എന്തിനാണധികം
പ്രദീപ് പുറവങ്കര
കാലം മാറി വരുന്പോൾ കോലവും, ചിന്തകളും മാറിയും മറിഞ്ഞും വരും. ഒരു ചിന്തയിൽ തന്നെ കെട്ടിയിടപ്പെടുന്നത് ഒഴുകാത്ത ജലം പോലെയാണ്. അവിടെ കാലക്രമേണ അഴുക്ക് വർദ്ധിക്കുക തന്നെ ചെയ്യും. കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനോട് സംസാരിക്കുന്പോഴാണ് യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി കൊണ്ടിരിക്കുന്ന മിനിമൽ ലിവിംഗ് എന്ന ജീവിത ശൈലിയെ പറ്റി മനസിലാക്കിയത്. ഒരാൾക്ക് സന്പന്നനാകാൻ രണ്ട് വഴികൾ ഉണ്ടെന്ന ചിന്തയും ഈ വിഷയവുമായി ബന്ധപെട്ടിരിക്കുന്നു. ഒന്നുകിൽ കഷ്ടപ്പെട്ട് സന്പാദിച്ചു കൂട്ടുക അല്ലെങ്കിൽ കൂടുതൽ ആഗ്രഹിക്കാതിരിക്കുക എന്നതാണ് ഈ വഴികൾ. ഈ ഭൂമിയിൽ ജനിച്ചു വീഴുന്നത് മുതൽ ആഗ്രഹങ്ങളുടെ കൂന്പാരവും പടുത്തുയർത്തപ്പെടുന്നു.
വിപണി സമ്മാനിക്കുന്ന സമ്മർദ്ദങ്ങൾ കാരണം മണിക്കൂറുകളോളം അദ്ധ്വാനിച്ച് പണമുണ്ടാക്കാൻ ഭൂരിഭാഗം പേരും ശ്രമിക്കുന്നു. വലിയ വീടുകൾ, സ്വത്തുകൾ, വാഹനങ്ങൾ, സാങ്കേതിക ഉപകരണങ്ങൾ തുടങ്ങി പോക്കറ്റ് കാലിയാക്കാൻ അനവധി നിരവധി കാര്യങ്ങൾ നമുക്ക് മുന്പിൽ ഉണ്ട് താനും. ഇതൊക്കെ നമുക്ക് സന്തോഷം നൽകുമെന്ന വിശ്വാസം കൊണ്ടാണ് വാങ്ങുന്നതെങ്കിലും ആത്യന്തികമായി അതുണ്ടാക്കുന്നില്ല എന്നതാണ് സത്യം. ഈ ഒരു ചിന്തയിൽ നിന്നാണ് മിനിമൽ ലിവിംഗ് എന്ന ജീവിത ശൈലി രൂപപ്പെടുന്നത്. ഈ ശൈലി പ്രായോഗികമായി പ്രയോഗിക്കേണ്ട ചില സാഹചര്യങ്ങൾ ഇങ്ങിനെയാണ്.
നമ്മുടെ അലമാരകളിൽ കുമിഞ്ഞ് കൂടുന്ന തരത്തിൽ വസ്ത്രങ്ങൾ ഉണ്ടാകാം. സാധാരണ രീതിയിൽ ഒരു വ്യക്തിയുടെ വസ്ത്രങ്ങളിൽ 20 ശതമാനം മാത്രമാണ് നിത്യോപയോഗത്തിനായി ഉപയോഗിക്കുന്നുള്ളൂ എന്നാണ് കണക്കുകൾ പറയുന്നത്. ബാക്കി എൺപത് ശതമാനവും ജീവിതത്തിൽ അപൂർവമായി ഉപയോഗിക്കപ്പെടുന്നവയാണ്. ഇതിൽ തന്നെ പലതിന്റെയും അളവുകൾ പോലും മാറിയിട്ടുണ്ടാകും. എങ്കിലും അതൊന്നും ഉപേക്ഷിക്കാനോ മതിയായ വസ്ത്രങ്ങൾ ഇല്ലാത്തവർക്ക് നൽകാനോ മഹഭൂരിഭാഗം പേരും തയ്യാറാകുന്നില്ല.
ഇതു പോലെ തന്നെയാണ് നമ്മുടെ വീടുകളിൽ നിറയുന്ന അലങ്കാര വസ്തുക്കളും. നേരിട്ട് ഒരു താൽപ്പര്യവും ഇല്ലെങ്കിൽ പോലും എല്ലാവരുടെയും വീട്ടിൽ കാണുന്ന കാര്യം എന്റെ വീട്ടിലും വേണമെന്ന് വാശി പിടിക്കുന്ന എത്രയോ പേരുണ്ട്. സത്യത്തിൽ അത് ഒരാൾക്ക് നൽകുന്നത് സന്തോഷമല്ല മറിച്ച് സമ്മർദ്ദമാണെന്ന് മിനിമൽ ലിവിംഗ് ജീവിത ശൈലിക്കാർ പറയുന്നു.
ഇത്തരത്തിൽ നമ്മുടെ ആവശ്യങ്ങളെ ശരിക്കും തിരിച്ചറിയാൻ ഒരു ദിവസം പത്ത് മിനുറ്റെങ്കിലും മാറ്റിവെച്ചാൽ ഈ ലോകത്ത് ആർക്കും സന്പന്നനാകാം എന്ന ഓർമ്മപ്പെടുത്തലോടെ...