വിശ്വാസം അന്ധമാകരുത്
കാഴ്ചയിൽ കണി നൽകുന്ന ഐശ്വര്യത്തോടെയാണ് വിഷു ദിനം ആരംഭിക്കുന്നത്. ശേഷമുള്ള ദിനങ്ങളും അത്തരത്തിൽ ഐശ്വരമുള്ളതാകും എന്നത് കണികാണുക എന്ന ആചാരത്തോടെ മലയാളി വിശ്വസിച്ചു പോരുന്നു. അത്തരത്തിലൊരു വിഷു വരാൻ ഇനി ദിവസങ്ങൾ മാത്രം. വെള്ളി ദിനത്തിൽ വരുന്ന വിഷുവിനെ സ്വർണ്ണനിറമുള്ള തളികയിൽ വെള്ളരിയും കൊന്നയും വെച്ച് കണികാണാൻ തയ്യാറായിരിക്കുകയാണ് പ്രവാസികൾ.
വിഷുദിനം ഐശ്വരത്തിന്റേതാകുന്പോൾ തന്നെയും നാട്ടിൽ കേൾക്കുന്ന ചില വാർത്തകൾ അന്പരപ്പിക്കുന്നതാണ്. വിഷുവല്ലാത്ത ദിനങ്ങളിൽ മിക്ക മലയാളികളുടേയും കണി അന്നന്നത്തെ ദിനപത്രങ്ങളാകും. അത്തരം പത്രങ്ങളിലെ ഞെട്ടിക്കുന്ന വാർത്തകൾ പിന്നീടുള്ള മണിക്കൂറുകളിൽ ആശ്വാസം പകരുന്നതല്ല. അങ്ങനെയൊരു വാർത്തയാണ് കഴിഞ്ഞ ദിവസം മലയാളിയെ ഞെട്ടിച്ചത്. തന്റെ അച്ഛനേയും അമ്മയേയും സഹോദരിയേയും ഒരു ദയയുമില്ലാതെ മകൻ കൊലപ്പെടുത്തിയിരിക്കുന്നു എന്നതായിരുന്നു ആ വാർത്ത. തിരുവനന്തപുരം നന്തൻകോടാണ് സംഭവം നടന്നത്. കേഡൽ ജീൻസ് രാജ എന്ന മാനസിക വിഭ്രാന്തിയുള്ള ഒരു ക്രിമിനലാണ് ഈ ക്രൂരത ചെയ്തത്. നാല് പേരെയും കൊന്നത് താൻ തന്നെയാണ് എന്ന് ഇയാൾ സമ്മതിക്കുന്പോഴും കൊലപാതകത്തിന് കാരണമായി ഇയാൾ ആദ്യം പറഞ്ഞ കാരണമാണ് ഭയമുളവാക്കുന്നത്.
ശരീരത്തിൽ നിന്നും ആത്മാവ് വിട്ടുപോകുന്ന ആസ്ട്രൽ പ്രൊജക്ഷന്റെ പരീക്ഷണാർത്ഥമാണ് താൻ എല്ലാവരെയും കൊലപ്പെടുത്തിയതെന്നാണ് കേഡൽ ആദ്യം പോലീസിനോട് പറഞ്ഞത്. ഇത്തരമൊരു വെളിപ്പെടുത്തൽ മലയാളിയെ മൂക്കത്ത് വിരൽവെപ്പിച്ചു. ഈ നൂറ്റാണ്ടിൽ ഇത്തരം വിശ്വാസങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന മലയാളിയുണ്ടോ എന്നുപോലും പലരും ചിന്തിച്ചു. പത്തുവർഷത്തോളമായി താൻ ആസ്ട്രൽ പ്രൊജക്ഷൻ പരിശീലിക്കുന്നുണ്ടെന്നും കേഡൽ വെളിപ്പെടുത്തിയിരുന്നു. ഉന്മാദാവസ്ഥയിൽ തന്റെ ആത്മാവാണ് കൊല നടത്തിയതെന്നും കേദൽ പറയുന്നു. ഇയാളുടെ മാനസികനിലയിൽ തകരാർ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. പ്രമുഖ മനഃശാസ്ത്രജ്ഞനും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആർഎംഓയുമായ ഡോ. മോഹൻ റോയിയുടെ സഹായത്തോടെ കേഡലിനെ വീണ്ടും ചോദ്യം ചെയ്തപ്പോൾ വീട്ടിൽ തനിക്ക് നേരിട്ട അവഗണനയാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇയാൾ തുറന്ന് പറഞ്ഞിട്ടുണ്ട്.
കാലം അതിന്റെ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കേ കേൾക്കുന്ന വാർത്തകൾ അത്ര നല്ലതല്ല. മകൻ അമ്മയേയും അച്ഛനേയും കൊലപ്പെടുത്തുകയും മൃഗീയമായി മൃതശരീരങ്ങളെ ആക്രമിക്കുകയും ചെയ്തിരിക്കുന്നു എന്ന് കേൾക്കുന്പോൾ സമൂഹത്തിന് എവിടെയാണ് പിഴച്ചത് എന്ന് ചിന്തിച്ച് പോകുകയാണ്. വിശ്വാസം അന്ധമാകരുത്, അത് അതിരുകടക്കുന്പോൾ പല വിപത്തുകളും ഉണ്ടാകുമെന്ന ഓർമ്മപ്പെടുത്തലോടെ...