ഈ ഉന്മാദം ആർക്ക് വേണ്ടി..
ലോകം വീണ്ടും ഒരു മഹായുദ്ധത്തിലേയ്ക്ക് നടന്നുനീങ്ങുന്ന കാലം അടുക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് വീണ്ടും നമ്മുടെ ചുറ്റും നിറയുന്നത്. സൈനിക നടപടികളും യുദ്ധങ്ങളും സത്യത്തിൽ ഉന്മാദങ്ങളാണെന്ന് പറയാറുണ്ട്. ആരുടെയൊക്കെയോ മാനസിക വിഭ്രാന്തികളാണ് മനുഷ്യക്കുരുതികൾ സൃഷ്ടിക്കുന്ന യുദ്ധങ്ങളുടെ ആവിർഭാവത്തിന് കാരണമാകുന്നത്. അമേരിക്കയുടെ ഭരണാധിപൻ ഡോണൾഡ് ട്രംപ് മുന്പും പലപ്പോഴും കാണിച്ചിരിക്കുന്ന ഉന്മാദാവസ്ഥ ലോകത്തിന്റെ താളം തെറ്റിക്കുമോ എന്ന ആശങ്കയിലാണ് ഭൂരിഭാഗം രാജ്യങ്ങളും. ഉന്മാദത്തിന്റെ കാര്യത്തിൽ ഒട്ടും തന്നെ പിറകിൽ അല്ലാത്ത ഭരണാധികാരിയാണ് ഉത്തര കൊറിയ ഭരിക്കുന്നത്. കി ജോംഗ് ഉൻ എന്ന ഈ ഭരണാധികാരിയും തന്റെ വില്ലത്തരങ്ങൾ കൊണ്ട് കുപ്രസിദ്ധനാണ്. ഇവർ രണ്ട് പേരും പരസ്പരം ഭീഷണികൾ മുഴക്കിയും മുന്നറിയിപ്പുകൾ നൽകിയും ഏറെ മുന്പോട്ട് പോയിരിക്കുന്നു. ഇത് വലിയൊരു സംഘർഷത്തിന്റെ സാധ്യതകളിലേക്കാണ് വാതിൽ തുറന്നിരിക്കുന്നത്.
തലസ്ഥാന നഗരത്തിൽ നടന്ന വലിയൊരു സൈനിക പരേഡിൽ അന്തർവാഹിനി അടിസ്ഥാനമായുള്ള പുതിയ ബാലിസ്റ്റിക് മിസൈലുകളുടെ പ്രദർശനം നടത്തിക്കൊണ്ടാണ് ഉത്തരകൊറിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രദേശത്ത് ആശങ്ക വർദ്ധിച്ചിരിക്കെ ‘സ്വന്തം ശൈലിയിലുള്ള ആണവ ആക്രമണം,’ ഉൾപ്പെടെ ഏത് ആക്രമണത്തോടും പ്രതികരിക്കുമെന്നാണ് ഒറ്റപ്പെട്ട് നിൽക്കുന്ന ഉത്തരകൊറിയയുടെ ഭീഷണി. ‘തിരിച്ചുപിടിക്കാനും കൈകാര്യം ചെയ്യാനും പറ്റാത്ത ഒരു ഘട്ടത്തിലേക്ക്’ കാര്യങ്ങൾ എത്തുന്നതിന് മുന്പ് സംഘർഷം അവസാനിപ്പിക്കണമെന്ന് ഉത്തര കൊറിയയയുടെ ഏക പ്രധാന സഖ്യകക്ഷിയായ ചൈനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത് കൂടാതെ സിറിയയുടെയും അഫ്ഗാനിസ്ഥാന്റെയും നേരെ അമേരിക്ക വ്യാപകമായ രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ അക്രമണം നടത്തി കഴിഞ്ഞു. റഷ്യയെ അത് പ്രകോപിച്ചിട്ടുമുണ്ടെന്ന് വാർത്തകളിൽ നിന്ന് മനസിലാക്കാം. മധ്യേഷ്യയിൽ ഈ ഒരു സംഘർഷം ഉണ്ടാക്കുന്ന ഗതിചലനങ്ങൾ വലുതാണ്. രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യബന്ധങ്ങൾ പോലും ഇത് കാരണം ഉലഞ്ഞിട്ടുണ്ട്. ശീതയുദ്ധത്തിന്റെ സമാനമായ ദിവസങ്ങളിലേയ്ക്ക് ലോകം നടന്നുനീങ്ങികൊണ്ടിരിക്കുകയാണെന്ന് നിരീക്ഷകർ കരുതുന്നു. ഇതു കൂടാതെ ഇന്ത്യയും പാക്കിസ്ഥാനുമിടയിലും സംഘർഷങ്ങൾ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. അത് ഒരു യുദ്ധത്തിലേയ്ക്ക് എത്തുമോ എന്ന ആശങ്കയിലാണ് രണ്ട് രാജ്യങ്ങളിലെയും അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർ.
ചിന്തിക്കുന്ന മൃഗമെന്ന നിലയ്ക്ക് മനുഷ്യന്റെ പരാജയത്തിന്റെ ലക്ഷണമാണ് എല്ലാ യുദ്ധവുമെന്ന് ഒരു ചിന്തകൻ പറഞ്ഞത് ഓർക്കട്ടെ. ഒപ്പം മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിൽ ഉന്മാദികളായ ഭരണാധികാരികൾ യുദ്ധത്തിന്റെ കാഹളം പുറപ്പെടുവിക്കുന്പോൾ എന്തേ എവിടെയും ഒരു ഗാന്ധി പുനർജനിക്കുന്നില്ലെന്ന ചിന്തയോടെ...