അവർ പറക്കട്ടെ... ഉയരങ്ങളിലേയ്ക്ക്...
പ്രദീപ് പുറവങ്കര
ഒരു എസ്.എസ്.എൽ.സി ഫലം കൂടി പുറത്ത് വന്നിരിക്കുന്നു. പരീക്ഷ എഴുതിയവരിൽ 95.98 ശതമാനം പേരും വിജയശ്രീലാളിതരായിരിക്കുന്നു. സോഷ്യൽ മീഡിയകളിലൂടെ തങ്ങളുടെ മക്കൾ നേടിയ വിജയത്തിന്റെ ആഹ്ലാദം മാതാപിതാക്കൾ ഇപ്പോഴും പങ്കുവെച്ചുകൊണ്ടിരിക്കുന്നു. വിജയികൾക്ക് അഭിന്ദനവും, പരാജയപ്പെട്ടവർക്ക് അടുത്ത തവണ വിജയിക്കാനുള്ള ആശംസയും നേരട്ടെ. ഇനി പുറത്ത് വരാനുള്ളത് സി.ബി.എസ്.ഇ ബോർഡ് പരീക്ഷാ ഫലങ്ങളാണ്. പ്രവാസലോകത്തും അതിന്റെ സമ്മർദ്ദങ്ങൾ രൂപപ്പെട്ടുതുടങ്ങിക്കഴിഞ്ഞു. റിസൾട്ട് വന്നിട്ട് വേണം അവർക്കും ഭാവി പരിപാടികൾ ക്രമീകരിക്കാൻ.
ഓരോ വർഷവും മെയ്, ജൂൺ മാസമെത്തുന്പോൾ ഉന്നത വിദ്യാഭ്യാസത്തിനായി ഒരുങ്ങുന്നവരുടെയും മാതാപിതാക്കളുടെയും ഹൃദയമിടിപ്പിന്റെ എണ്ണം കൂടുന്നത് സാധാരണയാണ്. ഇത്രയും കാലം തങ്ങളുടെ ചിറകിനടിയിൽ വളർന്ന് വന്ന മക്കൾക്ക് ചിറക് മുളയ്ക്കുന്നതിനെ ഏറെ ആശങ്കയോടെ കാണുന്നവരാണ് മിക്കവരും. ഇവർക്ക് പറക്കാൻ ആകുമോ എന്നും, പറന്നാൽ തന്നെ ഏറ്റവും മുന്പിൽ പറക്കുമോ എന്നുമൊക്കെ സംശയിച്ച് വേവലാതിപ്പെടും ഇവർ.
എന്നാൽ പലപ്പോഴും ഇതേ വേവലാതി കുട്ടികളിൽ കാണാനില്ല എന്നതാണ് സത്യം. ഇന്നത്തെ കാലത്ത് മിക്ക കുട്ടികൾക്കും അവരുടെ ഭാവിയെ പറ്റി നല്ല ബോധ്യമുണ്ട്. മാതാപിതാക്കളുടെ ആഗ്രഹപ്രകാരം ചിലപ്പോഴൊക്കെ മനസ്സില്ലാമനസ്സോടെ എൻട്രൻസ് പരീക്ഷകളിൽ പങ്കെടുക്കുമെങ്കിലും അവർക്ക് ആഗ്രഹമുള്ള ജോലി നേടാനുള്ള ശ്രമം ഒരു ഭാഗത്ത് നിന്ന് മതാപിതാക്കളുടെ അറിവോടെയോ അല്ലെങ്കിലോ കുട്ടികൾ നടത്തിക്കൊണ്ടിരിക്കും. കൗൺസിലിംഗ്് രംഗത്ത് അൽപ്പകാലം പ്രവർത്തിച്ചപ്പോൾ ഇവിടെയുള്ള കുട്ടികളുമായി ഇത്തരം വിഷയങ്ങളെ പറ്റി ആശയവിനിമയം നടത്താൻ സാധിച്ചതിന്റെ വെളിച്ചത്തിലാണ് ഞാൻ ഇത് പറയുന്നത്. മുന്പ് പത്താം തരം പാസാകുന്പോൾ അന്ന് ലഭ്യമായിരുന്ന നാല് ഗ്രൂപ്പുകളിൽ ഏതെങ്കിലും ഒന്നിന്റെ ഭാഗമാവുക എന്നതായിരുന്നു ഒരു വിദ്യാർത്ഥിക്ക് ലഭിച്ച ആനുകൂല്യമെങ്കിൽ ഇന്ന് അത് എത്രയോ അധികമായി മാറിയിരിക്കുന്നു. 30,000രത്തിലധികം വ്യത്യസ്തമായ ജോലികൾ ഇന്ന് ഈ ലോകത്ത് ഉണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞത് ഓർക്കട്ടെ. അതുകൊണ്ട് തന്നെ നമുക്ക് അറിയാവുന്ന അൽപ്പം കുറച്ച് ജോലികളോ, അല്ലെങ്കിൽ കോഴ്സുകളോ മാത്രം മനസ്സിലാക്കി അത് തന്നെ മക്കൾ പഠിക്കണമെന്ന പിടിവാശി ഈ കാലത്ത് വിലപ്പോവില്ല.
വിദ്യ എന്നത് അറിവാണ്. അത് ഒരു ജീവതത്തെ ധന്യമാക്കുന്ന പ്രകാശമാണ്. ആ പ്രകാശത്തെ നിർബന്ധിച്ച് ഒരാളുടെ തലയിലേയ്ക്ക് അടിച്ചേൽപ്പിക്കാൻ സാധിക്കില്ല. പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാൻ മാത്രമേ സാധിക്കൂ. ഈ ഒരു കാര്യം തിരിച്ചറിഞ്ഞ് വേണം ഉന്നതവിദ്യാഭ്യാസ രംഗത്തേയ്ക്ക് കാലെടുത്ത് വെക്കാൻ പോകുന്ന കുട്ടികളോട് മാതാപിതാക്കളും ഗുരുക്കന്‍മാരും പ്രതികരിക്കാൻ എന്ന ആഗ്രഹത്തോടെ...