പതിയെ നടക്കാം...


പ്രദീപ് പുറവങ്കര

വിഷുക്കണിയും, ദുഃഖവെള്ളിയും ഒരു പോലെ ആഘോഷിച്ചും ആചരിച്ചും ഒരു ദിവസം കൂടി കടന്നു പോകുന്നു. സുഖവും ദുഃഖവും ജീവിതമെന്ന നാണയത്തിന്റെ ഇരുവശമാണെന്ന് പറയാതെ പറയുന്ന ഈ ദിനത്തിൽ പ്രവാസ ലോകത്തിന് അവധിയുടെ ആലസ്യം കൂടി ഒന്നിച്ച് ചേരുന്നു. ആലസ്യം എന്ന വാക്കിനെ വളരെ നെഗറ്റീവായി കാണുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ ഇൻ ചീഫും പ്രമുഖ മാധ്യമ പ്രവർത്തകനുമായ ശ്രീ എം.ജി രാധാകൃഷ്ണൻ സാറിനോട് സംസാരിച്ചിരിക്കുന്പോഴാണ് ഇപ്പോൾ ലോകത്തിന്റെ പലയിടങ്ങളിലും ആരംഭിച്ചിരിക്കുന്ന സ്ലോ മൂവ്മെന്റ് പ്രസ്ഥാനത്തെ പറ്റി മനസ്സിലാക്കിയത്. ഇതിൽ വിശ്വസിക്കുന്നവരുടെ ആദർശം തന്നെ മെല്ലെ പോക്കാണ്. അവർക്ക് വേഗതയിൽ വിശ്വാസമില്ല. നമുക്ക് ഫാസ്റ്റ്ഫുഡ് സംസ്കാരമാണെങ്കിൽ അവർക്ക് സ്ലോ ഫുഡ് സംസ്കാരമാണ് ഉള്ളത്. ഭക്ഷണം വളരെ ആസ്വദിച്ച് സമയം എടുത്ത് കഴിക്കുമെന്നർത്ഥം.

വലിയ ബിസിനസ് ടാർജറ്റുകൾ ഇവർക്കില്ല. ഉള്ള സൗകര്യങ്ങളെ പരമാവധി ആസ്വദിച്ചു കൊണ്ട് ജീവിതം ആഘോഷിക്കുക എന്നതാണ് ഇവരുടെ തീരുമാനം. എന്തിനെന്നറിയാതെ ജീവിതത്തിൽ മരണവെപ്രാളം കാണിക്കുന്നവർക്ക് സ്വീകരിക്കാവുന്ന ഒരു ജീവിത ശൈലിയാണിത്. ആഗ്രഹങ്ങൾ വേണ്ടന്നല്ല ഇവർ പറയുന്നത്, മറിച്ച് ഉള്ളതെല്ലാം പരമാവധി ആസ്വദിച്ച് ജീവിക്കണമെന്നാണ്. വലിയ സന്പന്നരായ ധാരാളം പേരെ വളരെ അടുത്ത് നിന്നു കാണാനും പരിചയപ്പെടാനും സാധിച്ചിട്ടുണ്ട്. ഇതിൽ വിരലിൽ എണ്ണാൻ പറ്റുന്നവർക്ക് മാത്രമാണ് അവരുടെ ജീവിതം ആസ്വദിക്കാൻ പറ്റുന്നത്. മിക്കവരും അമിതമായ സമ്മർദ്ദങ്ങളെ നേരിട്ടും, ജീവിത ശൈലീ രോഗങ്ങൾക്ക് അടിമപ്പെട്ടും ധാരാളം മരുന്നുകൾ കഴിച്ചും ഒരോ ദിവസവും തള്ളി നീക്കുന്ന വേദനിക്കുന്ന കോടീശ്വരമാരാണ്.

ഐശ്വര്യ സമൃദ്ധമായ വിഷു ആശംസിക്കുന്പോൾ തന്നെ മനസമാധാനവും നമുക്ക് പരസ്പരം നേരാം. ഈ ലോകത്തിൽ ഇനിയെത്ര കാലം എന്നറിയാത്തവരാണ് നമ്മൾ ഓരോരുത്തരും. ഉള്ള കാലമത്രയും ഒത്തിരി സ്നേഹത്തോടെ ഒരുമിച്ച് നന്മ വിളയിക്കാം എന്ന ഓർമ്മപ്പെടുത്തലോടെ

You might also like

Most Viewed