വലി­ച്ചി­ഴയ്ക്കരുത് വി­ശ്വാ­സത്തെ­...


പ്രദീപ് പുറവങ്കര 

ജീവിച്ചിരിക്കുന്പോൾ‍ തങ്ങൾ‍ പോറ്റി വളർ‍ത്തിയ മകനോ മകളോ മരണപ്പെടുന്നത് ഏതൊരു മനുഷ്യനെയും സംബന്ധിച്ച് സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തങ്ങളിൽ‍ ഒന്നാണ്. പ്രത്യേകിച്ച് പത്ത് മാസം നൊന്ത് പ്രസവിച്ച മാതൃഹൃദയത്തെ അത് വല്ലാതെ പി‍‍ടിച്ചുലയ്ക്കും. തങ്ങളുടെ മകൻ എഞ്ചിനീയറിങ്ങ് പഠിച്ച് വലിയവനാകണമെന്ന വലിയ പ്രതീക്ഷയിലും ആഗ്രഹത്തിലുമായിരിക്കണം 90 ദിവസം മുന്പ് വരെ ജിഷ്ണു പ്രണോയ് എന്ന 19 വയസുള്ള ചെറുപ്പക്കാരന്റെ അമ്മ മഹിജ കഴിഞ്ഞിരുന്നത്. അപ്രതീക്ഷിതമായി ആ മകൻ മരണപ്പെട്ടപ്പോൾ‍ ഒരമ്മയുടെ സ്വപ്നങ്ങളാണ് തച്ചുടക്കപ്പെട്ടത്. അന്നുമുതൽ‍ കാരണക്കാരായവരെ പിടിക്കൂടുവാൻ അവർ‍ പല തരത്തിലും ശ്രമിക്കുന്നത് കേരള സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഒരു ഭാഗമാണ് ഇന്ന് തിരുവനന്തപുരത്തെ പൂജപ്പുരയിലുള്ള ഡി.ജി.പി ഓഫീസിന് മുന്പിൽ‍ നടന്നത്. ഇവിടെ നടുറോഡിൽ‍ കുത്തിയിരുന്നു പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് വലിച്ചിഴച്ചു കൊണ്ടുപോവുന്ന വേദനപ്പിക്കുന്ന കാഴ്ചയാണ് നമ്മൾ‍ കണ്ടു കഴിഞ്ഞത്. പോലീസ് ആസ്ഥാനത്തേക്ക് മാർ‍ച്ച് നടത്തുന്നത് ഇത് ആദ്യമായല്ല. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയുമൊക്കെ അവിടേക്ക് മാർ‍ച്ച് നടത്തിയപ്പോൾ‍ ഇല്ലാത്ത എന്തു സുരക്ഷാപ്രശ്‌നമാണ് ഇപ്പോൾ‍ അവിടെയുള്ളതെന്ന് മനസിലാകുന്നില്ല. 

ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തെ തുടർ‍ന്ന് കേരളത്തിലെ സ്വാശ്രയ മേഖലയിൽ‍ സമര കൊടുങ്കാറ്റ് തന്നെയുണ്ടായിരുന്നു. തലസ്ഥാനത്തെ പ്രമുഖ കലാലയമായ ലോ അക്കാദമി സമരം പോലും ജിഷ്ണു പ്രണോയിയുടെ മരണം ഉണ്ടാക്കിയ പ്രതിഷേധത്തിൽ‍ നിന്നു ഉരുവം കൊണ്ടതാണ്. വിവിധ രാഷ്ട്രീയ പാർ‍ട്ടികൾ‍ തങ്ങളുടെ ആവശ്യത്തിന് അനുസരിച്ചു ഈ സമരങ്ങളെ ഉപയോഗിച്ചുവെങ്കിലും ജിഷ്ണു പഠിച്ച കോളേജിന്റെ ഉടമസ്ഥരുമായുള്ള ‘സ്നേഹ സൗഹൃദം’ ഭരണ പ്രതിപക്ഷങ്ങളെ ഒരുപോലെ നിശബ്ദരാക്കിയിരിക്കുന്നു എന്നുതന്നെ പൊതുസമൂഹം മനസിലാക്കേണ്ടിയിരിക്കുന്നു. യുവനടിയെ ആക്രമിച്ച കേസിൽ‍ പൾ‍സർ‍ സുനിയെയും കൂട്ടാളിയെയും കോടതിയിൽ‍ കയറി പിടികൂടിയ പോലീസിന് എന്തുകൊണ്ടാണ് ജിഷ്ണു കേസിലെ പ്രതികളെ ഇപ്പോഴും പിടികൂടാൻ സാധിക്കാത്തത് എന്നത് അത്ഭുതമുണ്ടാക്കുന്ന കാര്യമാണ്. 

മകൻ പോയതിന്റെ വേദന അടങ്ങുന്നതിന് മുന്‍പ് ജിഷ്ണുവിന്റെ അമ്മയ്ക്ക് ഇത്തരമൊരു സമരം ആരംഭിക്കേണ്ടി വന്നത് ഭരണസംവിധാനത്തിൽ‍ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടുതന്നെയാണ്. പെരുന്പാവൂരിലെ ഒരമ്മയുടെ പേര് പറഞ്ഞു അധികാരത്തിലേറിയ ഒരു സർ‍ക്കാർ‍ മറ്റൊരമ്മയുടെ ചോദ്യങ്ങൾ‍ക്ക് മുന്‍പിൽ‍ ഓരോ ദിവസവും ചൂളി നിൽ‍ക്കുന്പോഴെങ്കിലും പ്രതികളെ പിടികൂടുവാൻ പിണറായി സർ‍ക്കാർ‍ തയ്യാറാകുമോ എന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്. പൊതുസമൂഹത്തിന്റെ വികാരം മനസിലാക്കാനുള്ള ത്രാണി ഈ സർ‍ക്കാരിന് നഷ്ടമാകുന്നുണ്ടെന്ന തോന്നൽ‍ എല്ലായിടത്തും പരക്കുന്നുണ്ട്. ജനങ്ങളുടെ ആശങ്കകളെ മനസിലാക്കാനും അവയോട് സഹാനുഭൂതിയോടെ പ്രതികരിക്കാനും സാധിക്കുന്പോഴാണ് നല്ല ഭരണാധികാരികൾ‍ ഉണ്ടാകുന്നത്. അപ്പോഴാണ് ഈ സർ‍ക്കാർ‍ എന്റേത് കൂടിയാണെന്ന് ജനങ്ങൾ‍ക്ക് തന്നെ തോന്നുന്നത്. നിസഹായരായ മനുഷ്യരെ കേൾ‍ക്കാനും അവരുടെ രോഷങ്ങൾ‍ക്ക് മുന്പിൽ‍ ക്ഷമയോടെ നിൽ‍ക്കാനും ശേഷിയുള്ള മുഖ്യമന്ത്രിയാകും പിണറായി എന്ന വിശ്വസം തകർ‍ക്കുന്നത് വലിയ തെറ്റാകും എന്ന ഓർ‍മ്മപ്പെടുത്തലോടെ..

You might also like

  • Lulu Exchange
  • Straight Forward

Most Viewed