പ്രതിഷേധങ്ങളെ കാണാതെ പോകരുത്...


പ്രദീപ് പുറവങ്കര 

തമിഴ് ജനത പലപ്പോഴും സംഘടിപ്പിക്കാറുള്ള പ്രതിഷേധപരിപാടികൾ‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നവയാണ്. സമീപകാലത്ത് നടന്ന ജെല്ലികെട്ട് സമരം മുതൽ‍ മുൻ‍കാലങ്ങളിൽ‍ അരങ്ങേറിയിരുന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ‍ വരെ അതിൽ‍ ഉൾ‍പ്പെടും. കഴിഞ്ഞ ദിവസങ്ങളിൽ‍ ഇന്ദ്രപ്രസ്ഥത്തിൽ‍ നടന്ന തമിഴ്നാട്ടിൽ‍ നിന്നുള്ള കർ‍ഷകരുടെ സമരവും ഇത്തരത്തിൽ‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ പ്രക്ഷോഭമാണ്. തമിഴ്നാട് മുഖ്യമന്ത്രി നൽ‍കിയ ഉറപ്പിൽ‍ താത്കാലികമായി കഴിഞ്ഞ ദിവസം ഈ സമരത്തിന് വിരാമമുണ്ടായിട്ടുണ്ടെങ്കിലും ഉന്നയിച്ച പ്രശ്നങ്ങൾ‍ക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ‍ മെയ് 25 മുതൽ‍ വീണ്ടും പ്രക്ഷോഭം തുടരുമെന്ന് അവർ‍ മുന്നറിയിപ്പ് നൽ‍കിയിട്ടുണ്ട്. കേവല വികാരപ്രകടനമല്ല തമിഴ് ജനതയ്ക്ക് പ്രക്ഷോഭങ്ങൾ‍. അവരുടെ ജീവിതത്തിന്റെ മുന്പോട്ട് പോക്കിനെ വല്ലാതെ ബാധിക്കുന്ന ഒരു വിഷയമുണ്ടാകുന്പോഴാണ് അവർ‍ സമരമാർ‍ഗ്ഗം സ്വീകരിക്കുന്നത്.

ഡൽ‍ഹിയിൽ‍ നടന്ന സമരം മാർ‍ച്ച് 14 മുതലാണ് ആരംഭിച്ചത്. ജന്ദർ‍ മന്തറിൽ‍ തുടങ്ങിയ പ്രക്ഷോഭത്തിൽ‍ ആളുകളുടെ എണ്ണം കുറവായിരുന്നുവെങ്കിലും വീര്യം ഒട്ടും തന്നെ കുറഞ്ഞിരുന്നില്ല. തമിഴ്‌നാട്ടിലെ കർഷകർ മാത്രം അനുഭവിക്കുന്ന പ്രശ്നങ്ങളല്ല, മറിച്ച്‌ ഇന്ത്യയിലെ പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യയിലെ കർഷക സമൂഹം ആകെ നേരിടുന്ന പ്രശ്നങ്ങളാണ്‌ അവരുന്നയിച്ചത്‌. അതിൽ പ്രധാനപ്പെട്ടത്‌ മതിയായ വരൾച്ചാ ദുരിതാശ്വാസം ലഭ്യമാക്കണമെന്നതാണ്‌. പത്തുവർഷമായി തുടർച്ചയായ വരൾച്ചയെയും അതുമൂലമുള്ള കൃഷിനാശത്തെയും നേരിടുകയാണ്‌ സംസ്ഥാനം. കഴിഞ്ഞ രണ്ടു വർഷത്തെ സ്ഥിതി അത്യന്തം ഗുരുതരവുമാണ്‌. 140 വർഷത്തിനിടയിലെ കൊടും വരൾച്ചയാണ്‌ കഴിഞ്ഞ വർഷം തമിഴ്‌നാട്ടിലുണ്ടായത്‌. തമിഴ്‌നാട്‌ മാത്രമല്ല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാകെ വരൾച്ചയുടെ കാര്യത്തിൽ ഗുരുതരമായ ഈ സ്ഥിതിവിശേഷം നേരിടുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ തമിഴ്‌നാട്ടിലെ ട്രിച്ചി, കാരൂർ, തഞ്ചാവൂർ ജില്ലകളിൽ നിന്ന്‌ കർഷകർ ഡൽഹിയിൽ സമരം ആരംഭിച്ചത്‌.

2016 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന്‌ മാസത്തിനിടയിൽ മാത്രം തമിഴ്‌നാട്ടിൽ 144 കർഷകർക്കാണ് ആത്മഹത്യ ചെയ്യേണ്ടി വന്നത്‌. ഒരു വർഷത്തിനിടെ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം നാനൂറിലധികമാണ്‌. വിളനാശത്തെ തുടർന്ന്‌ വായ്പ തിരിച്ചടക്കാൻ സാധിക്കാതെ വന്നതാണ്‌ കർഷക ആത്മഹത്യക്ക്‌ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. വായ്പ തിരിച്ചടക്കാൻ സാധിക്കാതെ വരുന്പോൾ കർഷകർക്ക്‌ ആകെയുള്ള വസ്തുവകകൾ ജപ്തി ചെയ്യുക തുടങ്ങിയ നടപടികൾ യാതൊരു തടസവുമില്ലാതെ ബാങ്കുകൾ തുടരുകയുമാണ്‌. വൻകിടക്കാരുടെ വായ്പകൾ നിശ്ചല ആസ്തിയെന്ന പേരിൽ മാറ്റി വെയ്ക്കുന്പോഴാണ്‌ ചെറുകിട കർഷകരുടെ വായ്പകൾ പിടിച്ചെടുക്കുന്നതിന്‌ ബാങ്കുകൾ വിവിധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത്‌.

സംസ്ഥാനത്ത്‌ വിവിധ സമരങ്ങൾ നടത്തിയിട്ടും ഫലമില്ലാതെ വന്നപ്പോഴാണ്‌ കേന്ദ്ര ഭരണാധികാരികൾക്കു മുന്നിലേയ്ക്ക്‌ സമരകേന്ദ്രം മാറ്റേണ്ടി വന്നത്‌. തലയോട്ടികൾ അണിഞ്ഞും നഗ്നരായും മൂത്രം കുടിച്ചും മലം ഭക്ഷിച്ചും വ്യത്യസ്ത രീതിയിലുള്ള ആ സമരങ്ങൾ കേവല പ്രദർ‍ശനത്തിന് വേണ്ടിയായിരുന്നില്ല. എന്നിട്ട് പോലും പ്രധാനമന്ത്രിയോ, കേന്ദ്രസർ‍ക്കാരോ ഇവരെ തിരിഞ്ഞുനോക്കാൻ‍ പോലും ശ്രമിക്കാത്തത് തീർ‍ത്തും പ്രതിഷേധാർ‍ഹമായ കാര്യമാണ്. ഓരോ തെരഞ്ഞെടുപ്പുകളിലും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കും മുൻഗണനയെന്ന്‌ പ്രഖ്യാപിച്ച്‌ പ്രചരണ കോലാഹലം തീർത്ത നരേന്ദ്ര മോഡി ഇന്ത്യ ഭരിക്കുന്പോഴാണ്‌ തമിഴ്‌നാട്ടിലെ കർഷകർക്ക്‌ ഇത്തരത്തിലൊരു അനുഭവമുണ്ടായതെന്നത്‌ അപമാനകരമാണെന്ന ഓർ‍മ്മപ്പെടുത്തലോടെ...

You might also like

  • Lulu Exchange
  • Straight Forward

Most Viewed