എരിതീയിൽ നിന്ന് വറചട്ടിയിലേയ്ക്ക്
പ്രദീപ് പുറവങ്കര
കഴിഞ്ഞ ദിവസം നമ്മുടെ ഹരിതാഭമായ നാട്ടിൽ നിന്ന് വന്ന ഒരു വാർത്ത അതിശയപ്പെടുത്തുന്നതാണ്. ഇപ്പോഴത്തെ കടുത്ത ചൂട് കണക്കിലെടുത്ത് താരതമ്യേന ചൂടുകുറവുള്ള തോട്ടം മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ സമയത്തിൽ ഇടവേള അനുവദിക്കണമെന്ന് ഒരു തൊഴിലാളി സംഘടന ആവശ്യം ഉന്നയിച്ചിരിക്കുന്നു എന്ന വാർത്തയാണത്. ഇതനുസരിച്ച് ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെ ഇടവേള അനുവദിക്കാനാണ് ആവശ്യം. കൂടാതെ തൊഴിലാളികൾക്ക് ആവശ്യമുള്ള കുടിവെള്ളം, ആരോഗ്യ സംരക്ഷണം ഉൾപ്പടെയുള്ള കാര്യങ്ങൾ മാനേജ്‌മെന്റ് ഉറപ്പുവരുത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടിരിക്കുന്നു. ഇതൊടൊപ്പം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഉളളതിനാൽ തൊഴിൽ സമയത്തിനു പല ജില്ലകളിലും മാറ്റം വരുത്തിയിട്ടുമുണ്ട്. രണ്ടു മാസത്തേക്കാണ് ഈ നിയന്ത്രണം. അതേസമയം സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പലപ്പോഴും ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കണമെന്നുമില്ല.
ഈ വർഷം സംസ്ഥാനത്ത് വേനൽ കടുത്തതോടെ ദിനംപ്രതി ഈ ചൂട് ക്രമാതീതമായി ഉയരുകയാണെന്നതിന്റെ ബാക്കിപത്രമാണ് ഇത്തരം തീരുമാനങ്ങൾ. കഴിഞ്ഞ വർഷം ചൂട് കൂടിനിന്ന മെയ് മാസത്തിൽ രേഖപ്പെടുത്തിയ താപനിലയിലൂടെയാണ് ഇപ്പോൾ കേരളം കടന്നുപോവുന്നത്. മാർച്ച് മാസത്തിന്റെ അവസാന ആഴ്ചകളിൽ തന്നെ 38 ഡിഗ്രിയിലേയ്ക്ക് ചൂട് എത്തുകയായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ഉഷ്ണതരംഗം പോലുള്ള പ്രതിഭാസത്തിനും കാലാവസ്ഥാ വിദഗ്ദ്ധർ സംസ്ഥാനത്ത് സാധ്യത കാണുന്നു. സാധാരണ ദിവസങ്ങളിൽ നിന്നു വ്യത്യസ്തമായി അഞ്ചു മുതൽ ആറു ഡിഗ്രി വരെ ചൂട് ഏറിവരുകയും ഇത് ദിവസങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. സൂര്യന്റെ ചൂടിനു കാഠിന്യം ഏറിവരുന്ന സമയത്ത് ഉഷ്ണതരംഗം കൂടിയാകുന്പോൾ ഇരട്ടി ആഘാതമാണ് സൃഷ്ടിക്കുന്നത്.
44 പുഴകൾ ഒഴുകുന്ന, വർഷത്തിന്റെ പകുതി ദിവസങ്ങളിലും മഴപെയ്യുന്ന, ഘോരവനങ്ങൾ അടക്കമുള്ള ജൈവവൈവിധ്യങ്ങൾ ഉള്ള ഒരു നാട്ടിൽ ഇത്തരമൊരു ആവശ്യമുയരുന്പോഴാണ് മരുഭൂമിയിലെ ഭരണാധികാരികളെ മനസാ അഭിനന്ദിച്ച് പോകുന്നത്. കേരളത്തിൽ നിന്ന് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ വാർത്തകൾക്കും, പീഢന വാർത്തകൾക്കും മുകളിൽ സത്യത്തിൽ മലയാളി വല്ലാതെ ആശങ്കപ്പെടേണ്ട കാര്യമാണിത്. വാട്സാപ്പിലൂടെ നമ്മുടെ നാട്ടിൽ കനത്ത ചൂടുമായി ബന്ധപ്പെട്ട് ഇതിനിടെ ഒരു വീഡിയോ ലഭിക്കുകയുണ്ടായി. ഒരു മൺചട്ടിയിൽ മീൻ പൊരിക്കുന്നതായിരുന്നു അത്. അടുപ്പോ തീയോ ഒന്നുമില്ലാതെ വെറും വെയിലിന്റെ സഹായത്താലായിരുന്നു ആ മീൻ പൊരിക്കൽ. ഇങ്ങിനെ അസഹ്യമായ ചൂടിൽ ഞെരിപിരി കൊള്ളുന്ന ഒരു ജനതയ്ക്ക് എന്ത് ആശ്വാസമാണ് നമ്മുടെ സർക്കാർ നൽകാൻ പോകുന്നതെന്ന് ആർക്കും തന്നെ അറിയില്ല എന്നതാണ് ഏറ്റവും അതിശയകരം...