വേണ്ടത് മാനസികാരോഗ്യം


പ്രദീപ് പുറവങ്കര 

ആത്മഹത്യ എന്നു പറയുന്നത് ഒരാൾ‍ അയാളുടെ അറിവോടെ തന്നെ സ്വന്തം ജീവിതം അവസാനിപ്പിക്കുന്നതിനെയാണ്. അതിന് ഓരോരുത്തർ‍ക്കും സാഹചര്യങ്ങളും കാരണങ്ങളും പലതാകാം. ആത്മഹത്യ ചെയ്യുന്നതിനെതിരെ പ്രചരണം നടത്തുന്നവർ‍ പോലും ഒടുവിൽ‍ ജീവിതനൈരാശ്യം കാരണം ജീവനൊടുക്കിയ നിരവധി ചരിത്രങ്ങളും നമ്മുടെ മുന്പിലുണ്ട്. ഇന്ത്യയിൽ‍ ഇന്ന് വിദ്യാർ‍ത്ഥികൾ‍ക്കിടയിൽ‍ അപകടകരമായ തോതിൽ‍ ആത്മഹത്യ പ്രവണത ആശങ്കാജനകമായ രീതിയിൽ‍ വർ‍ദ്ധിച്ചു വരുന്നു എന്ന് ഹിന്ദുസ്ഥാൻ‍ ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർ‍ട്ട് പുറത്ത് വന്ന സാഹര്യത്തിലാണ് ഈ വിഷയത്തെ പറ്റി ചിന്തിച്ചത്.

ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2015−ലെ കണക്കുകൾ‍ പ്രകാരം നമ്മുടെ രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു വിദ്യാർ‍ത്ഥി ആത്മഹത്യ ചെയ്യുന്നുണ്ട്. 2015ൽ‍ 8,934 വിദ്യാർ‍ത്ഥികളാണ് രാജ്യത്താകെ സ്വയം ജീവനൊടുക്കിയത്. തൊട്ടുമുന്പുള്ള അഞ്ച് വർ‍ഷങ്ങളിൽ‍ ഇത് 39,775 ആയിരുന്നു. 15−നും 29−നും ഇടയ്ക്ക് പ്രായമുള്ളവരിലെ ആത്മഹത്യ പ്രവണത ഏറ്റവും കൂടുതൽ‍ ഉള്ളത് ഇന്ത്യയിലാണെന്നും ചില കണക്കുകൾ‍ ചൂണ്ടിക്കാട്ടുന്നു. ഇത് റിപ്പോർ‍ട്ട് ചെയ്യുന്ന കണക്കുകൾ‍ മാത്രമാണെന്നും റിപ്പോർ‍ട്ട് ചെയ്യപ്പെടാത്ത ആത്മഹത്യാശ്രമങ്ങൾ‍ ഇതിലും എത്രയോ ഇരട്ടിയായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

പരീക്ഷകളിലും, തൊഴിൽ‍രംഗത്തും അതുപോലെ ജീവിതപ്രതിസന്ധികളിലും, പരാജയങ്ങളെ അതിജീവിക്കാൻ‍ നമ്മുടെ യുവതലമുറയ്ക്ക് സാധിക്കാത്തതാണ് ആത്മഹത്യകൾ‍ ഇത്രമാത്രം വർ‍ദ്ധിക്കാൻ‍ കാരണമെന്ന് മാനസിക ആരോഗ്യ വിദഗ്ദ്ധർ‍ പറയുന്നു. സാന്പത്തികമായി ഉണ്ടാകുന്ന ചെറിയ ഉലച്ചിലുകളെ പോലും മാനേജ് ചെയ്യാൻ‍ സാധിക്കാത്തവരായി ഇവർ‍ മാറുന്നു. 2015ൽ‍ ആത്മഹത്യ ചെയ്ത വിദ്യാർ‍ത്ഥികളിൽ‍ 70 ശതമാനവും പ്രതിവർ‍ഷം ഒരു ലക്ഷം രൂപയിൽ‍ കുറഞ്ഞ വാർ‍ഷിക വരുമാനമുള്ള കുടുംബങ്ങളിൽ‍ നിന്നും വരുന്നവരാണെന്ന് കണക്കുകളും സൂചിപ്പിക്കുന്നു. 

ഇതൊടൊപ്പം ഇ-മാധ്യമങ്ങളോടുള്ള അമിതമായ അഡിക്ഷനും ആത്മഹത്യകൾ‍ക്ക് കാരണമാകുന്നുണ്ട്. യഥാർ‍ത്ഥ ബോധത്തോടെ പ്രതികരിക്കാൻ‍ മടി കാണിച്ച് വിർ‍ച്ച്വൽ‍ ലോകത്തിൽ‍ മാത്രം അഭിരമിക്കാൻ‍ താത്പര്യപ്പെടുന്നവരുടെ എണ്ണകൂടുതൽ‍ ഇതൊടൊപ്പം ചേർ‍ത്തുവായിക്കേണ്ടതാണ്. കഴിഞ്ഞ ദിവസം മുംബൈയിൽ‍ 24കാരനായ മാനേജ്‌മെന്റ് വിദ്യാർ‍ത്ഥിയുടെ ആത്മഹത്യ വലിയ മാധ്യമ ശ്രദ്ധ നേടിയത് അയാൾ‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ പത്തൊന്പതാം നിലയിൽ‍ നിന്നും ചാടി മരിച്ചതുകൊണ്ടും അതിന് മുന്പ് ഫേസ്ബുക്കിൽ‍ പോസ്റ്റിട്ടതു കൊണ്ടുമായിരുന്നു. അർ‍ജ്ജുൻ‍ ഭരദ്വാജ് എന്ന ആ വിദ്യാർ‍ത്ഥിക്ക് വിഷാദരോഗം ബാധിച്ചിരുന്നതായും അയാൾ‍ മയക്കുമരുന്നിന് അടിമയായിരുന്നു എന്നുമുള്ള വ്യത്യസ്ത വിശദീകരണങ്ങൾ‍ പിന്നീട് വരികയും ചെയ്തു. കുടുംബപശ്ചാത്തലവും ആത്മഹത്യ പ്രവണത വർ‍ദ്ധിക്കാൻ‍ കാരണമാകുന്നുണ്ട്. സന്തുഷ്ട കുടുംബ പശ്ചാത്തലത്തിൽ‍ നിന്നും വരുന്നവരിൽ‍ വിഷാദരോഗം കുറവാണെന്ന് ഇന്ത്യയിലെ സർ‍വ്വകലാശാല വിദ്യാർ‍ത്ഥികൾ‍ക്കിടയിൽ‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നു.

ആരോഗ്യത്തെ പറ്റി സംസാരിക്കുന്പോൾ‍ പലപ്പോഴും നമ്മളിൽ‍ ഭൂരിഭാഗവും ശാരീരിക ആരോഗ്യത്തെ പറ്റി മാത്രമേ സംസാരിക്കാറുള്ളൂ. സുഖമല്ലേ എന്നോ ചോദ്യം ശരീരത്തിന് സുഖമല്ലേ എന്നതായി നമ്മൾ‍ ചുരുക്കിയിരിക്കുന്നു. മാനസിക ആരോഗ്യത്തെ പറ്റി കൂടുതൽ‍ ചർ‍ച്ച ചെയ്യാറില്ല.  ഇന്ത്യയിൽ‍ മാനസിക−ആരോഗ്യ ചികിത്സരംഗത്തെ വിദഗ്ദ്ധരുടെ ഇടയിൽ‍ ഇന്ന് 87 ശതമാനം കുറവുണ്ടെന്ന കണക്കും നമ്മുടെ മുന്പിലുണ്ട്. നമ്മുടെ ബജറ്റിൽ‍ പോലും 0.06 ശതമാനം മാത്രമാണ് ഇന്ത്യ മാനസിക ആരോഗ്യത്തിനായി ചിലവാക്കുന്നത്. സ്‌കൂളുകളിലും കോളേജുകളിലും മാനസിക ആരോഗ്യ അവബോധം വർ‍ദ്ധിപ്പിക്കുകയാണ് പ്രശ്‌നത്തിനുള്ള പരിഹാരമെന്ന് വിദഗ്ദ്ധർ‍ പറയുന്നു. സ്‌കൂൾ‍ പാഠ്യപദ്ധതിയിൽ‍ മാനസികാരോഗ്യം സംബന്ധമായ പാഠങ്ങൾ‍ ഉൾ‍പ്പെടുത്തിയാൽ‍ മാത്രമേ മാനസിക വ്യതിയാനങ്ങളെ പറ്റി തുടക്കം മുതൽ‍ക്ക് തന്നെ കുട്ടികൾ‍ക്ക് തിരിച്ചറിയാൻ‍ സാധിക്കൂ എന്നാണ് വിദഗ്ദ്ധരുടെയും അഭിപ്രായം.

You might also like

Most Viewed