വികാരമല്ല, വിവേകമാണ് വേണ്ടത്...
പ്രദീപ് പുറവങ്കര
ഇന്ത്യാ മഹാരാജ്യം സാന്പത്തികമായി ഏറെ മുന്നിലേയ്ക്ക് കുതിക്കുകയാണെന്ന് കേൾക്കുന്നത് പതിവായിട്ടുണ്ടെങ്കിലും, രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ മേൽ സാന്പത്തികമായ ഭാരങ്ങൾ ഏറുകയാണെന്നതാണ് യാഥാർത്ഥ്യം. പലപ്പോഴും സാമൂഹികവും സാന്പത്തികവുമായ ഇത്തരം പ്രശ്നങ്ങളെ പറ്റി നമ്മുടെ നാട്ടിൽ സജീവമായ ചർച്ചകളോ പ്രതിക്ഷേധങ്ങളോ നടക്കുന്നില്ല. വളരെ വൈകാരികമായ ചില പ്രശ്നങ്ങൾ ഊതിപെരുപ്പിച്ചുകൊണ്ട് വാർത്താ ഉറവിടങ്ങളുടെ ശ്രദ്ധ അങ്ങോട്ട് തിരിപ്പിക്കുന്ന അവസ്ഥയാണ് പൊതുവേ കണ്ടുവരുന്നത്. ഇദ്ധന വിലവർദ്ധനവ് ഇപ്പോൾ നമുക്ക് വലിയ വാർത്തയല്ലാതായിരിക്കുന്നു എന്നത് ഇതിന്റെ ഉദാഹരണമാണ്. പ്രത്യേകിച്ച് ഇലക്ട്രോണിക്ക് മാധ്യമങ്ങൾ ഇത്തരത്തിൽ സജീവമാകേണ്ട വിഷയങ്ങളെ തമസ്കരിക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്.
കറൻസി പിൻവലിക്കലുമായി ബന്ധപ്പെട്ട് കുറേ നല്ല കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണഫലം ഇപ്പോഴും സാധാരണക്കാരനിലെത്തിയിട്ടില്ല. വർഷം കൂടും തോറും ജീവിതചെലവുകൾ കൂടിവരുന്നുണ്ട് എന്നതും സത്യമാണ്. ഉപഭോഗവസ്തുക്കൾക്ക് പുറമേ പൊതുസേവനങ്ങൾക്കുള്ള ചിലവുകളും ഇപ്പോൾ ക്രമാതീതമായി വർദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ അദ്ധ്യയന വർഷം തുടങ്ങാൻ പോകുന്ന നേരമാണിത്. വലിയൊരു ശതമാനം വരുന്ന സാധാരണക്കാരായ മാതാപിതാക്കളും സ്കൂൾ പ്രവേശനത്തിന്റെയും മറ്റ് സൗകര്യങ്ങളുടെ പേരിൽ തങ്ങളുടെ കൈയിൽ നിന്ന് സ്ഥാപനങ്ങൾ പിഴിഞ്ഞെടുക്കാൻ പോകുന്ന ഫീസിനെ പറ്റി ആശങ്കാകുലരാണ്. പലയിടത്തും ഇപ്പോൾ ഫീസ് ഇരട്ടിയും അതിലധികവും ആക്കികഴിഞ്ഞിട്ടുണ്ട്. നഴ്സറി സ്കൂളിൽ പോലും പ്രവേശന ഫീസ്, സംഭാവന, പുസ്തകത്തിന്റെ വില, യൂണിഫോണിന്റെ വില, തുടങ്ങിയ ഇനങ്ങളിലായി ക്രമാതീതമായിട്ടാണ് ഫീസ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇടത്തരക്കാർക്കും അതിൽ താഴെയുള്ളവർക്കും ഈ ചിലവുകൾ എങ്ങിനെ താങ്ങാൻ സാധിക്കുമെന്ന ആശങ്കയിലാണ്. സർക്കാർ സ്കൂളുകളാണെങ്കിൽ മതിയായ അദ്ധ്യാപകരോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ വലയുന്നു. പൊതുജനങ്ങളുടെ ആരോഗ്യകാര്യത്തിലും ഈ ചിലവ് വല്ലാതെ വർദ്ധിച്ചിട്ടുണ്ട്. സാധാരണ പരിശോധനകൾക്ക് പോലും നിശ്ചിത നിരക്കുകൾ സർക്കാർ ആശുപത്രികളും ഈടാക്കിതുടങ്ങിയിരിക്കുന്നു. ഈ മേഖലയിലെ സ്വകാര്യവത്കരണവും അതിവേഗം നടക്കുന്നുണ്ട്.
ഇങ്ങിനെ എന്ത് തരം ജനവിരുദ്ധ നടപടികൾ സ്വീകരിച്ചാലും ജനങ്ങൾ പ്രതികരിക്കില്ലെന്ന ധാരണ ഭരണവർഗ്ഗത്തിന് ഉണ്ടായികഴിഞ്ഞിരിക്കുന്നു. വൈകാരികമായ മുദ്രാവാക്യങ്ങൾ ഇത്തരം വലിയ പ്രശ്നങ്ങളെ മുക്കി കളയുമെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. ഗോഹത്യയും, പൂവാല ശല്യവും, മുത്തലാഖും തുടങ്ങിയ വിഷയങ്ങൾ അതുകൊണ്ട് തന്നെ ഇടയ്ക്കിടെ പൊങ്ങിവരുന്നു. യഥാർത്ഥമായ പ്രശ്നങ്ങളിലേയ്ക്ക് ജനശ്രദ്ധ തിരിച്ചുവിടാൻ പറ്റുന്ന മാർഗ്ഗങ്ങളെ പറ്റി നമ്മുടെ രാജ്യത്തെ ജനാധിപത്യ മതേതര പാർട്ടികൾ ഇനിയെങ്കിലും ശ്രമിച്ചില്ലെങ്കിൽ അവർ ചെയ്യുന്ന ഏറ്റവും വലിയ നീതികേടായിരിക്കും അത് എന്ന ഓർമ്മപ്പെടുത്തലോടെ...