മണ്ടന്മാർക്ക് കുട പിടിക്കരുത്...
പ്രദീപ് പുറവങ്കര
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ മധുരയിൽ ഒരു മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഒരു പരീക്ഷണത്തിന്റെ വാർത്ത നിങ്ങളും വായിച്ചിരിക്കും. ജലക്ഷാമം രൂക്ഷമായ തമിഴ്നാട്ടിലെ ജലം സൂര്യതാപത്താൽ ബാഷ്പീകരിച്ച് പോകാതിരിക്കാനുള്ള ശ്രമമാണ് തമിഴ്നാട് സഹകരണമന്ത്രി ചെല്ലൂർ കെ. രാജു തന്റെ അതിബുദ്ധിയിലൂടെ നടപ്പാക്കാൻ ശ്രമിച്ചത്.
മധുരയിലെ വൈഗെ ഡാമിലെ ബാഷ്പീകരണം തടയുന്നതിനായി തെർമോക്കോൾ ഷീറ്റുകൾ കൂട്ടിക്കെട്ടി ജലം മറയ്ക്കുക എന്ന അതിനൂനത സാങ്കേതികവിദ്യായാണ് അദ്ദേഹം നടപ്പിലാക്കിയത്. സെല്ലോ ടേപ്പ് ഒട്ടിച്ച് തെർമോക്കോൾ ഷീറ്റുകൾ പരസ്പരം ബന്ധിപ്പിച്ച് ഡാമിലെ ജലത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. ഇതിനായി പൊതുഖജനാവിൽ നിന്നെടുത്ത പത്തുലക്ഷം രൂപയുടെ തെർമോക്കോളും വാങ്ങി അദ്ദേഹം വൈഗെ ഡാമിലെത്തി. തന്റെ പുതിയ സാങ്കേതികവിദ്യ കാണാനും രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്യാനും പ്രധാന മാധ്യമങ്ങളെയെല്ലാം അദ്ദേഹം ക്ഷണിച്ചിരുന്നു. പക്ഷെ കാറ്റിന്റെ ചലനവേഗവും തെർമോക്കോൾ ഷീറ്റിന്റെ സാന്ദ്രതയും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ ഭൗതീകശാസ്ത്ര തത്വത്തെ പറ്റി മന്ത്രി അറിയാതെ പോയി. ഏതായാലും മാധ്യമ പ്രവർത്തകരുടെയും അനുയായി വൃന്ദത്തിന്റെയും നടുവിൽ തെർമോക്കോൾ ഷീറ്റ് വെള്ളത്തിലിട്ട് മന്ത്രിക്ക് കിട്ടിയത് നല്ല മുട്ടൻ പണി. ഷീറ്റ് വെള്ളത്തിൽ ഇടുന്പോഴേയ്ക്കും കാറ്റിൽ അത് പറന്നുപോകുന്ന അവസ്ഥയാണ് ഉണ്ടായത്. ഈ പരീക്ഷണം കുറെ നേരം തുടന്ന് തളർന്ന മന്ത്രി ഒടുവിൽ പണി നിറുത്തി. ഏതായാലും സാമൂഹിക മാധ്യമങ്ങൾ ഇപ്പോൾ മന്ത്രിയുടെ നേർക്ക് പൊങ്കാലയിട്ട് വരികയാണ്. ടാർപ്പാളിൻ വലിച്ചുകെട്ടി സൂര്യനെ മറയ്ക്കുവാനും ഈ മന്ത്രി ശ്രമിച്ചേക്കാമെന്ന് വരെ ട്രോളന്മാർ കളിയാക്കുന്നു.
ഭരിക്കുന്നവർ എന്ത് മണ്ടത്തരം കാണിച്ചാലും സഹിച്ചുകൊള്ളണം എന്ന തരത്തിലുള്ള ചിന്തകളാണല്ലോ ഇന്ന് നമ്മളിൽ ഭൂരിഭാഗം പേർക്കുമുള്ളത്. അതുകൊണ്ട് തന്നെ ഈ മന്ത്രി പുംഗവന്റെ പരീക്ഷണങ്ങളും ജനം സഹിക്കുമെന്ന് തന്നെ കരുതാം. ഇന്ത്യൻ ജനാധിപത്യത്തിൽ ഇത്തരം മണ്ടത്തരങ്ങൾ ആദ്യമായിട്ടല്ല നടക്കുന്നത്. ഓരോ തവണയും ഭരണാധികാരികൾ അവർക്ക് തോന്നുന്ന തരത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്തു പോകുന്പോൾ കീശ ചോരുന്നത് പൊതുജനത്തിന്റേതാണ്. തുഗ്ലക്കിന്റെ ഭരണപരിഷ്കാരം എന്ന് പറഞ്ഞ് വെറുതെ തള്ളാതെ, ഇത്തരം പാഴ്ചിലവുകളുടെ ഉത്തരവാദിത്വം കൂടി ഭരണാധികാരികൾ ഏറ്റെടുക്കുന്ന ഒരു നിയമനിർമ്മാണം നമ്മുടെ നാട്ടിൽ അത്യാവശ്യമാണ്. ഭരണം എന്ന് പറയുന്നത് വലിയൊരുത്തരവാദിത്വം കൂടിയാണെന്ന് നമ്മുടെ ഭരണാധികാരികൾ മനസിലാക്കണം. പൊതുജനം ശന്പളം കൊടുത്ത് നിർത്തിയിരിക്കുന്ന ജനസേവകരാണ് മന്ത്രിമാരും, മറ്റ് ഭരണാധികാരികളും. അല്ലാതെ അവരുടെ അടിയാളന്മാരല്ല നമ്മളൊന്നും. ഈ ഒരു തോന്നൽ ഇന്ത്യൻ ജനാധിപത്യത്തിൽ ഉണ്ടാകുവാൻ ഇനിയും എത്ര നാളെടുക്കുമെന്ന ചിന്തയോടെ...