സ്റ്റാർട്ട് അക്ഷൻ...


പ്രദീപ് പുറവങ്കര 

മലയാള സിനിമാലോകം പ്രേക്ഷകർ‍ക്ക് എന്നും ഏറെ അതിശയങ്ങളും അത്ഭുതങ്ങളും സമ്മാനിച്ച ഇടമാണ്. കലാമൂല്യമുള്ള എത്രയോ നല്ല സിനിമകൾ‍ നമ്മുടെ മലയാളം സിനിമാ പ്രവർ‍ത്തകർ‍ പ്രേക്ഷകർ‍ക്ക് സമ്മാനിച്ചിട്ടുമുണ്ട്. ഏറ്റവും ചെറിയ ചിലവിൽ‍ സിനിമയെടുത്ത് അത് പരമാവധി വിജയിപ്പിച്ച് പണം കൊയ്യുക എന്നതായിരുന്നു സിനിമാനിർ‍മ്മാണത്തിന്റെ അജണ്ട. കളമറിഞ്ഞുവേണം കളിക്കാൻ എന്ന ധാരണയിലാണ് പലപ്പോഴും മറ്റ് ഭാഷകളിൽ‍ നിർ‍മ്മിക്കുന്നത് പോലെ വലിയ ബഡ്ജറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങൾ‍ കുറച്ച് വർ‍ഷങ്ങൾ‍ക്ക് മുന്പ് വരെ മലയാളത്തിൽ‍ വരാതിരുന്നത്. എന്നാൽ‍ കാലം മാറുന്പോൾ‍ ഈ ധാരണ മാറിവരുന്ന രീതിയാണ് പ്രേക്ഷകർ‍ കാണുന്നത്. അതിന്റ ഭാഗമായിട്ടാണ് പുലിമുരുകൻ എന്ന സിനിമയുണ്ടായത്. അതിന്റെ ആവർ‍ത്തനമായിട്ടാണ് മഹാഭാരതം അടിസ്ഥാനമാക്കി ആയിരം കോടി മുതൽ‍ മുടക്കിൽ‍ ഒരു മലയാള ചലച്ചിത്രം കൂടി പുറത്തിറങ്ങാൻ പോകുന്നത്.

വാണിജ്യസിനിമകളെക്കാൾ‍ കലാമൂല്യ ചിത്രങ്ങളായിരുന്നു മലയാള സിനിമയ്ക്ക് വലിയൊരു സ്ഥാനം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ‍ ഉണ്ടാക്കി കൊടുത്തത്. ബോളിവുഡിനോ, കോളിവുഡിനോ ഒക്കെയുള്ള ഒരു വിപണി മലയാളത്തിൽ‍ ഉണ്ടോ എന്ന സംശയം തന്നെയാണ് ചിലവേറിയ ചിത്രങ്ങളുടെ നിർ‍മ്മാണത്തിൽ‍ നിന്നും നമ്മെ പിന്തിരിപ്പിച്ചത്. തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങൾ‍ പലപ്പോഴും കേരളത്തിൽ‍ വൻ വിജയമായിട്ടുണ്ടെങ്കിലും മലയാള ചിത്രങ്ങൾ‍ മറ്റ് സംസ്ഥാനങ്ങളിൽ‍ വിജയിക്കുന്നതും ഏറെ കുറവാണ്. ഭാഷാവ്യത്യാസമില്ലാതെ സാഹിത്യ, സംഗീത, സിനിമ രൂപങ്ങളെ സ്വീകരിക്കുന്നവനാണ് മലയാളി എങ്കിലും ഈ സ്വീകാര്യത മറ്റു നാടുകളിൽ‍ നമുക്ക് ലഭിക്കുന്നില്ല എന്ന യാത്ഥാർ‍ത്ഥ്യം മനസിലാക്കിയാണ് മലയാളി നിർമ്‍മാതക്കളും പിശുക്ക് കാണിച്ചിരുന്നത്. അതു കൊണ്ടാണ് തെലുങ്കിൽ‍ ഒരു പാട്ട് സീൻ എടുക്കുന്ന പണം കൊണ്ട് മലയാളത്തിൽ‍ ഒരു സിനിമ നിർ‍മ്മിക്കാമെന്ന് പറഞ്ഞിരുന്നത്. അങ്ങനെയൊരു അവസ്ഥയിൽ‍ നിന്നും മലയാള സിനിമ മാറിയിരിക്കുന്നു എന്നതാണ് ആയിരം കോടിയുടെ ബഡ്ജറ്റ് ചിത്രവും, പുലിമുരുകനുമൊക്കെ തെളിയിക്കുന്നത്. മറ്റ് ഭാഷകളിലേയ്ക്ക് വിവർ‍ത്തനം ചെയ്തും സിനിമാ നിർ‍മ്മാണത്തിൽ‍ നിന്ന് ലാഭമുണ്ടാക്കാമെന്ന ആത്മവിശ്വാസവും ഈ സിനമികൾ‍ നൽ‍കുന്നു. അതോടൊപ്പം രണ്ടാമൂഴം എന്ന ചിത്രം അണിയറയിൽ‍ ഒരുങ്ങുന്പോൾ‍ എം.ടി വാസുദേവൻ നായർ‍ എന്ന അതുല്യപ്രതിഭയുടെ കൈയൊപ്പാണ് വീണ്ടും മലയാള ചലച്ചിത്ര നഭസിൽ‍ പതിയുന്നത് എന്നതും ഒരു സിനിമാപ്രേമിയെന്ന നിലയിൽ‍ ആരെയും സന്തോഷിപ്പിക്കുന്നു. 

ലോകം ആഗോളസമൂഹമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ‍ പ്രാദേശികമായ പ്രേക്ഷകസമൂഹവും ഇല്ലാതായി കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ‍ അന്യഭാഷകളിൽ‍ സമീപകാലത്ത് ഇറങ്ങിയ സിനമികളിൽ‍ പലതും പ്രദേശികമായി ഒതുങ്ങി പോയിട്ടില്ല. അതിന്റെ ഉദാഹരണമാണ് ബാഹുബലിയും, കബാലിയും, ദംഗലുമൊക്കെ. ഇതൊക്കെ ഇന്ത്യ മുഴുവൻ ഒരു പോലെ ആഘോഷിച്ച സിനിമകളാണ്. ഇതെല്ലാം മാറുന്ന സിനിമാ വ്യവസായത്തിന്റെ അടയാളങ്ങളാണ്. വളരെ പതിയെ സംഭവിക്കുന്ന കാര്യമാണെങ്കിലും ഇത് നല്ലൊരു മാറ്റമാണെന്ന് തന്നെ വേണം കരുതാന്‍. മുതൽ‍ മുടക്ക് തിരികെ പിടിക്കുന്നതിനെക്കാൾ‍ ഇത്തരം വലിയ മാറ്റങ്ങൾ‍ ഉണ്ടാക്കാനായി ധൈര്യപൂർ‍വം മുന്പോട്ട് വരുന്ന നിർ‍മ്മാതാക്കൾ‍ക്കും നിറഞ്ഞ അഭിനന്ദനം.

You might also like

Most Viewed