നന്മ വിളയട്ടെ...
പ്രവാസലോകത്തെ കോൾഡ് സ്റ്റോറുകളിൽ പച്ചക്കറികളുടെ ഇടയിൽ കണിവെള്ളരികളും, പ്ലാസ്റ്റിക്ക് ബാഗിൽ ചിതറികിടക്കുന്ന കൊന്നപ്പൂക്കളും എത്തിതുടങ്ങുന്പോഴാണ് മിക്കവരും ഇന്നത്തെ കാലത്ത് വിഷുവെത്താറായെന്ന് മനസ്സിലാക്കുന്നത്. നാട്ടിൽ ഇതോടൊപ്പം അൽപ്പം പടക്കങ്ങളും പൊട്ടിയാൽ അവിടെയും വിഷുവാകുന്നു. വിഷുവിനെ പറ്റി ഓർത്താൽ ആരുടെയും മനസിൽ ആദ്യം കടന്നുവരുന്നത് വിഷുക്കണി തന്നെയാണ്. വരും വർഷം സന്പദ് സമൃദ്ധമാകാൻ പുലർക്‍കാലത്ത് എഴുന്നേറ്റ് ഇഷ്ടദൈവങ്ങളെ കൺതുറന്ന് കണികാണുന്ന ഈ ആചാരം ശുഭാപ്തി വിശ്വാസത്തിന്റെ കൂടി പ്രതീകമാണ്. ഇവിടെ ഒരുക്കുന്ന വസ്തുക്കളിൽ പ്രപഞ്ചത്തിന്റെ പ്രതീകമാണ് ഉരുളി. ആരാധിക്കുന്ന ദൈവത്തിന് ചാർത്തുന്ന കിരീടമാണ് കൊന്നപ്പൂക്കൾ. പൊന്നും വസ്ത്രവും ധനത്തിന്റെ പ്രതീകങ്ങളാകുന്പോൾ, കൈനീട്ടമെന്നത് പ്രാർത്ഥന നിറയുന്ന മനസുകളുടെ പങ്ക് വെക്കലാണ്. അഹംബ്രഹ്മാസ്മി എന്ന തത്വത്തെ ഓർമ്മിപ്പിക്കുന്നു കണിയിലെ കണ്ണാടി. ഇങ്ങിനെ സ്വയമറിയാൻ, പരസ്പരമറിയാൻ സാധിക്കേണ്ട അവസരമാണ് ഓരോ വിഷുനാളും.
നമ്മുടെ ഓരോ ആഘോഷങ്ങൾക്കും ഇത്തരത്തിലുള്ള അന്തരാർത്ഥങ്ങളുണ്ട്. പലപ്പോഴും ബാഹ്യമോടികളോടുള്ള താൽപ്പര്യം കാരണം ഈ അർത്ഥങ്ങൾ മനസിലാക്കാൻ സാധിക്കാത്തവരാണ് ബഹുഭൂരിഭാഗം പേരും. മാർച്ച് മാസം കണക്കെടുപ്പിന്റെ കൂടി മാസമാണ്. ഇങ്ങിനെ കണക്കുകൾ നോക്കി ലാഭവും നഷ്ടവും തിട്ടപ്പെടുത്തി വരുവർഷത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് തീരുമാനിക്കുന്ന മാസമാണ് ഏപ്രിൽ. അതിന്റെ പ്രതിഫലനമാണ് വിഷു. നല്ലത് വിതച്ചാൽ നല്ലത് കൊയ്യുമെന്ന ബൈബിൾ വാക്യം കൂടി ഓർത്തു കൊണ്ട് എല്ലാ പ്രിയപ്പെട്ടവർക്കും നന്മ നിറഞ്ഞ വിഷു ആശംസകൾ നേരുന്നു....
സസ്നേഹം
പ്രദീപ് പുറവങ്കര
മാനേജിംഗ് എഡിറ്റർ
ഫോർ പി.എം ന്യൂസ്