കട്ടപ്പയെന്തിന് അത് ചെയ്തു ?
പ്രദീപ് പുറവങ്കര
നമ്മളിൽ വലിയൊരു വിഭാഗം പേരും പരസ്പരം ചോദിച്ചു കൊണ്ടിരുന്ന ഒരു ചോദ്യത്തിന് ഉത്തരം നൽകി ബാഹുബലി എന്ന വലിയ സിനിമ റിലീസായിരിക്കുന്നു. ബാഹുബലിയെ കട്ടപ്പ എന്തിന് കൊന്നു എന്ന സംശയത്തെ ഏറ്റവും നന്നായി തന്നെ വിൽക്കാൻ അതിന്റെ അണിയറ ശിൽപ്പികൾക്ക് കഴിഞ്ഞു എന്ന് ആദ്യ ദിവസത്തെ ഹൗസ് ഫുൾ പ്രദർശനങ്ങൾ തെളിയിക്കുന്നു. ഇവിടെ സിനിമ കലയോ കച്ചവടമോ എന്ന ചിന്തയ്ക്ക് തന്നെ നിലനിൽപ്പില്ല. രണ്ടായാലും ആൾക്കാർ ആ ആഘോഷത്തെ പൂർണ്ണമായും ഏറ്റെടുത്ത് കഴിഞ്ഞു. അതുകൊണ്ട് തന്നെ സിനിമാ പ്രേമികളെ സംബന്ധിച്ച് ബാഹുബലി ഒരു ഉത്സവം ആണെന്ന് പറയാം. തിരശ്ശീലയിൽ തെളിയുന്ന മായക്കാഴ്ചകളിൽ ഭ്രമിച്ചിരിക്കാൻ ലഭിക്കുന്ന അവസരമാണ് അവർക്ക് ഇത്. ഈ ആൾക്കൂട്ട ആഘോഷത്തിൽ അലിയാതെ മാറി നിന്നാൽ ബാക്കിയാവുക അരസികൻ എന്ന ലേബൽ മാത്രം. കുറേ കഴിയുന്പോൾ ബാഹുബലി കണ്ടവർ, കാണാത്തവർ എന്നൊരു വേർതിരിവ് തന്നെ ഉണ്ടാകാനും സാധ്യതയുണ്ട്.
അതേസമയം എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത് എന്ന സസ്പെൻസ് പൊളിക്കുവാൻ വേണ്ടിയും നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. ആ സിനിമയുടെ രസം ഇല്ലാതാക്കുന്ന വളരെ വൃത്തികെട്ട പ്രവർത്തിയായി മാത്രമേ ഇതിനെ കാണാനാകൂ. ഈ ബ്രഹ്മാണ്ധ ചിത്രം സാധ്യമാക്കിയ നൂറുകണക്കിന് സിനിമ പ്രവർത്തകരോട് കാണിക്കുന്ന അനാദരവ് കൂടിയാണിത്. എന്തായാലും ഞാൻ അറിഞ്ഞു, വേറെ ആരും അതുകൊണ്ട് രസിക്കണ്ട എന്ന ഈ മനോഭാവം ചികിത്സ വേണ്ടതാണ്. ആദ്യഭാഗം ബാക്കി വെച്ച സംശയത്തിന് ഉത്തരം നൽകുന്നതിനോടൊപ്പം ഒരു സാധാരണ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ചിത്രം പിന്നെയും കുറേ കാര്യങ്ങൾ ബാക്കി വെയ്ക്കുന്നു. കോടിക്കണക്കിന് രൂപ മുടക്കി ഉണ്ടാക്കിയ കോട്ടക്കൊത്തളങ്ങളും, രാജപാർട്ട് വേഷങ്ങളും ദൃശ്യവിസ്മയങ്ങളുടെ⊇ നിറകാഴ്ച്ച സമ്മാനിക്കുന്നുണ്ട്.
നാട്ടിലെ ഏതെങ്കിലും വലിയ വീട്ടിലെ കല്യാണ ഘോഷം കണ്ട് കണ്ണ് തള്ളിപ്പോകുന്നവരെ പോലെ ഇത്തരം കാഴ്ചകൾ⊇ പ്രേക്ഷകനെ ആശ്വസിപ്പിക്കുമെന്ന് തീർച്ച !