തല മറന്ന് എണ്ണ തേ­ക്കരു­ത്...


പ്രദീപ് പുറവങ്കര

പതിറ്റാണ്ടുകളായി ഗൾ‍ഫ് എന്നത് അനേകമായിരം പ്രവാസികളുടെ ആശാകേന്ദ്രമാണ്. നിത്യച്ചിലവിന് പോലും ബുദ്ധിമുട്ടുന്ന എത്രയോ കുടുംബങ്ങളുടെ അത്താണിയാണ് ഈ പ്രദേശം. സ്വന്തം നാട്ടിൽ‍ ജോലി ലഭിക്കാതെ വരുന്പോഴോ തന്റെ സ്വപ്നങ്ങൾ‍ക്ക് നിറം ചാർ‍ത്തുവാനോ അവിടെ നിന്നാൽ‍ സാധിക്കില്ലെന്ന് തിരിച്ചറിയുന്പോഴോ ആണ് മഹാഭൂരിഭാഗം പേരും ഈ പ്രവാസലോകത്തേയ്ക്ക് ഭാഗ്യം തേടി വരുന്നത്. തങ്ങളുടെ ബുദ്ധിയും അദ്ധ്വാനവും ഉപയോഗിച്ച് ഇതിൽ‍ പലരും പേരും, പ്രശസ്തിയും, സന്പത്തും ഉണ്ടാക്കി. മറ്റ് ചിലർ‍ തങ്ങളുടെ കുഞ്ഞു സ്വപ്നങ്ങളെ സാക്ഷാത്കരിച്ചു. കുറെ പേരെങ്കിലും പ്രിയപ്പെട്ടവരുടെ കണ്ണീരൊപ്പാനായി മെഴുകുതിരികളായി സ്വയം എരിഞ്ഞിടങ്ങി. ഇങ്ങിനെ ഈ മധ്യധരണ്യാഴിയുടെ ഓരോ പ്രദേശത്തോടും ഒരിക്കലും തീർ‍ത്താൽ‍ തീരാത്ത കടപ്പാടുകൾ‍ ഇവിടെ ജീവിക്കുന്ന ഓരോരുത്തരും അതോടൊപ്പം അവരുടെ ബന്ധുക്കളും ബാക്കി വെക്കുന്നു. 

മലയാളത്തിന്റെ നറുമണവുമായി വന്ന് ഇവിടെ താമസിക്കുന്ന ലക്ഷക്കണക്കിന് പേരുണ്ട്. സ്വദേശികളുടെ സ്നേഹവും സാഹോദര്യവും തൊട്ടറിഞ്ഞവരാണ് ഇതിൽ‍ ഭൂരിഭാഗവും. അതുകൊണ്ട് തന്നെ  സ്വന്തം രാജ്യമായി തന്നെ ഈ ഭൂപ്രദേശങ്ങളെ മനസ്സ് കൊണ്ട് നമ്മൾ‍ സ്വീകരിച്ച് കഴിഞ്ഞിരിക്കുന്നു. ഇത് കാരണം സ്വന്തം നാട്ടിൽ‍ പോലും ലഭിക്കാത്ത തരത്തിൽ‍ സ്വാതന്ത്ര്യം പലരും ഇവിടെ കൊണ്ടാടുന്നു. പക്ഷെ  പുതിയ കാലഘട്ടത്തിൽ‍  ഇത് ദുരുപയോഗം െചയുന്നവരുടെ എണ്ണം വല്ലാതെ വർ‍ദ്ധിക്കുകയാണ് എന്ന കാര്യം ആശങ്കയുള്ളവാക്കുന്ന വാർ‍ത്തയാണ്. ഇന്ന് തന്നെ ബഹ്റൈനിൽ‍ നിന്നുള്ള രണ്ട് വാർ‍ത്തകൾ‍ ഫോർ‍ പി.എം റിപ്പോർ‍ട്ട് ചെയ്തിട്ടുണ്ട്. താമസസ്ഥലങ്ങളിൽ‍ സെക്യൂരിറ്റി ജോലി ചെയ്യുന്നയാളെ അവിടെ താമസിക്കുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനെ തുടർ‍ന്ന് ഒരു മലയാളിയെ നാട്ടിലേയ്ക്ക് കയറ്റി അയച്ചതും, മറ്റൊരു മലയാളി വളരെ പരസ്യമായി സോഷ്യൽ‍ മീഡിയയിലൂടെ  പ്രവാചക നിന്ദ നടത്തിയതുമായ വാർ‍ത്തകളാണിത്. 

ഒരു കപ്പൽ‍ മുക്കാൻ ചെറിയൊരു തുള മതിയെന്ന് പറയാറുണ്ട്. അതു പോലെയുള്ള കാര്യമായിട്ടാണ് ഇത്തരം വാർ‍ത്തകളെ നമ്മൾ‍ നോക്കിക്കാണേണ്ടത്. 99 ശതമാനം പേരും നന്മ നിറഞ്ഞവരാകുന്പോൾ‍ കേവലം ഒരുശതമാനം ഇതു പോലെയായാൽ‍ പോലും അത് ബാധിക്കുന്നത് മൊത്തം പ്രവാസി സമൂഹത്തെയാണ്. മുന്പൊരിക്കൽ‍ ബംഗ്ലാദേശ് സ്വദേശിയായ ഒരാൾ‍ അറബ് സ്വദേശിയായ ഒരാളുടെ കഴുത്തറത്ത് കൊന്ന സംഭവം ബഹ്റൈനിൽ‍ അരങ്ങേറിയപ്പോൾ‍ ഇവിടെയുള്ള ബംഗ്ലാദേശ് സ്വദേശികളെയാകെ നാട്ടിലേയ്ക്ക് കയറ്റി അയക്കാൻ വരെ ഇവിടുത്തെ നിയമനിർ‍മ്മാണ സഭകളിൽ‍ ചർ‍ച്ചയുണ്ടായത് ഓർ‍ക്കട്ടെ. അന്ന് ഇവിടെയുള്ള വിശാലമനസ്കരായ ഭരണാധികാരികൾ‍ ഇടപ്പെട്ടാണ് അത്തരമൊരു തീരുമാനം നടപ്പിലാകാതെ പോയത്. ഇങ്ങിനെ വളരെയേറെ സങ്കീർ‍ണവും വൈകാരികപരമായി പ്രശ്നങ്ങൾ‍ ഉണ്ടാക്കാനുമുള്ള ശ്രമങ്ങൾ‍ മലയാളികൾ‍ ഉൾ‍പ്പെടുന്ന പ്രവാസി സമൂഹം നടത്തിയാൽ‍ അത് സൃഷ്ടിക്കുന്ന പ്രയാസങ്ങൾ‍ ചെറുതായിരിക്കില്ല. 

നിൽ‍ക്കുന്ന ഇടത്തിന്റെ നിയമവും, അവരുടെ സംസ്കാരത്തെയും ബഹുമാനിച്ചും സ്നേഹിച്ചും വേണം ഇവിടെ കഴിയാൻ. അല്ലെങ്കിൽ‍ തിരികെ നാട്ടിലേയ്ക്ക് പോയി വേണം ഇത്തരം തെമ്മാടിത്തരങ്ങൾ‍ കാണിക്കാൻ എന്ന ഓർ‍മ്മപ്പെടുത്തലോടെ..  

You might also like

  • Lulu Exchange
  • Straight Forward

Most Viewed