ആരോടാണീ പിടിവാശി...
പ്രദീപ് പുറവങ്കര
നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സഹായത്തിന് ആറോളം ഉപദേശകരുണ്ടെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം നിയമസഭയിൽ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്. ഉപദേശം ഏത് കോണിൽ നിന്നും ഏറ്റുവാങ്ങുന്നത് നല്ലതാണ്, അതിൽ എന്തെങ്കിലും നന്മ ഉണ്ടെങ്കിൽ. അതല്ല വെറും വിടൽസാണ് ഉപദേശങ്ങളായി ബഹുമാന്യനായ മുഖ്യന്റെ ചെവിയിൽ പതിയുന്നതെങ്കിൽ ഇന്ന് കോടതി മുഖാന്തരം ലഭിച്ച മാനഹാനിയും ധനനഷ്ടവും തുടർച്ചകളായി മാറുമെന്ന കാര്യം തീർച്ച. അനാവശ്യമായ പിടിവാശിയും, ധാർഷ്ട്യവും, അഹങ്കാരവുമൊക്കെ ചിലപ്പോൾ ഒരു പാർട്ടി നേതാവിന് ഭൂഷണമായിരിക്കും. എന്നാൽ എല്ലാ തരത്തിലുമുള്ള ജനങ്ങളെ ഉൾക്കൊള്ളേണ്ട ഒരു പദവിയിലിരിക്കുന്പോൾ അത്തരം പെരുമാറ്റങ്ങൾ പൊതുസമൂഹത്തിലുണ്ടാകുന്നത് ഒരു തരം ഈർഷ്യയായണെന്ന് പറയാതിരിക്കാൻ വയ്യ.
ടി.പി സെൻകുമാർ കേസിൽ സുപ്രീംകോടതി ഉത്തരവിൽ വ്യക്തതയും പുനഃപരിശോധനയും ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിക്കുന്പോൾ അനവാശ്യമായ ഒരു ദുർവാശിയാണ് അവിടെ വെളിപ്പെട്ടിരുന്നത്. അതിന്റെ ഏറ്റവും ചെറിയ ശിക്ഷയാണ് പൊതുഖജനാവിൽ നിന്ന് ചിലവാക്കാൻ പോകുന്ന 25,000 രൂപ പിഴ. മെയ് 9ന് സെൻകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയും സുപ്രീകോടതി പരിഗണിക്കാനിരിക്കുകയാണ്. അതിലും വിധി ഇന്ന് വന്നത് പോലെയാണെങ്കിൽ നാണക്കേടുകളുടെ ഭാരം ഇനിയും പിണറായി സർക്കാരിന് കൂടി വരും. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് കോടതിയലക്ഷ്യത്തിന് ഇതോടെ തടവ് ശിക്ഷ കിട്ടിയെന്നും വരാം. അതിന് മുന്പ് സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവിയാക്കിയാൽ സർക്കാരിന് തങ്ങളുടെ മാനം രക്ഷിക്കാം.
ഈ ഒരു വിഷയത്തെ പറ്റി സൂചിപ്പിക്കുന്പോൾ തന്നെ കഴിഞ്ഞ ദിവസം അമേരിക്ക കേരളത്തിലെ ഇടതുപ്രസ്ഥാനങ്ങളെ തകർക്കാനുള്ള ശ്രമത്തിലാണെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറയുന്നത് കേട്ടു. ഒക്ടോബർ വിപ്ലവത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ ആണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. ഇങ്ങിനെയൊക്കെയുള്ള വാദങ്ങൾ അന്പത് വർഷം മുന്പാണ് പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ കുറച്ച് പേരെങ്കിലും വിശ്വസിച്ചേക്കും. പക്ഷെ ഇത് കാലം വേറെയാണ്. അമേരിക്കയിൽ തന്നെ പാർട്ടി സഖാക്കളും, അവരുടെ മക്കളുമുൾപ്പെടെയുള്ള ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്നു. അവിടെയും ഇവിടെയും നടക്കുന്ന ഓരോ സംഭവവികാസങ്ങളും ആ നിമിഷം തന്നെ പരസ്പരം അറിയുന്നു. കൂടാതെ ലോകമാകമാനം ഉത്തരകൊറിയയുമായി അമേരിക്ക ഒരു യുദ്ധത്തിന് വരെ തയ്യാറാകുമോ എന്ന ആശങ്ക പരക്കുന്ന കാലത്താണോ കേരളത്തിലെ തെരുവോരങ്ങളിൽ ഇടതുപക്ഷ വിരുദ്ധ പോസ്റ്ററൊട്ടിക്കാൻ ട്രംപും കൂട്ടരും വരുന്നുണ്ടെന്ന് പൊതുജനം വിശ്വസിക്കേണ്ടത്?
ഇത്തരം മൈതാന പ്രസംഗങ്ങളല്ല ശ്രീ പിണറായി വിജയിന്റെ നേതൃത്വത്തിലുള്ള ഗവൺമെെന്റിൽ നിന്ന് കേരള സമൂഹം പ്രതീക്ഷിക്കുന്നത്. മുന്പ് പല തവണ പറഞ്ഞത് പോലെ എല്ലാം ശരിയായില്ലെങ്കിൽ കുറച്ചെങ്കിലും ശരിയാക്കാനുള്ള ആത്മാർത്ഥമായ ശ്രമമാണ് ഉണ്ടാകേണ്ടത്. പകരം വ്യക്തിവിദ്വേഷങ്ങളും, തൻപോരിമയും ഒക്കെ ഭരണത്തിൽ നിറഞ്ഞാടിയാൽ അത് വേദനിപ്പിക്കുന്നത് വോട്ട് ചെയ്ത് അധികാരത്തിന്റെ കസേര വെച്ച് നീട്ടിയ വലിയൊരു ജനസമൂഹത്തെയാണ്. ഒപ്പം അതിസാമർത്ഥ്യവും, അതിബുദ്ധിയുമുള്ളയാളാണ് താനോ, തന്റെ ഉപദേശകരോ എന്ന് മുഖ്യമന്ത്രി ചിന്തിച്ച് പോയിട്ടുണ്ടെങ്കിൽ അത് തിരുത്തേണ്ട സമയമമായെന്നും ഓർമ്മിപ്പിക്കട്ടെ...