വലിയ തിരുമേനിക്ക് പിറന്നാളാശംസകൾ...
പ്രദീപ് പുറവങ്കര
കണ്ണൂരാണല്ലേ.. വലിയ പ്രശ്നക്കാരാ... ചിരിച്ചു കൊണ്ട് ആ വലിയ തിരുമേനി പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അഭിമുഖം എടുക്കാൻ ചെന്ന എന്റെയുള്ളിലും ചിരി പൊട്ടിത്തുടങ്ങിയിരുന്നു. അല്ല തിരുമേനി എല്ലാവരും പ്രശ്നക്കാരല്ലെന്ന് ഞാൻ ഉത്തരം പറയുന്പോഴും അത് വിശ്വസിക്കാൻ മടിയുള്ളത് പോലെ... തിരുമേനി കുലുങ്ങി കുലുങ്ങി ചിരിച്ചു കൊണ്ടിരുന്നു. ആത്മീയനേതാക്കൾ തമാശ പറയുന്നവരാകരുതെന്ന് ചിന്തിക്കുന്നവരാണ് മലയാള നാട്ടിൽ മ
ഹാഭൂരിഭാഗം പേരും. ഈശ്വരനുമായി നേരിട്ട് ബന്ധപ്പെടാനുള്ള കുറുക്കുവഴികളായിട്ടാണ് പലരും ഇവരെ കാണുന്നത് പോലും. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഏറ്റവും സാധാരണക്കാർക്കിടയിൽ പോലും അവരിലൊരാളായി മാറി, ചുറ്റിലും, സ്നേഹവും പൊട്ടിചിരിയും സമ്മാനിച്ച് കേരളത്തിന്റെ മണ്ണിൽ നിന്ന് ലോകരാജ്യങ്ങളിലേയ്ക്ക്് തന്റെ യശസ്സ് ഉയർത്തിയ മഹാനാ
ണ് ഒരു നൂറ്റാണ്ടിന്റെ ആയുസ്സ് ആഘോഷിക്കുന്ന മാർത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്തയായ മാർ ക്രിസോസ്റ്റം തിരുമേനി. അദ്ദേഹം ബഹ്റൈനിൽ കഴിഞ്ഞ തവണ വന്നപ്പോഴും കാണാനുള്ള മഹാഭാഗ്യം ലഭിച്ചതിന്റെ ഓർമ്മയാണ് തുടക്കത്തിൽ പങ്കിട്ടത്.
"ദൈവത്തെ കുറിച്ച് അറിഞ്ഞ് മതിയായിട്ടില്ല, മനുഷ്യനെ കുറിച്ച് അറിഞ്ഞതിനേക്കാൾ കൂടുതൽ അറിയാനുണ്ട് ദൈവത്തെ കുറിച്ച്. ഇനിയൊരു ജന്മം കൂടി വേണ്ടി വരും അതിന്". തിരുമേനി മാർ ക്രിസോസ്റ്റം പറയുന്നതാണിത്. ജീവിതത്തിൽ ‘സെഞ്ച്വറി’ നേടിയ അദ്ദേഹത്തിന് മനുഷ്യനെന്ന മഹാത്ഭുതത്തെ അറിയാൻ കഴിഞ്ഞിടത്തോളം മറ്റാർക്കും കഴിഞ്ഞു കാണില്ല. അദ്ദേഹത്തിന്റെ നൂറാം പിറന്നാളാണിന്ന്. പലവിധ അസുഖങ്ങൾ കൊണ്ട് ജീവിതത്തിനിടെ ‘അർദ്ധ സെഞ്ച്വറിയിൽ’ പാഡഴിച്ചുവെക്കേണ്ടി വരുന്ന നമ്മളെപ്പോലുള്ളവർക്ക് മാർ ക്രിസോസ്റ്റം അത്ഭുത പ്രതിഭാസമാണ്.
ചിരിച്ചുകൊണ്ട് നമ്മളെയൊക്കെ ചിന്തിപ്പിക്കുന്ന വാക്കുകളാണ് മാർ ക്രിസോസ്റ്റത്തെ ഏറെ വ്യത്യസ്തനാക്കുന്നത്. പേരിന് സ്വർണ്ണനാവുകാരൻ എന്ന് അർത്ഥം വരുന്ന ഇദ്ദേഹം കേരളത്തിന്റെ ആത്മീയ മേഖലയിൽ ഏറ്റവും ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്. 100ാം വയസ്സിൽ എത്തിയിട്ടും നർമ്മസംഭാഷണത്തിൽ കേമത്വമുള്ള അദ്ദേഹം പറയുന്നത് ‘എന്റെ അച്ഛൻ 103 വയസ്സുവരെ ജീവിച്ചിട്ടുണ്ട്’ എന്നാണ്. ഇത്രയധികം ആയുസ്സ് ലഭിച്ചിട്ടുപോലും അതിനെ നിസ്സാരമായി കാണുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് തന്നെയാണ് മിക്കപ്പോഴും മാർ ക്രിസോസ്റ്റം ഏറെ ജനകീയനാകാൻ കാരണമായതും. ഈ 100 വർഷം ജീവിച്ചിട്ടും തനിക്ക് ലോകത്തിന് വലിയ സംഭാവനകളൊന്നും നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറയുന്പോൾ അതിലെ എളിമ നമ്മൾ ഉൾക്കൊള്ളണം.
മത മേലദ്ധ്യക്ഷന്മാരെ കുറിച്ചുള്ള സകല പരന്പാരാഗത ധാരണകളെയും വെല്ലുവിളിച്ചും പലതും തിരുത്തിക്കുറിച്ചുമായിരുന്നു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ ജീവിതം. ജീവിതം ഒരു തുടർച്ചയാണ്. അതിലെ ഓരോ ഘട്ടവും വ്യത്യസ്തവുമാണ്. ഓരോന്നിനെയും ആഘോഷമാക്കി മാറ്റുന്പോൾ ആ ജീവിതങ്ങൾ ധന്യമാകുന്നു. അത്തരമൊരു ധന്യ ജീവിതമായ മാർ ക്രിസോസ്റ്റം തിരുമേനിക്ക് ഹൃദയത്തിൽ നിന്നും സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ...