ഒന്നിച്ച് നിന്ന് നേരിടാം...
പ്രദീപ് പുറവങ്കര
ബഹ്റൈനിലെ ജി.പി.സെഡ് കന്പനിയിൽ തൊഴിൽ പ്രശ്നം കാരണം ബുദ്ധിമുട്ടുന്നവരെ പറ്റി ഫോർ പി.എം ന്യൂസിൽ മുന്പ് വാർത്തകളും, അതിനെ പറ്റിയുള്ള കുറിപ്പുകളും കൊടുത്തിരുന്നത് പ്രിയ വായനക്കാർ ഓർക്കുന്നുണ്ടാകുമല്ലോ. ഇതേത്തുടർന്ന് പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ ഇവിടെയുള്ള തൊഴിലാളികൾക്ക് സഹായവുമായി ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഐ.സി.ആർ.എഫും അതുപോലെ ചില പ്രവാസി സംഘടനകളും മുന്നോട്ട് വന്നത് ഏറെ അഭിനന്ദനീയമാണ്. രണ്ടാഴ്ച കൂടി പട്ടിണിയില്ലാതെ മുന്നോട്ട് പോകാനുള്ള ഭക്ഷണ സാമഗ്രികളാണ് ഇവിടെ എത്തിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇപ്പോഴത്തെ സാന്പത്തിക പ്രതിസന്ധികൾ കണക്കിലെടുത്താൽ കൂടുതൽ ലേബർ ക്യാന്പുകളിൽ ഇത്തരം പ്രശ്നങ്ങൾ ഉടലെടുക്കാനുള്ള സാധ്യത ഏറെയാണ്.
അതുകൊണ്ട് തന്നെ മൊത്തം തൊഴിലാളികളുടെ ഇടയിൽ ഇന്ത്യൻ പ്രവാസികളുടെ എണ്ണക്കൂടുതൽ കാരണം ഇവിടെയുള്ള ഇന്ത്യൻ അസോസിയേഷനുകളും എംബസിയും കൂടുതൽ ജീവകാരുണ്യ രംഗത്ത് ഇടപെടേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളത്. ഭക്ഷണത്തിന്റെ ആവശ്യത്തിലേയ്ക്കായി ബഹ്റൈനിൽ വലിയ ഹൈപ്പർ മാർക്കറ്റുകൾ അടക്കം നടത്തുന്ന മലയാളികളെ സമീപിച്ചാൽ തന്നെ തീർച്ചയായും അവരും സഹായിക്കുമെന്നുറപ്പാണ്. അതോടൊപ്പം ഈ ഒരവസ്ഥയിൽ സ്വന്തമായി കെട്ടിടങ്ങൾ ഉള്ള കൂട്ടായ്മകൾക്ക് അവരുടെ ഇടങ്ങളിൽ അരിയുൾപ്പടെയുള്ള സാധനങ്ങൾ സൂക്ഷിക്കാനുള്ള സാഹചര്യമുണ്ടാക്കാൻ സാധിക്കുമെങ്കിൽ ആവശ്യക്കാർക്ക് ഒന്നോ രണ്ടോ ആഴ്ചകളുടെ ഇടവേളകളിൽ കൊണ്ടെത്തിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. നല്ല മനസുള്ളവർ തീർച്ചയായും ഇത്തരം ഇടങ്ങളിൽ സാധനങ്ങൾ എത്തിക്കുമെന്ന് തന്നെ കരുതാം. ഇത്തരമൊരു സംവിധാനത്തെ പറ്റി ഇന്ത്യക്കാരുടെ പേരിൽ അഭിമാനിക്കുന്ന എല്ലാ കൂട്ടായ്മകളും പങ്കുചേരേണ്ടതുണ്ട്. ഗാനമേളയും, കലാപരിപാടിയും നടത്തുന്നതിനോടൊപ്പം ഇത്തരം ചില നല്ല കാര്യങ്ങളും ചെയ്താൽ കൂട്ടായ്മകളുടെ ആവശ്യകതയെ പറ്റി പൊതുസമൂഹം ബോധവാന്മാരാകും എന്നുറപ്പാണ്.
ഭക്ഷണ പ്രശ്നത്തിന് ഇങ്ങിനെ പരിഹാരം കണ്ടെത്താൻ പറ്റുമെങ്കിലും നിയമപരമായ സഹായങ്ങൾ ഉൾപ്പടെയുള്ള സൗകര്യങ്ങൾ എങ്ങിനെയാണ് ഇവരിലേക്കെത്തിക്കുക എന്നു കൂടി ഇന്ത്യൻ സമൂഹം ചിന്തിക്കേണ്ടതുണ്ട്. പലർക്കും വിദ്യാഭ്യാസത്തിന്റെ കുറവുള്ളത് കൊണ്ട് തന്നെ നഷ്ടപരിഹാരം ലഭിക്കേണ്ടത് എങ്ങിനെയാണെന്ന് വരെ അറിയാനുള്ള സാധ്യത കുറവാണ്. ഇവിടെ ഇന്ത്യൻ എംബസിയുടെ തീവ്രമായ ഇടപെടൽ നടക്കുമെന്ന് തന്നെ കരുതാം. ബഹ്റൈിനിലെ തൊഴിൽ രംഗത്തെ പ്രശ്നങ്ങളെ പരിഹരിക്കാൻ സജീവമായി ഇടപെടുന്ന നിയമ വിദഗ്ധരുടെ ഒരു പാനൽ തയ്യാറാക്കുവാനും അവരുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഉചിതമായ സഹായങ്ങൾ ചെയ്യാനും എംബസി മുൻകൈയെടുക്കുമെന്ന് വിശ്വസിക്കുന്നു. ഇതോടൊപ്പം സാന്പത്തിക പ്രയാസങ്ങൾ അലട്ടുന്ന സാധാരണക്കാരനായ തൊഴിലാളികൾക്ക് വേണ്ട മാനസികമായ ഒരു ധൈര്യവും നൽകേണ്ടതുണ്ട്. ബഹ്റൈറിനിൽ കൗൺസിലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന നിരവധി നല്ല മനസുള്ളവരുണ്ട്. അവരെയും ഒന്നിച്ച് ചേർത്തുനിർത്തി കൊണ്ട് ജോലി നഷ്ടപ്പെട്ടു പോകുന്നവരെ സഹായിക്കാനുള്ള നടപടികൾ എടുക്കുമെന്ന പ്രതീക്ഷയോടെ...