തണലാ­കട്ടെ­ ഈ കാ­ൽവെയ്പ്പ്...


പ്രദീപ് പുറവങ്കര 

ഇന്നത്തെ കാലത്ത് ആരോഗ്യകാര്യങ്ങളെ പറ്റി ഏറെ ബോധവാനാണ് ബഹുഭൂരിഭാഗം മനുഷ്യരും. ഈ മേഖല കൈവരിച്ച നേട്ടങ്ങൾ‍ നിരവധിയാണ്. ഓരോ ദിവസവും പുതിയ കണ്ടുപിടുത്തങ്ങൾ‍ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ‍ നടക്കുന്നു. ഇങ്ങിനെയാകുന്പോൾ‍ തന്നെ ആരോഗ്യപ്രശ്നങ്ങളും ദിനംപ്രതി വർ‍ദ്ധിച്ച് വരികയാണ്. മാറിയ ജീവിത ശൈലിയും, ഭക്ഷണരീതിയുമൊക്കെ മനുഷ്യരുടെ ആരോഗ്യം നശിപ്പിക്കുന്നതിൽ‍ വലിയൊരു പങ്കാണ് വഹിക്കുന്നത്. പ്രവാസലോകത്ത് ജീവിതശൈലി രോഗങ്ങൾ‍ ഇല്ലാത്തവർ‍ ഏറെ കുറവാണ്. കൊളസ്ട്രോളും, പ്രഷറും, ഷുഗറുമൊക്കെ ഇവിടെ സാധരണ കാണുന്ന രോഗങ്ങൾ‍ തന്നെ. ഇതിന്റെ ഫലമായി ഹൃദയാഘാതങ്ങളാണ്  പലപ്പോഴും ഏറ്റവുമധികം റിപ്പോർ‍ട്ട് ചെയ്യപ്പെടാറുള്ളതെങ്കിലും, അതിലും അധികം പേർ‍ ദുരിതമനുഭവിക്കുന്നത് വൃക്കരോഗങ്ങൾ‍ കൊണ്ടാണെന്ന റിപ്പോർ‍ട്ട് ഇതിനിടെ വന്നത് ഏറെ പ്രാധാന്യം അർ‍ഹിക്കുന്ന കാര്യമാണ്. 

പ്രവാസലോകത്ത് എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്ന മരുന്നുകളാണ് വേദനസംഹാരി ഗുളികകളും അതുപോലെ ആന്റിബയോട്ടിക്കുകളും. ഇതിന്റെ അമിതമായ ഉപയോഗവും, ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതുമാണ് പലപ്പോഴും കിഡ്നി തകരാറിലാവാൻ കാരണം. തുടക്കത്തിൽ‍ തന്നെ രക്തപരിശോധന നടത്തിയാൽ‍ ഇക്കാര്യം കണ്ടുപിടിക്കാം. തുടർ‍ന്ന് ഡയാലിസ് ഉൾ‍പ്പെടെയുള്ള ചികിത്സയിലൂടെ രോഗം മാറ്റാം. കിഡ്നി അസുഖങ്ങളെ സാധാരണം, അപകടരം, ചികിത്സിച്ച് മാറ്റാൻ കഴിയുന്നത് എന്നിങ്ങിനെ തരംതിരിക്കാം. പലപ്പോഴും പ്രാരംഭത്തിൽ‍ ലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്നില്ല. അതുകൊണ്ട് തന്നെ പരിശോധനകൾ‍ മാത്രമാണ് ഇത് കണ്ടെത്താനുള്ള ഏക മാർ‍ഗ്ഗം. പ്രമേഹവും, ഉയർ‍ന്ന രക്തസമ്മർ‍ദ്ദവും, കുടുംബ പശ്ചാത്തലവും ഒക്കെ കിഡ്നിയുടെ പ്രവർ‍ത്തന തകരാറുകൾ‍ക്ക് കാരണമാകാവുന്ന ഘടകങ്ങളാണ്. 

പലപ്പോഴും ഇത് പരിശോധക്കണമെന്നുണ്ടെങ്കിൽ‍ പോലും പ്രവാസലോകത്തെ ഉയർ‍ന്ന ആരോഗ്യപരിപാലന ചിലവ് കാരണം അത് മാറ്റിവെക്കുന്നവരാണ് മിക്കവരും. അത്തരം ആളുകൾ‍ക്ക് വലിയൊരു ആശ്വാസമായിട്ടാണ് ബഹ്റൈനിൽ‍ ഇന്ന് മുതൽ‍ മൂന്ന് ദിവസം നീണ്ടുനിൽ‍ക്കുന്ന കിഡ്നി കെയർ‍ എക്സിബിഷൻ തണൽ‍ എന്ന സംഘടന നടത്തുന്നത്. ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിൽ‍ വെച്ച് നടക്കുന്ന ഈ പരിപാടിയിൽ‍ പത്ത് വ്യത്യസ്തമായ പവിലയനുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം വിദഗ്ദ്ധരുടെ നേതൃത്വത്തിൽ‍ ബോധവത്കരണ ക്ലാസുകളും, കിഡ്നി പ്രവർ‍ത്തനത്തെ നിർ‍ണയിക്കാനുള്ള ലാബുകളും സജ്ജമാക്കിയിട്ടുണ്ട്. പതിനായിരത്തോളം പേർ‍ ഈ പ്രദർ‍ശനത്തിന്റെ ഭാഗമാകുമെന്നാണ് കരുതപ്പെടുന്നത്. ബഹ്റൈനിലെ പ്രവാസി സമൂഹത്തെ ഇവിടെ എത്തിക്കുന്നതിനോടൊപ്പം തന്നെ സ്വദേശികളായ സുഹൃത്തുക്കളെയും ഇതിൽ‍ പങ്കെടുപ്പിച്ച് കൊണ്ട് തണൽ‍ ഒരുക്കുന്ന ഈ സംരഭത്തിന് കൈത്താങ്ങാകാൻ ഏവർ‍ക്കും സാധിക്കട്ടെ എന്നാഗ്രഹത്തോടെ... 

You might also like

  • Lulu Exchange
  • Straight Forward

Most Viewed