സുതാര്യമാകട്ടെ സംഭാവനകൾ
കുറച്ച് ദിവസങ്ങൾക്ക് മുന്പ് തോന്ന്യാക്ഷരത്തിൽ ബഹ്റൈനിൽ നിലനിൽക്കുന്ന ചില തൊഴിൽപ്രശ്നങ്ങളിൽ ഇന്ത്യൻ സമൂഹം സജീവമായി ഇടപ്പെടേണ്ടതിന്റെ ആവശ്യകതയെ പറ്റി സൂചിപ്പിച്ചിരുന്നു. പ്രവാസലോകം കടന്നുപോയികൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ ഈ നാളുകളിൽ ഒന്നിച്ച് നിന്ന് ഇതിനെ നേരിടേണ്ടതിനെ പറ്റിയും ആ കുറിപ്പിൽ എഴുതുകയുണ്ടായി. അതിന് ശേഷം കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി ബഹ്റൈനിലെ ഇന്ത്യൻ അസോസിേയഷനുകൾ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ അനുകരണീയമാണെന്ന് പറയാതിരിക്കാൻ വയ്യ. തൊഴിലിടങ്ങളിൽ ഭക്ഷണസാമഗ്രികൾ എത്തിച്ചും, ആവശ്യമുള്ള സഹായങ്ങൾ നൽകിയും ഏറെ കൂട്ടായ്മകൾ ജീവകാരുണ്യരംഗത്ത് സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് അരങ്ങേറിയ പരിപാടിയിൽ കാഴ്ച്ചക്കാരനായി എത്തിയ അലോഷ്യസ് എന്ന മലയാളിയുടെ ദുരിതകഥ അദ്ദേഹം തന്നെ വേദിയിൽ പറഞ്ഞപ്പോൾ ആ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. കലാസാംസ്കാരിക പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം തന്നെ പ്രവാസലോകത്തെ ജീവകാരുണ്യ മേഖലയും സജീവമാകുന്പോൾ ഇവിടെയുള്ള ഓരോ മനുഷ്യസ്നേഹിയും ഏറെ സന്തോഷിക്കുമെന്നുറപ്പ്.
ഇതൊടൊപ്പം ചിന്തിക്കേണ്ട ചില മേഖലകൾ കൂടിയുണ്ട്. അതിലൊന്നാണ് കോൾഡ് സ്റ്റോറുകൾ. സ്ഥിരമായി വരുന്ന ഉപഭോക്താക്കൾക്ക് കടം കൊടുത്ത് ശീലമുള്ളവരാണ് ബഹ്റൈൻ അടക്കമുള്ള ഇടങ്ങളിലെ കോൾഡ് സ്റ്റോർ നടത്തിപ്പുക്കാർ. ഹൈപ്പർമാർക്കറ്റുകളും, സൂപ്പർമാർക്കറ്റുകളും, ഇത്തരത്തിൽ കടം കൊടുക്കാറില്ല. സുമനുസുകളായ മനുഷ്യരായത് കൊണ്ടാണ് കോൾഡ് സ്റ്റോർ ഉടമകൾ ഇത്തരമൊരു സേവനം നൽകുന്നത്. എന്നാൽ പലയിടത്തും ശന്പളം കിട്ടാത്തത് കാരണം ഈ കടബാധ്യത തീർക്കാൻ ആളുകൾക്ക് സാധിക്കാതെ വരികയും, കാലക്രമേണ ഈ പണം നൽകാൻ സാധിക്കാതെ നാട് വിടുകയും ചെയ്യുന്നത് പ്രതിസന്ധികാലത്തെ സ്ഥിരം ഏർപ്പാടായി മാറിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു കോൾഡ് സ്റ്റോർ ഉടമ പറഞ്ഞതും ചിന്തനീമായ കാര്യമാണ്. തങ്ങൾക്ക് ഇങ്ങിനെ നഷ്ടപ്പെടുന്ന പണം എങ്ങിനെ തിരിച്ചെടുക്കണമെന്ന് പലർക്കും അറിയില്ല. അതേസമയം ലോണുകൾ അടയ്ക്കാൻ ബാക്കിയായാൽ ഇവിടെയുള്ള ബാങ്ക് സ്ഥാപനങ്ങൾക്ക് കടം വാങ്ങിയവരുടെ നാട്ടിലെ മേൽവിലാസം പോലും അറിയാവുന്നത് കൊണ്ട് അത് തിരിച്ചു പിടിക്കാൻ സാധിക്കുന്നു. ഈ പ്രശ്നത്തിന് എങ്ങിനെയാണ് പരിഹാരം കാണേണ്ടതെന്ന് കൂടി ഗൗരവമായി ചിന്തിക്കേണ്ടത് ആവശ്യമാണ്. ബഹ്റൈറിനിലെ ഭൂരിഭാഗം കോൾഡ് സ്റ്റോർ നടത്തിപ്പുകാരും മലയാളികളാണെന്നതും ഓർക്കേണ്ട കാര്യമാണ്.
പ്രതീക്ഷിക്കാതെ ജോലി നഷ്ടപ്പെട്ടവരും, ശന്പളമില്ലാതെ ജോലി ചെയ്യുന്നവരും ധാരാളാമായി ഉള്ള ഇടങ്ങളായി പ്രവാസ ലോകം മാറി വരുന്ന ഈ നേരത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ വർദ്ധിക്കേണ്ടത് ഈ നേരത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിയുന്ന ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് അടക്കമുള്ള കൂട്ടായ്മകൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്പോൾ തന്നെ വളരെ ശ്രദ്ധിക്കേണ്ടത് സ്ഥാപിത താൽപ്പര്യങ്ങളുമായി ഇതിനിടയിലും കടന്നുവരാൻ സാധ്യതയുള്ള കള്ളനാണയങ്ങളെയാണ്. ലഭിക്കുന്ന സംഭാവനകൾക്ക് സുതാര്യത വേണ്ടതും ഈ കാലത്തിന്റെ ആവശ്യമാണ്. അല്ലെങ്കിൽ നല്ല കൈകളിൽ പോലും ചളി പുരളും. വലത് കൈ കൊടുക്കുന്നത് ഇടത് കൈ അറിയേണ്ടതില്ലെങ്കിലും സഹായം വാങ്ങുന്നവൻ ആ കണക്ക് അറിഞ്ഞിരിക്കണം എന്ന ഓർമ്മപ്പെടുത്തലോടെ...