നീലതിമിംഗലവും ആത്മഹത്യയും...
പ്രദീപ് പുറവങ്കര
യാഥാർത്ഥ്യത്തിന്റെ കെട്ടുപാടുകളിൽ നിന്ന് രക്ഷ നേടാനായിട്ടാണ് പലപ്പോഴും മിക്കവരും സൈബർ ലോകത്തോട് അടുത്തു പോകുന്നത്. സോഷ്യൽ മീഡിയയുടെ കൂടി കടന്ന് വരവ് ഈ ലോകത്തെ ഏറെ ആകർഷകമാക്കുന്നു. സ്വകാര്യമായി എന്തും ചെയ്ത് കൂട്ടാൻ സാധിക്കുന്ന ഒരിടമാണ് മിക്കവർക്കും ഈ സോഷ്യൽ മീഡിയലോകം. ഇതൊടൊപ്പം ഇപ്പോൾ ധാരാളം ഓൺലൈൻ ഗെയിമുകളും സൈബർലോകത്ത് നിറഞ്ഞ് കവിയുന്നുണ്ട്. പലതും നിരുപദ്രവകാരികളാണെങ്കിലും കഴിഞ്ഞ ദിവസം കേട്ട പുതിയൊരു ഗെയിം ഏറെ അപകടകാരിയാണെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. അതിന്റെ പേര് ബ്ലൂ വെയിൽ എന്നാണ്. ഇതിന്റെ പ്രത്യേകത ഈ ഗെയിം കളിക്കുന്നയാൾ കളി തീരുന്നതിന് മുന്പ് ആത്മഹത്യ ചെയ്തിരിക്കും എന്നതാണ്. അതായത് സൂയിസൈഡ് ഗെയിമായിട്ടാണ് ഇതിനെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ അവതരിപ്പിച്ചിരിക്കുന്നതെന്ന് ചുരുക്കം.
ദുബൈ ഉൾപ്പടെയുള്ള പ്രവാസലോകത്ത് കൗമാരപ്രായക്കാരായ ഓൺലൈൻ പ്രേമികളുടെ ഇടയിൽ ഈ ഗെയിം വളരെ പെട്ടന്ന് പ്രചാരം നേടുന്നുണ്ടെന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ബ്ലൂ വെയിൽ എന്ന ഗെയിം കളിക്കുന്നയാളുകൾ അതിന്റെ ഓരോ േസ്റ്റജും പിന്നിടുന്പോൾ അവരുടെ മാനസികനില തെറ്റുകയും, ഒടുവിൽ അവസാന േസ്റ്റജ് എത്തുന്പോഴേയ്ക്കും ആത്മഹത്യ ചെയ്യാനുള്ള പ്രവണത ഉണ്ടാവുകയും ചെയ്യുമത്രെ. ഈ ഗെയിം ആരംഭിച്ച റഷ്യയിൽ ഇത്തരത്തിൽ ഏതാണ്ട് 100 കൗമാരപ്രായക്കാരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അന്പത് ദിവസം കൊണ്ട് കളിച്ച് തീർക്കേണ്ട ഈ ഗെയിമിന്റെ ആദ്യഘട്ടത്തിൽ പ്രേത സിനിമകൾ കാണാനാണ് ആവശ്യപ്പെടുന്നത്. പിന്നീട് സ്വന്തം ശരീരത്തിൽ തന്നെ മുറിവേൽപ്പിക്കാനും, മുറിവേറ്റ നിലയിലുള്ള ചിത്രങ്ങൾ അയച്ചു കൊടുക്കാനും ഗെയിമിലൂടെ ആവശ്യപ്പെടുന്നു. ഇത് ചെയ്തില്ലെങ്കിൽ ഭീഷണി സന്ദേശങ്ങൾ ലഭിക്കും. ഗെയിം കളിക്കുന്നയാളിന്റെ മനസ്സിനെ നിയന്ത്രിച്ച് ഒടുവിൽ ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെടുന്ന ഒരു മൈൻഡ് മാനിപുലേറ്റിംഗ് ഗെയിമാണ് ബ്ലൂ വെയിൽ. ഒരിക്കൽ ഈ കളി തുടങ്ങിപ്പോയാൽ പിന്നെ പുറത്ത് പോകാനും അതികഠിനമാണെന്ന് പറയപ്പെടുന്നു. ഒരു തവണ കന്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്താൽ പിന്നെ ബ്ലൂ വെയിൽ എന്ന ഗെയിമിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. പല വിദേശ രാജ്യങ്ങളും ഈ വീഡിയോ ഗെയിം കുട്ടികൾ കളിക്കുന്നുണ്ടെങ്കിൽ ഉടൻ വിലക്കണമെന്ന് പോലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റഷ്യയിൽ യൂലിയ കോൺസ്റ്റാറ്റിനോവ (15), വെറോണിക്ക വോൽക്കോവ (16) എന്നി കുട്ടികൾ ജീവിതം അവസാനിപ്പിച്ചതോടെയാണ് ബ്ലൂ വെയിൽ ഗെയിം അധികാരികൾ ശ്രദ്ധിച്ചു തുടങ്ങിയത്. അവർ ഇരുവരും തിരഞ്ഞെടുത്ത വഴി വലിയ അപ്പാർട്‌മെന്റിന് മുകളിൽ നിന്നും ചാടുക എന്നതായിരുന്നു. യൂലിയയും വെറോണിക്കയും മരിക്കുന്നതിന് മുന്പ് അവരുടെ സോഷ്യൽ മീഡിയ പേജിൽ ‘എൻഡ്’ എന്ന് നീല തിമിംഗലത്തിന്റെ ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയയിലും മറ്റും വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.
എന്തായാലും കൗമാരക്കാരായ സ്വന്തം മക്കളെങ്കിലും ഓൺലൈനിലൂടെ ഈ നീലതതിമിംഗലത്തിന്റെ പിടിയിൽ അകപ്പെടുന്നുണ്ടോ എന്ന ശ്രദ്ധ പ്രവാസലോകത്തെ മാതാപിതാക്കൾക്ക് ഉണ്ടാകട്ടെ എന്നാഗ്രിച്ച് കൊണ്ട്...