താക്കീതാകണം ഈ നടപടികൾ...
പ്രദീപ് പുറവങ്കര
മൂന്നാറിലെ ഭൂമി കൈയേറ്റങ്ങളെ സംബന്ധിച്ചുള്ള വിവാദങ്ങാളാണ് മലയാളകരയിലാകെ സംസാരവിഷയമായിരിക്കുന്നത്. ഭരിക്കുന്ന സർക്കാരിലെ പ്രധാന ഭരണകക്ഷിയും രണ്ടാമത്തെ വിഭാഗവും തമ്മിലുള്ള അഭിപ്രായവ്യത്യാസവും ഇതിന്റെ ഭാഗമായി പുറത്ത് വന്നിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വരുന്ന ചില പ്രതികണങ്ങൾ അതിശയകരവും സംശയം ജനിപ്പിക്കുന്നതുമാണ്. അതിലൊന്നാണ് മന്ത്രി എം.എം മണി നടത്തിയത്. കുരിശു പൊളിച്ച് നീക്കൽ നടപടിയിൽ മുൻകൈയ്യെടുത്ത ദേവികുളം സബ് കളക്ടർ ശ്രീം റാം വെങ്കിട്ടരാമൻ ‘സംഘിയാണോ’ എന്ന അദ്ദേഹത്തിന്റെ ചോദ്യം ഒരു മന്ത്രി സ്ഥാനത്ത് യോജിച്ചതായി തോന്നുന്നില്ല. റവന്യൂ ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ട ഒരു ഭരണപരമായ തീരുമാനം വൈദ്യുതി മന്ത്രിയും സർവോപരി ഇടുക്കി ജില്ലക്കാരനുമായ തന്നെ സബ് കലക്ടർ അറിയിച്ചില്ലെന്ന് അക്ഷന്ത്യവ്യമായ തെറ്റാണ് എം.എം മണി ചൂണ്ടി കാണിക്കുന്നത്. എന്ത് മാത്രം ഗതികേട് നിറഞ്ഞ പ്രസ്താവനയാണിത്.
സർക്കാരിന്റെ ഉദ്യോഗസ്ഥനാണ് സബ് കളക്ടർ. അദ്ദേഹം നിയമപരമായ രീതിയിൽ ഒരു നടപടി കൈക്കൊള്ളുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും തരത്തിലുള്ള ആക്ഷേപം ഒരു ജനപ്രതിനിധിയെന്ന നിലയിൽ എം.എം മണിക്ക് ഉണ്ടെങ്കിൽ അത് പരസ്യമായിട്ടായില്ല പറയേണ്ടിയിരുന്നത്. അധികാരത്തിന്റെ ഗർവ്വും, മുഷ്കുമാണ് അദ്ദേഹം ഇത്തരം പ്രസ്താവനകളിലൂടെ വിളിച്ചുപറയുന്നത്. കളക്ടർ ഏത് രാഷ്ട്രീയ കാഴ്ചപ്പാടാണ് വെച്ച് പുലർത്തുന്നതെന്ന് തൽക്കാലം വ്യക്തമാല്ലാത്ത സ്ഥിതിക്ക് മന്ത്രി എന്ത് കൊണ്ടാണ് ഇത്തരം സംശയങ്ങൾ ഉന്നയിക്കുന്നതെന്നും മനസിലാകുന്നില്ല. ഇഷ്ടമില്ലാത്ത കളക്ടറും ഡിജിപിയും കണ്ണിൽ കരടാകുന്പോൾ ഇഷ്ടമുള്ളവർ കരളിൽ കയറിയിരിക്കും, അത് സ്വാഭാവികം. തന്നിഷ്ടപ്രകാരമാണ് റവന്യു ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്ന് മന്ത്രിയായ മണി പറയുന്പോൾ വൺ, ടു, ത്രീ എന്ന് എണ്ണി ആളെ തീർത്തത് പോലെയുള്ള തന്നിഷ്ടങ്ങൾ ഒത്തിരി കാണിച്ചിട്ടുള്ള ആളാണ് താനെന്ന് സ്വയം ഓർക്കുന്നതും നല്ലതാകും.
മതപ്രതീകങ്ങളുടെ മറവിൽ സർക്കാർ ഭൂമി കയ്യേറ്റം ചെയ്ത രീതിയെ കേരള ജനതയിലെ തന്നെ മഹാഭൂരിഭാഗം പേരും ന്യായീകരിക്കാൻ മുന്പോട്ട് വരില്ല. ഇത് മനസിലാക്കി വിവേകമുള്ള സർക്കാരാണെങ്കിൽ ഈ നടപടികളെ സ്വാഗതം ചെയ്യുകയും, അതോടൊപ്പം ഈ ഒഴിപ്പിക്കൽ നടപടികളെ പറ്റി പരാതിയുള്ളവരുമായി സൗഹാർദപരമായ അന്തരീക്ഷത്തിൽ ചർച്ച ചെയ്തു പരിഹാരങ്ങൾ കാണാനുമാണ് എം.എം മണിയടക്കുമുള്ളവർ ഇപ്പോൾ ശ്രമിക്കേണ്ടത്. നടപടിയുമായി മുന്നോട്ടുപോകുമെന്ന് റവന്യു മന്ത്രി തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ എന്തിന്റെ പേരിലായാലും പൊതുമുതൽ കട്ട് മുടിക്കാനോ, കൈയേറാനോ സമ്മതിക്കില്ലെന്ന ഉറച്ച പ്രതിജ്ഞയാണ് ഈ സർക്കാർ ഏറ്റെടുത്ത് നടപ്പാക്കേണ്ടത്. ഭൂമാഫിയകൾക്ക് അതൊരു ശക്തമായ താക്കീതായി മാറട്ടെ എന്നാഗ്രഹത്തോടെ...