഷണ പരന്പരകളോ നടക്കുന്പോൾ ഏറ്റവും കുറഞ്ഞത് രണ്ട് കിലോമീറ്ററെങ്കിലും ഇതിന്റെ ഫലമറിയണമെന്ന ചിന്തയിലാണ് ഇത്തരം ശബ്ദപ്പെട്ടിക്കള് സ്ഥാപിക്കപ്പെടുന്നത്. ഉത്സവമോ ആഘോഷമോ എന്നാൽ പരിധിയില്ലാത്ത ശബ്ദകോലാഹലം എന്നാണ് ഇപ്പോൾ അർത്ഥമാക്കുന്നത്. സമാധാനമായി ജീവിക്കേണ്ട മനുഷ്യന്റെ മേൽ നടത്തുന്ന വലിയ അക്രമമായിട്ടാണ് ഇന്ന് ഇത്തരം പ്രവർത്തനങ്ങൾ അരങ്ങേറുന്നത് എന്ന ആശങ്കയോടെ...