അവരും നമ്മളെ പോലെയാണ്...


ന്ന് ലോക ഓട്ടിസം അവബോധ ദിനമാണ്. ഓട്ടിസം പോലെ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ‍ നേരിടുന്നവർ‍ക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമാണെന്ന സന്ദേശമുയർ‍ത്തിയാണ് 2007ൽ‍ ഐക്യരാഷ്ട്ര സഭ ഏപ്രിൽ‍ രണ്ട് ലോക ഓട്ടിസം അവബോധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. സ്വയം എന്നർ‍ഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തിൽ‍നിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ലിയോ കാനർ‍ എന്ന മനോരോഗ വിദഗ്ദ്ധനാണ് 1943ൽ‍ ഈ പദം ആദ്യമായി ഉപയോഗിച്ചത്. ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. സാധാരണ കുട്ടികളുടേതിൽ‍നിന്നും വ്യത്യസ്തമായി ചില കുട്ടികളിൽ‍ തലച്ചോറിന്റെ ജൈവഘടന അസാധാരണമായിരിക്കുന്ന അവസ്ഥയാണ് ഓട്ടിസം. 

ആശയവിനിമയത്തിലും പെരുമാറ്റരീതികളിലും ഓട്ടിസം ബാധിച്ചവർ‍ മറ്റുള്ളവരിൽ‍ നിന്ന് തികച്ചും വ്യത്യസ്തരായിരിക്കും. സംഗീതവുമായി ബന്ധപ്പെട്ട് കാണിക്കുന്ന അസാമാന്യ ഓർമ്മ ശക്തി, കളിപ്പാട്ടങ്ങൾ നേർരേഖയിലും മറ്റും ചേർത്തു വെയ്ക്കാനുള്ള പ്രവണത, കറങ്ങുന്ന വസ്തുകളോടുള്ള അമിത താൽപ്പര്യം, ചോദിക്കുന്ന ചോദ്യങ്ങൾ ആവർത്തിക്കുന്ന സ്വഭാവം ഇതൊക്കെയാണ് ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ‍. ഓട്ടിസത്തെക്കുറിച്ച് കൂടുതൽ‍ പഠിക്കാനും ഫലപ്രദമായ ചികിത്സകൾ‍ ആവിഷ്ക്കരിക്കുവാനുമുള്ള ശ്രമങ്ങൾ‍ ലോകമെന്പാടും നടന്നുവരുന്നുണ്ട്. ഭക്ഷണ ശീലത്തിൽ‍ അടിസ്ഥാനപരമായ വ്യത്യാസം വരുത്തുക, കുറവുള്ള വിറ്റാമിനുകളും മറ്റു പോഷകങ്ങളും കൃത്രിമമായി നൽകുക തുടങ്ങിയവയും സ്പീച്ച് തെറാപ്പി, പ്രത്യേക ബോധനരീതികൾ‍, സ്വഭാവരൂപീകരണത്തിനുതകുന്ന പരിശീലനങ്ങൾ‍ എന്നിവയുമാണ് വ്യാപകമായി പ്രചാരത്തിലുള്ള ചികിത്സാരീതികൾ‍. 

കാലം മാറി വരുന്പോൾ‍ ഈ ഒരവസ്ഥയെ പറ്റി കൂടുതൽ‍ മനസിലാക്കാനും തിരിച്ചറിയാനും സമൂഹത്തിന് മുന്പത്തേക്കാൾ‍ ഏറെ സാധിക്കുന്നുണ്ട്. സഹതാപമല്ല മറിച്ച് സ്നേഹം നിറഞ്ഞ പരിഗണനയാണ് ഓട്ടിസം ബാധിച്ചവർ‍ക്ക് വേണ്ടത്. ബഹ്റൈനിൽ‍ ഓട്ടിസ്റ്റിക്കായ കുട്ടികൾ‍ക്ക് വേണ്ടി ഇന്ത്യൻ ലേഡീസ് അസോസിയേഷൻ നടത്തുന്ന ‘സ്നേഹ’ എന്ന കേന്ദ്രം ഏറെ ശ്രദ്ധേയമായ പ്രവർ‍ത്തനങ്ങളാണ് നടത്തിവരുന്നത്. 18ഓളം കുട്ടികൾ‍ ഇവിടെ എത്തുന്നു. അവർ‍ക്കൊപ്പം പാട്ടുപാടാനും, കളിക്കാനും സന്മനസ് കാണിച്ച് സ്നേഹയുടെ വോളന്റീയർ‍മാർ‍ കൂടെ നിൽ‍ക്കുന്നു. ഇന്ന് ഫോർ‍ പി.എമ്മിലെ ജീവനക്കാരും, അതു പോലെ കുട്ടിത്തം ക്ലബ്ബിന്റെ ഭാരവാഹികളും ചേർ‍ന്ന് സ്നേഹയിൽ‍ പോവുകയുണ്ടായി. അവിടെയുള്ളവർ‍ക്കൊപ്പം അൽ‍പ്പനേരം ചിലവഴിച്ചത് ഈ ദിനത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നുവെന്ന സാക്ഷ്യപ്പെടുത്തലോടെ...

You might also like

  • Lulu Exchange
  • Straight Forward

Most Viewed