ഒരു തൊഴിൽ ദിനം കൂടി കടന്നുപോകുന്പോൾ...


പ്രദീപ് പുറവങ്കര

ഒരു തൊഴിൽ‍ ദിനം കൂടി കടന്നുപോയിരിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി ലോകമെന്പാടും വിവിധ പരിപാടികളും നടന്നു. ബഹ്റൈനിലെ പ്രമുഖ കന്പനികളിൽ‍ ജോലി ചെയ്ത് വരുന്ന അഞ്ച് പേരെ ആദരിക്കാൻ സാധിച്ചതാണ് ഫോർ‍ പി.എമ്മിനെ സംബന്ധിച്ചടുത്തോളം ഈ ദിനത്തിൽ‍ ചെയ്യാൻ സാധിച്ച നല്ല കാര്യം. പലപ്പോഴും മുതലിനെ ലാളിക്കുന്നവരെ ആദരിക്കുവാൻ നമുക്ക് എല്ലാവർ‍ക്കും അവസരം ലഭിക്കാറുണ്ട്. അതേസമയം സന്പത്ത് ശേഖരിക്കുവാൻ സഹായിക്കുന്നവരെ മറന്നും പോകുന്നു. അതിനൊരു വ്യത്യസ്തത വേണമെന്ന ആഗ്രഹത്തോടെയാണ് ഫോർ‍ പി.എം തൊഴിലാളികൾ‍ക്കായി ഒരു പുരസ്കാരം ഏർ‍പ്പെടുത്തിയത്. വരും നാളുകളിലും ഇത് തുടരണമെന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹവും. 

1886ൽ അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരുവുവീഥികളിൽ മരിച്ചുവീണ തൊഴിലാളികളുടെയും ആ സമരത്തിന്‌ നേതൃത്വം നൽകിയതിന്റെ പേരിൽ കൊലമരത്തിൽ കയറേണ്ടി വന്ന ധീരരായ പാർസൻസ്‌, സ്പൈസർ, ഫിഷർ, ജോർജ്ജ്‌ എംഗൽസ്‌ തുടങ്ങിയ തൊഴിലാളി നേതാക്കളുടെയും സ്മരണാർത്ഥമാണ്‌ ലോകമെന്പാടുമുള്ള തൊഴിലാളികൾ മെയ്‌ ഒന്നിന്‌ മെയ്ദിനമായി ആഘോഷിക്കുന്നത്‌. ഇന്ന് ഇത്‌ വെറുമൊരു ദിനാചരണം മാത്രമല്ല മറിച്ച് തൊഴിലാളികളുടെയും, അടിമസമാനമായ ജീവിതം നയിക്കുന്നവരുടെയും ദളിതരുടെയും ആദിവാസികളുടെയും അധഃസ്ഥിതരുടെയും അടിച്ചമർത്തപ്പെട്ട മുഴുവൻ പേരുടെയും പോരാട്ടത്തിന്റെ പ്രതിജ്ഞ പുതുക്കുന്ന ദിനം കൂടിയായി മാറിയിരിക്കുന്നു. തൊഴിലാളി വിരുദ്ധ പ്രവർ‍ത്തനങ്ങൾ‍ ഇന്നും ശക്തമായി ലോകത്തിന്റെ പലയിടങ്ങളിലും നടക്കുന്നുണ്ട് എന്ന യാത്ഥാർ‍ത്ഥ്യത്തെ ഓർ‍മ്മിപ്പിക്കാനും ഈ ദിനം സഹായിക്കുന്നു. 

അതേസമയം ഇന്നത്തെ കാലത്ത് തൊഴിലാളിയും മുതലാളിയും എന്ന വ്യത്യാസത്തിന്റെ തോത് വളരെയേറെ കുറഞ്ഞു വരുന്നുണ്ട് എന്നതും നമ്മൾ‍ കാണേണ്ടതാണ്. തൊഴിലാളിയെക്കാൾ‍ തൊഴിലെടുക്കുന്ന മുതലാളിമാർ‍ ഇന്ന് നമ്മുടെ ഇടയിൽ‍ ഏറെയുണ്ട്. പുലർ‍ച്ചെ നാല് മണി മുതൽ‍ രാത്രി 12 മണി വരെ വിശ്രമമില്ലാതെ ഓടി നടക്കുന്ന എത്രയോ മുതലാളിമാർ‍ ഈ പ്രവാസലോകത്തുമുണ്ട്. തൊഴിലാളികൾ‍ക്ക് ഉള്ളത് പോലെയുള്ള സംഘടനകൾ‍ ഇവർ‍ക്ക് അധികമില്ലെന്ന് മാത്രം. സന്പത്ത് സ്വരുകൂട്ടാനാണ് ഇവരുടെ അദ്ധ്വാനമെങ്കിലും, ആ കൂട്ടിവെച്ചിരിക്കുന്ന സന്പത്ത് ഇന്നല്ലെങ്കിൽ‍ നാളെ പൊതുസമൂഹത്തിന് തന്നെ ഉപകരപ്പെടുന്നതായി മാറുമെന്ന ചിന്തയും ഈ കാലത്ത് ഉണ്ടാകേണ്ടത് ആവശ്യമാണ്. തൊഴിലാളിയും മുതലാളിയും കൈകോർ‍ത്ത് പിടിച്ച് ഒന്നിച്ച് നടക്കുന്ന ഒരു കാലം ആഗ്രഹിച്ച് കൊണ്ട്...

You might also like

Most Viewed