മയ്യഴി­യു­ടെ­ കെ­ട്ടി­റങ്ങു­ന്പോൾ...


പ്രദീപ് പുറവങ്കര 

കേരളത്തിന്റെ വടക്കൻ ജില്ലകളിൽ താമസിക്കുന്നവർ‍ക്ക് മാഹി എന്ന കേന്ദ്രഭരണ പ്രദേശം നൽകി വന്നിരുന്നത് വലിയ ഇളവുകളായിരുന്നു. അതിൽ തന്നെ നികുതി കുറവായതിനാൽ വിലക്കുറവിൽ ഇവിടെ മദ്യം സുലഭമായി ലഭിക്കുന്നത് മാഹിയ്ക്ക് പുറത്തു നിന്നുള്ളവരെ ധാരാളമായി ഇവിടേക്ക് ആകർ‍ഷിച്ചിരുന്നു. ഇതുകാരണം മാഹിയുടെ തെരുവുകൾ എന്നും മദ്യപന്മാരുടെ അഴിഞ്ഞാട്ടങ്ങളുടെ വേദിയായിരുന്നു ഇക്കാലം വരെയും. എന്നാൽ കഴിഞ്ഞ ദിവസം മുതൽ സ്ഥിതി മാറിയിരിക്കുകയാണ്. കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിൽ ഏറെ നാളായുള്ള ആവശ്യമാണ് സുപ്രീംകോടതി വിധിയോടെ നടന്നിരിക്കുന്നത്. മദ്യഷാപ്പുകൾക്ക് പേരുകേട്ട മാഹിയുടെ തെരുവുകൾ ഇന്ന് അടഞ്ഞു കിടക്കുന്ന മദ്യശാലകളുമായി ശാന്തമായിരുന്നു. ദേശീയ പാതയോരത്തെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന വിധി സുപ്രീംകോടതി ആവർ‍ത്തിച്ചതോടെ ഇവിടെ വരാറുണ്ടായിരുന്ന മദ്യപാനികളും അതുപോലെ മദ്യം കച്ചവടം ചെയ്തിരിക്കുന്നവരും ശരിക്കും പെട്ടിരിക്കുകയാണ്.

സുപ്രീംകോടതി വിധിയിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽ‍ക്കുകയാണ് മാഹിയിലെ മദ്യവിപണി. മദ്യത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന മാഹിയിൽ വിധി വരുന്നതോടെ 32 മദ്യശാലകൾ ആണ് പൂട്ടിയിരിക്കുന്നത്. മാഹിയിൽ ഒന്പതര ചതുരശ്ര കിലോമീറ്റ‍ർ വിസ്തൃതിയിൽ 62 മദ്യശാലകളാണ് ഉള്ളത്. ഇതിൽ പകുതിയിലേറെ ദേശീയ പാതയോരത്താണ് സ്ഥിതി ചെയ്യുന്നത്. ഇവയ്ക്കാണ് പൂട്ടു വീണിരിക്കുന്നത്. സുപ്രീംകോടതി നിർ‍ദേശിച്ച ദൂരപരിധിയിൽപ്പെടുന്ന രണ്ട് മദ്യശാലകൾ മാത്രമായിരിക്കും ഇനി മുതൽ മാഹി ടൗണിൽ ഉണ്ടാകുക. മാഹിയിലെ തെരുവോരത്തെ പതിവ് കാഴ്ചകളിൽ മദ്യപിച്ച് ലക്കുകെട്ട് റോഡിൽ വീഴുന്ന മദ്യപാനികളും അക്രമവാസന പ്രകടമാക്കുന്നവരുമെല്ലാം നിറഞ്ഞിരുന്നു. ഈ ഒരു ബുദ്ധിമുട്ടിൽ നിന്നും മാഹി മോചിതമാകുമെന്നാണ് മദ്യവിരുദ്ധർ കരുതുന്നത്.

ദിവസേന പതിനായിരക്കണക്കിനാളുകളാണ് ഈ വിധിക്ക് മുന്പ് മാഹിയിൽ ലഹരി തേടി എത്തിയിരുന്നത്. പ്രതിവർഷം ആയിരം ലോഡിലേറെ മദ്യം മാഹിയിലെത്തുന്നതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. ഇതിൽ പകുതിയിലേറെയും വിറ്റഴിക്കുന്നത് മാഹി ടൗണിലാണ്. റവന്യു വരുമാനം കുറയുമെന്നതിനാൽ മദ്യശാലകളുടെ ദൂരപരിധി പുതുച്ചേരി സർക്കാർ‍ കർ‍ശനമാക്കിയിരുന്നില്ല. അതിനാൽ തന്നെ മാഹിയിൽ വിദ്യാലയത്തിന്റെയും ആരാധനാലയത്തിന്റെയും സമീപത്ത് വരെ മിക്ക മദ്യഷാപ്പുകളും പ്രവർ‍ത്തിച്ചുവന്നു. അതേസമയം ടൗണിലെ മദ്യശാലകൾ അടയ്ക്കുന്നതോടെ ഉൾ‍പ്രദേശത്തെ മദ്യശാലകളിൽ തിരക്ക് വർ‍ദ്ധിക്കുമെന്ന ഭീതിയിലാണ് നാട്ടിന്‍പുറങ്ങളിൽ ഉള്ളവർ. ദേശീയപാതയിൽ നിന്ന് ബാറുകൾ മാറ്റി സ്ഥാപിക്കണമെന്ന വിധി ഏറെ ആശ്വാസമാണെങ്കിലും ഇവിടെ ജോലി ചെയ്തവരുടെ പുനരധിവാസത്തെ പറ്റി കൂടി സർക്കാരും ബഹുമാനപ്പെട്ട കോടതിയും ഗൗരവപരമായി ചിന്തിക്കുമെന്ന വിശ്വാസത്തോടെ...

You might also like

Most Viewed