വിരട്ടൽ ഇങ്ങോട്ടും വേണ്ട...
പ്രദീപ് പുറവങ്കര
“വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട” എന്ന വാചകം മലയാളത്തിലെ പ്രധാന മാസ് ഡയലോഗായി തുടങ്ങിയിട്ട് നാളുകൾ ഏറെയായിട്ടില്ല. സാധാരണ രീതിയിൽ വലിയ ഗുണ്ടാതലവന്‍മാരൊക്കെയാണ് ഇത്തരം പ്രഖ്യാപനങ്ങൾ നടത്താറുള്ളത്. കൈയ്യിൽ ഒരു മുട്ടുസൂചി പോലുമില്ലെങ്കിലും ആനയെ വരെ മലർത്തിയിടും എന്ന് തോന്നുന്ന തരത്തിൽ ഇത്തരം ഡയലോഗുകൾ പുറത്ത് വിട്ടാൽ അവർക്ക് ഇല്ലാത്ത വിശേഷണങ്ങൾ നൽകി സിംഹാസനങ്ങളിൽ ഇരുത്താനും പൊതു സമൂഹത്തിന് യാതൊരു മടിയുമില്ല. അങ്ങിനെയൊരു ധാരണയുടെ പുറത്ത് കേരളത്തിന്റെ മുഖ്യമന്ത്രി ആയ രാഷ്ടീയ നേതാവാണ് ശ്രീ. പിണറായി വിജയൻ. എന്നാൽ ഇന്ദ്രനും ചന്ദ്രനും പോലും എന്നെ തടയാനാവില്ല എന്ന് മംഗലാപുരത്ത് പറയാൻ ധൈര്യം കാണിച്ച അദ്ദേഹത്തിന് തന്റെ കീഴിൽ ജോലിയെടുക്കുന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ പോലും പേടിയാണോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ പൊലീസ് അസ്ഥാനത്ത് സമാധാനപരമായി പ്രതിഷേധം അറിയിക്കാനെത്തിയവരോട് ബെഹ്റയുടെ പൊലീസ് കാണിച്ച തോന്നിവാസവും അക്രമവും ന്യായീകരിക്കാൻ മുഖ്യമന്ത്രി കാണിക്കുന്ന ഉത്സാഹം സംശയം ജനിപ്പിക്കുന്നതാണ്. ആഭ്യന്തര വകുപ്പും അതിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയും ഈ അഴിഞ്ഞാട്ടത്തിന് മറുപടി പറയാൻ ബാദ്ധ്യസ്ഥരാണ്. കാരണം നമ്മൾ ഇപ്പോഴും ജീവിക്കുന്നത് ജനാധിപത്യ സമൂഹത്തിലാണ്.
ജിഷ്ണു പ്രണോയ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലുള്ള പൊലീസിന്റെ വിമുഖത ഇപ്പോഴും ദുരൂഹമാണ്. നെഹ്്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും അറസ്റ്റ് തടയുകയും ചെയ്തിരിക്കുന്നത് കൊണ്ട് അറസ്റ്റ് ചെയ്യാൻ കഴിയില്ല എന്ന കാര്യം മനസിലാക്കാം. ഇന്നലെ കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത് വെറും പ്രഹസനമാണെന്നും മനസിലാക്കാം. പക്ഷെ മുൻകൂർ ജാമ്യമില്ലാത്ത മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് എന്താണ് തടസം എന്ന് വ്യക്തമല്ല. രാഷ്ട്രീയ സമ്മർദ്ദങ്ങളാണെങ്കിൽ ആരൊക്കെയാണ് ഇതിന് പിന്നിൽ എന്നു സമൂഹം അറിയണം. ജിഷ്ണു കേസിൽ ശക്തമായ നടപടി എടുത്തു എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ അവകാശപ്പെട്ടത്. കേസ് നടപടികൾ അതിവേഗത്തിലാണ് നടക്കുന്നുണ്ടെന്നാണ് പിണറായി പറഞ്ഞത്. എന്നിട്ടും ജിഷ്ണുവിന്റെ മരണം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും ഒരു പ്രതി പോലും അറസ്റ്റ് ചെയ്യപ്പെടാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നില്ല. ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അടക്കമുള്ള എല്ലാവരെ കൊണ്ടും ഇത് പറയിക്കാനുള്ള ഉത്തരവാദിത്തം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുകയും മന്ത്രിസഭയെ നയിക്കുകയും ചെയ്യുന്ന പിണറായി വിജയനുണ്ട്.
അധികാരമേറ്റതിന്റെ പിറ്റേ ദിവസം തന്നെ ഈ മന്ത്രിസഭ പൊലീസിൽ വലിയ അഴിച്ച് പണി നടത്തിയിരുന്നു. ഇതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായത് എന്നൊരു പരിശോധന നടത്താനും മുഖ്യമന്ത്രി തയ്യാറാക്കേണ്ട നേരമാണിത്. അല്ലാതെ ഇടയ്ക്കിടെ വിരട്ടല്ലൊന്നും ഇങ്ങോട്ട് വേണ്ടാ എന്ന് പറഞ്ഞിരുന്നാൽ ഇരിക്കുന്ന കസേര പോകുന്നത് പോലും അറിയില്ല, തീർച്ച!